കുട്ടികളുണ്ടാവാൻ ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങി; 35കാരൻ മരിച്ചു
റായ്പൂർ: ഛത്തീസ്ഗഡിലെ അംബികാപൂർ ജില്ലയിൽ ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവ് മരിച്ചു. ദാരിമ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിന്ദ്കലോ ഗ്രാമത്തിലാണ് സംഭവം. മരിച്ച ആനന്ദ് യാദവ് കുളിച്ചതിന് പിന്നാലെ കുഴഞ്ഞ് വീഴുകയും ബോധം നഷ്ടമാവുകയും ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു. ഉടൻ തന്നെ ആനന്ദിനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിടെയെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പോസ്റ്റ് മോർട്ടത്തിലാണ് മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തിയത്. യുവാവിന്റെ തൊണ്ടയിൽ 20 സെന്റിമീറ്റർ നീളമുള്ള കോഴിക്കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കോഴിക്കുഞ്ഞ് ശ്വാസനാളത്തിൽ കുടുങ്ങുകയായിരുന്നു. ആദ്യമായാണ് ഇത്തരത്തിൽ ഒരു കേസ് താൻ കാണുന്നതെന്ന് പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞു.

മന്ത്രവാദത്തിന്റെ ഭാഗമായിട്ടാണ് ആനന്ദ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയതാണെന്നാണ് ഗ്രാമീണർ പറയുന്നത്. വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ആനന്ദിന് കുട്ടികൾ ഉണ്ടായിരുന്നില്ല. കുട്ടികളുണ്ടാവാൻ വേണ്ടി മന്ത്രവാദം ചെയ്തതിന്റെ ഭാഗമായാണ് കോഴിക്കുഞ്ഞിനെ വിഴങ്ങിയത് എന്നാണ് പറയുന്നത്. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications