ഇന്ത്യന്‍ ടീമില്‍ അടിതുടങ്ങി, പൂജാരയ്ക്കായി ഗംഭീറിന്റെ 'സമരം', ഇടക്കാല ക്യാപ്റ്റന്‍സി മോഹിച്ച് സീനിയര്‍ താരം
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. പരമ്പരയിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ടീം മാനേജ്മെന്റും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിന്റെ മോശം പ്രകടനത്തില്‍ ഗംഭീര്‍ നിരാശനാണ്.
വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാരയെ ടീമിലേക്ക് തിരിച്ചെത്തണം എന്നാണ് ഗംഭീറിന്റെ നിലപാട്. എന്നാല്‍ സെലക്ടര്‍മാര്‍ ഈ ആവശ്യം ഓരോ തവണയും നിരാകരിക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ 2023 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുതല്‍ ദേശീയ ടീമില്‍ നിന്ന് പുറത്താണ് പൂജാര. ടെസ്റ്റ് ക്രിക്കറ്റില്‍ വളരെ കാലമായി ഇന്ത്യയുടെ നെടുംതൂണാണ് പൂജാര.

രണ്ടാം വന്‍മതില്‍ എന്നറിയപ്പെടുന്ന പൂജാരയ്ക്ക് 2023 ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മികച്ച പ്രകടനം (14,27) നടത്താന്‍ സാധിച്ചിരുന്നില്ല. എങ്കിലും ഓസ്ട്രേലിയയിലെ അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള റെക്കോര്‍ഡ് ഗംഭീരമാണ്. ഓസീസ് മണ്ണില്‍ കളിച്ച 11 ടെസ്റ്റുകളില്‍ നിന്ന് 47.28 എന്ന മികച്ച ശരാശരിയില്‍ 993 റണ്‍സ് ആണ് ചേതേശ്വര്‍ പൂജാര നേടിയിരിക്കുന്നത്. ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ ഓസീസ് മണ്ണില്‍ തകര്‍ന്നടിഞ്ഞത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
ഇതിനാലാണ് പൂജാരയ്ക്കായി മുറവിളി ഉയരുന്നത്. ഓസ്ട്രേലിയയില്‍ പൂജാരയുടെ മുന്‍കാല പ്രകടനങ്ങളും ശ്രദ്ധേയമാണ്. 2018-19 പരമ്പരയില്‍ 521 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ പൂജാര നിര്‍ണായക പങ്ക് വഹിച്ചു. ക്രീസിലെ അദ്ദേഹത്തിന്റെ പ്രതിരോധം എതിര്‍ ടീമിലെ കളിക്കാരുടെ വരെ പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്.
അതേസമയം പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തിനു ശേഷവും പൂജാരയെ ടീമില്‍ ഉള്‍പ്പെടുത്തണം എന്ന് ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. താരത്തിന്റെ അനുഭവവും സ്ഥിരതയും ടീമിന് മുതല്‍ക്കൂട്ടാകും എന്നാണ് ഗംഭീറിന്റെ വിലയിരുത്തല്‍. മെല്‍ബണില്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരായ നിരാശാജനകമായ തോല്‍വിക്ക് ശേഷം ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തെക്കുറിച്ച് ഗംഭീര്‍ കര്‍ശനമായ വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്.
രോഹിതിന്റെ ക്യാപ്റ്റന്‍സിയും കയ്യാലപ്പുറത്താണ്. സിഡ്‌നി ടെസ്റ്റിന് ശേഷം രോഹിത് വിരമിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ യുവതാരങ്ങള്‍ നേതൃത്വ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായിരിക്കില്ല എന്ന വിശ്വാസത്തില്‍ പേര് വെളിപ്പെടുത്താത്ത ഒരു മുതിര്‍ന്ന താരം ഇടക്കാല ക്യാപ്റ്റനായി ചുമതലയേല്‍ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications