കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മാവോയിസ്റ്റുകള്‍ ശക്തമാകും; ഛത്തീസ്ഗഡിലും സമാനമെന്ന് മോദി
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ആദ്യ ദിനം വോട്ടെടുപ്പ് നടക്കുന്നതിനിടെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി. കോണ്‍ഗ്രസ് ഛത്തീസ്ഗഡിലെ മാവോയിസറ്റ് ഭീഷണി ഇല്ലാതാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് എപ്പോഴൊക്കെ അധികാരത്തില്‍ വന്നിട്ടുണ്ടോ, അപ്പോഴെല്ലാം തീവ്രവാദികളും, മാവോയിസ്റ്റുകളും രാജ്യത്ത് ശക്തമായ സാന്നിധ്യമായി മാറിയിട്ടുണ്ട്.
നക്‌സല്‍ അക്രമങ്ങളെ ഇല്ലാതാക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. നിരവധി ബിജെപി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടുവെന്നും മോദി ആരോപിച്ചു. ജനങ്ങളുടെ സേവകനാണ് ഞാന്‍. അവരെ സേവിക്കാനാണ് ഞാന്‍ ജനിച്ചത്. ആദിവാസി സമൂഹത്തിന്റെ ക്ഷേമ പ്രവര്‍ത്തനത്തിനാണ് ബിജെപി മുന്‍ഗണന നല്‍കുന്നത്. ആദിവാസി സമൂഹത്തില്‍ നിന്ന് വരുന്ന ഒരു സ്ത്രീ ഇന്ത്യയുടെ രാഷ്ട്രപതിയാകുമെന്ന് ആരെങ്കിലും കരുതിയിരുന്നുവോ എന്നും മോദി ചോദിച്ചു.

കോണ്‍ഗ്രസിന്റെ പ്രീണന നയം കാരണം ആദിവാസി കുടുംബങ്ങളിലെ നിരവധി പെണ്‍കുട്ടികളെയാണ് കാണാതായത്. സുര്‍ഗുജയില്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നത് പോലും ദുഷ്‌കരമായ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം ഛത്തീസ്ഗഡില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മാവോയിസ്റ്റുകള്‍ സ്‌ഫോടനം നടത്തി. സുഖ്മയിലെ തൊണ്ടാമര്‍ക്ക മേഖലയിലാണ് സ്‌ഫോടനം നടന്നത്. സിആര്‍പിഎഫ് സൈനികന് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്.
തൊണ്ടമര്‍ക്ക മാവോയിസ്റ്റുകളുടെ സാന്നിധ്യം ശക്തമായിട്ടുള്ള മേഖലയാണ്. തെരഞ്ഞെടുപ്പ് സുരക്ഷിതമാക്കുന്നതിന് തൊണ്ടമര്‍ക്ക ക്യാമ്പ് മുതല്‍ എല്‍മഗുണ്ട ഗ്രാമം വരെ സൈനികര്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് സ്‌ഫോടനം നടന്നത്. ഈ മേഖല കോണ്ഡ മണ്ഡലത്തിന്റെ ഭാഗമാണ്. 20 സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ പന്ത്രണ്ട് സീറ്റ് ആദിവാസി സംവരണ മണ്ഡലങ്ങളാണ്.
അതേസമയം ഒരു മണി വരെ 44.55 ശതമാനം പോളിംഗാണ് ഛത്തീസ്ഗഡില്‍ രേഖപ്പെടുത്തിയത്. പോളിംഗ് സംസ്ഥാനത്ത് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇഡിയെ പരിഹസിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ രംഗത്തെത്തി. ഇഡിക്ക് ഇനി ചെറിയൊരു ഇടവേളയെടുക്കാം. പ്രത്യേകിച്ച് നവംബര്‍ പതിനേഴിന് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ആ ഇടവേളയാവാം. അവര്‍ക്കും ഒരു കുടുംബമുണ്ടല്ലോ? ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അവര്‍ക്ക് വീണ്ടും തിരിച്ചുവരാമെന്നും ബാഗല്‍ പരിഹസിച്ചു.
ഇതിനിടെ നക്‌സലുകള്‍ സുരക്ഷാ സംഘത്തിന് നേരെ വെടിയുതിര്‍ത്തതായി സുഖ്മ പോലീസ് പറഞ്ഞു. ബാന്ധയ്ക്ക് സമീപമുള്ള സ്റ്റേഷനില്‍ വെച്ചായിരുന്നു ആക്രമണം. സുരക്ഷാ സേന തിരിച്ചടിച്ചെന്നും, പത്ത് മിനുട്ടിന് ശേഷം നക്‌സലുകള്‍ പിന്‍വാങ്ങിയെന്നും പോലീസ് പറഞ്ഞു. എല്ലാ സൈനികരും സുരക്ഷിതരമാണ്. പോളിംഗ് സുഗമമായി മുന്നോട്ട് പോകുന്നുവെന്നും പോലീസ് വ്യക്തമാക്കി.












Click it and Unblock the Notifications