ബാഗേലിന്റെ പരിഹാസത്തിന് മറുപടിയോ? കോൺഗ്രസിനെ പരിഹസിച്ച് ബി ജെ പി നേതാവ് ബ്രിജ്മോഹൻ
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ ആര് ജയിക്കും എന്ന കാര്യം അറിയാൻ ഇനി കുറച്ച് ദിവസങ്ങൾ കൂടി കാത്തിരുന്നാൽ മതി. കോൺഗ്രസും ബി ജെ പിയും തമ്മിലാണ് കടുത്ത പോരാട്ടം നടന്നത്. അതുകൊണ്ട് തന്നെ രണ്ട് പാർട്ടികളും വിജയ പ്രതീക്ഷയിലുമാണ്. ബി ജെ പി കോൺഗ്രസിനെ പുറത്താക്കി അധികാരം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ്. കോൺഗ്രസ് ആണെങ്കിൽ ഭരണം തുടരാൻ പറ്റുമെന്ന പ്രതീക്ഷയിലാണ്.
ഇപ്പോൾ കോൺഗ്രസിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് റായ്പൂർ സിറ്റി സൗത്ത് അസംബ്ലി മണ്ഡലത്തിൽ നിന്ന് ഏഴ് തവണ എം എൽ എയായ ബ്രിജ്മോഹൻ അഗർവാൾ. പൊതുജനങ്ങൾ കോൺഗ്രസിന് അവസരം നൽകുമെന്നാണ് കോൺഗ്രസ് കരുതിയതെങ്കിലും പൊതുജനങ്ങൾക്ക് ഇപ്പോൾ തങ്ങൾ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും അദ്ദേഹം പറയുന്നു. ബി ജെ പി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഛത്തീസ്ഗഡിൽ 55 സീറ്റുകൾ ലഭിക്കുമെന്നാണ് ബി ജെ പി നേതാവും മുൻ മുഖ്യമന്ത്രിയുമായ രമൺ സിംഗ് പറഞ്ഞത്. എന്നാൽ, രമൺ സിംഗിന്റെ അവകാശ വാദത്തെ പരിഹസിച്ച് കൊണ്ട് കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗേൽ രംഗത്തെത്തിയിരുന്നു.
രമൺ സിംഗിന്റെ ജനപ്രീതി അതിന്റെ പാരമ്യത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന് 52 സീറ്റുകൾ നേടാൻ കഴിഞ്ഞില്ല ഇപ്പോൾ എങ്ങനെ 55 സീറ്റ് നേടാൻ കഴിയുമെന്നാണ് മുഖ്യമന്ത്രി ബാഗേൽ പറഞ്ഞത്.
ബി ജെ പി പ്രവർത്തകരുടെ ആത്മവീര്യം വർദ്ധിപ്പിക്കാൻ വേണ്ടി മാത്രമാണ് രമൺ സിംഗ് ഇങ്ങനെ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫലം വരുമ്പോൾ എല്ലാവർക്കും അറിയാം 15 കടക്കുമോ എന്നും ബാഗേൽ പറഞ്ഞിരുന്നു. 90 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
2018 ൽ 90 സീറ്റുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 68 സീറ്റുകളിൽ കോൺഗ്രസി വിജയിച്ചിരുന്നു. ഉപ തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന്റെ സീറ്റ് കൂടി. നിലവിൽ 71 സീറ്റുകളാണ് പാർട്ടിക്കുള്ളത്, ഇത്തവണ കൂടുതൽ സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേൾ നിയമസഭാ സ്പീക്കർ ചരന്ദാസ് മഹന്ത് ഉപമുഖ്യമന്ത്രി ടി എസ് സിംഗ് ദിയോ, താംരധ്വജ് സാഹു, എന്നിവരെ സംബന്ധിച്ച് ഈ തിരഞ്ഞടുപ്പ് നിർണായകമാണ്. അതേസമയം വീണ്ടും സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് സജ്ജമായി. ആരായിരിക്കും മുഖ്യമന്ത്രി ആവുക എന്ന് ചർച്ച വരെ തുടങ്ങിയിരിക്കുകയാണെന്നാണ് വിവരം












Click it and Unblock the Notifications