'ബിജെപി ജയിച്ചാൽ ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം നിരോധിക്കും': രാജ്നാഥ് സിംഗ്
ന്യൂഡൽഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ കയറിയാൽ ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം നിരോധിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഛത്തീസ്ഗഢിൽ വ്യാപകമായ മതപരിവർത്തനം നടക്കുന്നുണ്ടെന്ന് താൻ മനസ്സിലാക്കി.
അത് ആശങ്കാജനകമാണ്. എന്തിന് ആരെയെങ്കിലും പ്രലോഭിപ്പിച്ച് മതപരിവർത്തനം ചെയ്യണം? ബി ജെ പി അധികാരത്തിൽ വന്നാൽ ഇത്തരം മതപരിവർത്തനം നിരോധിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ സീതാപൂർ മണ്ഡലത്തിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിനേയും അദ്ദേഹം വിമർശിച്ചു. അവരുടെ ഭരണത്തിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും ആരോപിച്ചു.
കൊലപാതകം പോലുള്ള കുറ്റകൃത്യങ്ങൾ ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു. നിരവധി കുടുംബങ്ങളിലെ പെൺമക്കളെ കാണാതായത് വലിയ വെല്ലുവിളിയാണ്. മനുഷ്യക്കടത്തും മയക്കുമരുന്ന് കച്ചവടവും വർധിച്ചുവരികയാണ്. സംസ്ഥാനത്ത് നിന്ന് കോൺഗ്രസിനെ വേരൊടെ പിഴുതെറിയേണ്ടത് അനിവാര്യമായിരിക്കുന്നു, അദ്ദഹേം പറഞ്ഞു.
സംസ്ഥാനത്ത് ബി ജെ പി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ അടുത്ത മുന്നോ നാലോ വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ഇടതുപക്ഷ തീവ്രവാദം (എൽ ഡബ്ല്യു ഇ) ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2003 - 2018 കാലഘട്ടത്തിൽ ഛത്തീസ്ഗഢിലെ ബി ജെ പി ഭരണകാലത്ത് ഇടതുപക്ഷ തീവ്രവാദം വലിയ തോതിൽ നിയന്ത്രണം വിധേയമാക്കിയതായി അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ അത് അതിവേഗം ഉയരുകയാണ് ( കോൺഗ്രസ് ഭരണത്തിൽ). സംസ്ഥാനത്ത് ബി ജെ പി അധികാരത്തിലേക്ക് എത്തിയാൽ അടുത്ത 3 -4 വർഷത്തിനുള്ളിൽ എൽ ഡബ്ല്യു ഇ ഇല്ലാതാകുമെന്നും അദ്ദേഹം പറയുന്നു. സംസ്ഥാനത്ത് കോൺഗ്രസ് വികസന പദ്ധതികളൊന്നും കൊണ്ടുവന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാരിന്റെ റിപ്പോർട്ട് കാർഡ് ജനങ്ങളിൽ നിന്ന് തേടുകയാണെങ്കിൽ, അതിൽ പൂജ്യം ആയിരിക്കും രേഖപ്പെടുത്തുക, അദ്ദേഹം പറഞ്ഞു.
നല്ല സർക്കാർ നൽകുന്നതിൽ അവർ പൂജ്യമാണ്. വികസം ചെയ്യുന്നതിലും പൂജ്യം, അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡിൽ ആകെയുള്ള 90 നിയമസഭാ സീറ്റുകളിൽ 20 എണ്ണത്തിലേക്കാണ് ചൊവ്വാഴ്ച ആദ്യ ഘട്ട വോട്ടെടുപ്പ് നടന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ ബാക്കി 70 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 17 ന് നടക്കും












Click it and Unblock the Notifications