മുഗള്‍ സാമ്രാജ്യം പടിക്ക് പുറത്ത്; 12ാം ക്ലാസ് ഹിസ്റ്ററി പുസ്തകത്തില്‍ തിരുത്തലുകള്‍
ദില്ലി: എന്‍ സി ഇ ആര്‍ ടിയുടെ 12ാം ക്ലാസ് ഹിസ്റ്ററി പാഠ പുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യവുമായി ബന്ധപ്പെട്ട ഭാഗം ഒഴിവാക്കി. ഇനി വരുന്ന അധ്യയന വര്‍ഷത്തേക്കുള്ള പരിഷ്‌കരിച്ച പാഠ്യപദ്ധതിയിലാണ് ഇതുള്‍പ്പടെയുള്ള മാറ്റങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 12ാം ക്ലാസിലെ തീംസ് ഓഫ് ഹിസ്റ്ററി പാര്‍ട്ട് ടു പുസ്തകത്തിലെ കിംഗ്‌സ് ആന്‍ഡ് ക്രോണിക്കിള്‍സ്, ദ് മുഗള്‍ കോര്‍ട്ട് എന്ന അധ്യയമാണ് ഒഴിവാക്കിയത്.
ഇതുകൂടാതെ ഹിന്ദി പാഠപുസ്തകത്തില്‍ നിന്ന് ഏതാനും കവിതകളും ഒഴിവാക്കിയിട്ടുണ്ട്. 12ാം ക്ലാസിലെ സിവിക്‌സ് പുസ്തകവും പരിഷ്‌കരിച്ചിട്ടുണ്ട്. 'അമേരിക്കന്‍ മേധാവിത്വം ലോക രാഷ്ട്രീയത്തില്‍', 'ശീതയുദ്ധ കാലഘട്ടം' എന്നീ രണ്ട് അധ്യായങ്ങളാണ് പുസ്തകത്തില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നത്.

12ാം ക്ലാസിലെ 'ഇന്ത്യന്‍ പൊളിറ്റിക്‌സ് ആഫ്റ്റര്‍ ഇന്‍ഡിപെന്‍ഡന്‍സ്' എന്ന പാഠപുസ്തകത്തില്‍ നിന്ന് 'ജനകീയ പ്രസ്ഥാനങ്ങളുടെ ഉദയം', 'ഒരു പാര്‍ട്ടി ആധിപത്യത്തിന്റെ യുഗം' എന്നീ രണ്ട് അധ്യായങ്ങളും നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ 10, 11 ക്ലാസിലെ പുസ്തകങ്ങളിലും മാറ്റങ്ങളുണ്ട്. പത്താം ക്ലാസിലെ ഡെമോക്രാറ്റിക്ക് പൊളിറ്റിക്‌സ് 2 പുസ്തകത്തിലെ ഡെമോക്രസി ആന്‍ഡ് ഡൈവേഴ്‌സിറ്റി, പോപ്പുലര്‍ സ്ട്രഗിള്‍സ് ആന്‍ഡ് മൂവ്‌മെന്റ്, ചാലഞ്ചസ് ഓഫ് ഡെമോക്രസി എന്നീ അധ്യായങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
11ാം ക്ലാസിലെ തീംസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി പുസ്തകത്തിലെ സെന്‍ട്രല്‍ ഇസ്ലാമിക് ലാന്‍ഡ്‌സ്, ക്ലാഷ് ഓഫ് കള്‍ച്ചേഴ്‌സ്, ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ എന്നീ ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും പാഠ്യപദ്ധതി പരിഷ്‌കരിക്കാറുണ്ടെന്നും അതിന്റെ ഭാഗമായാണ് പലഭാഗങ്ങളും ഒഴിവാക്കിയതെന്നുമാണ് എന്‍ സി ഇ ആര്‍ ടി നല്‍കുന്ന വിശദീകരണം.
അതേസമയം , മുഗളന്മാരെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഒഴിവാക്കിയിട്ടില്ലെന്ന് എന്‍ സി ഇ ആര്‍ ടി ഡയറക്ടര്‍ ദിനേശ് പ്രസാദ് സക്ലാനി പറഞ്ഞു. ഇപ്പോഴുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അധ്യായം ഒഴിവാക്കിയതുകൊണ്ട് കുട്ടികളുടെ അറിവിനെ ബാധിക്കില്ലെന്നും അനാവശ്യമായ ഒരു ഭാരം ഒഴിവാക്കാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു .












Click it and Unblock the Notifications