മഹാദേവ് ആപ്പ് പ്രൊമോട്ടർമാർ ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് 508 കോടി നൽകിയോ? വെളിപ്പെടുത്തലുമായി ഇ ഡി
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ ഗുരുതരമായ ആരോപണവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഭൂപേഷ് ബാഗലിന് മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രൊമോട്ടർമാർ 508 കോടി രൂപ നൽകിയതായാണ് ഇ ഡി പറയുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാദേവ് ആപ്പിന്റെ ഉടമകൾക്കെതിരെ ഇ ഡി അന്വേഷണം നടക്കുകയാണ്. ഇതിനിടെയാണ് ഇത്തരം ഒരു ആരോപണം വന്നത്. സംസ്ഥാനത്ത് നിന്ന് 5.39 കോടി രൂപ കണ്ടെടുത്തതിന് പിന്നാലെയാണ് അറസ്റ്റിലായ അസിം ദാസ് എന്നയാളെ ചോദ്യം ചെയ്യുന്നതിനിടെ ഭൂപേഷ് ബാഗലിന് പണം നൽകിയ വിവരം ലഭിച്ചതെന്ന് ഇ ഡി ഉദ്യോഗസ്ഥർ പറഞ്ഞു.

"വ്യാഴാഴ്‌ച, ഏജൻസി ഹോട്ടൽ ട്രൈറ്റണിലും ഭിലായിലെ മറ്റൊരു സ്ഥലത്തും തിരച്ചിൽ നടത്തുകയും ഒരു ക്യാഷ് കൊറിയർ വിജയകരമായി തടയുകയും ചെയ്തു. ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചെലവുകൾക്കായി വലിയ തുക നൽകുന്നതിനായി യു എ ഇയിൽ നിന്ന് വന്നതാണ് അസിം ദാസ്, "എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു.
ദാസിന്റെ കാറിൽ നിന്നും വസതിയിൽ നിന്നും 5.39 കോടി രൂപ കണ്ടെടുത്തതായും യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാരാണ് ഛത്തീസ്ഗഡ് സംസ്ഥാനത്ത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ചെലവുകൾക്ക് പണം രാഷ്ട്രീയക്കാരനായ 'ബാഗലിന്' കൈമാറാൻ ഏർപ്പാടാക്കിയതെന്നും അദ്ദേഹം സമ്മതിച്ചതായും ഇ ഡി പറഞ്ഞു". വാതുവെപ്പ് ആപ്പുമായി ബന്ധിപ്പിച്ചിട്ടുള്ള ചില ബിനാമി ബാങ്ക് അക്കൗണ്ടുകളും കണ്ടെത്തി അവയിലെ 15.59 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്.
ദാസിനെ അറസ്റ്റുചെയ്തു, ചോദ്യം ചെയ്യലിൽ നിന്നും ഫോണിന്റെ ഫോറൻസിക് പരിശോധനയിൽ നിന്നും കണ്ടെടുത്തതിൽ നിന്നും, ശുഭം സോണി (മഹാദേവ് നെറ്റ്‌വർക്കിലെ ഉയർന്ന റാങ്കിലുള്ള പ്രതി) അയച്ച ഇമെയിലിന്റെ പരിശോധനയിൽ നിന്നും "പതിവ് പണമിടപാട് നടത്തിയിട്ടുണ്ടെന്ന് വെളിപ്പെട്ടു. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ആപ്പ് പ്രൊമോട്ടർമാർ ഇതുവരെ 508 കോടി രൂപ നൽകിയിട്ടുണ്ട് എന്നാണ് പറയുന്നത്.
പോലീസ് കോൺസ്റ്റബിൾ ഭീം യാദവിനെ ഇഡി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 3 വർഷത്തിനിടെ യാദവ് ദുബായിലേക്ക് "അനധികൃതമായി" പോയി മഹാദേവ് ആപ്പ് പ്രൊമോട്ടർമാരായ രവി ഉപ്പൽ, സൗരഭ് ചന്ദ്രകർ എന്നിവരെ കണ്ടതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ഏജൻസി പറഞ്ഞു.












Click it and Unblock the Notifications