മോദിയുടെ ഓപ്ഷനെ വെട്ടി ചീഫ് ജസ്റ്റിസ്, സിബിഐ ഡയറക്ടറുടെ കാര്യത്തില്‍ കേന്ദ്രത്തിന്റെ മോഹം നടന്നില്ല
ദില്ലി: സിബിഐ ഡയറക്ടറെ കണ്ടെത്താനുള്ള കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ നടന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ മനസ്സില്‍ കണ്ട രണ്ട് പേരുകള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ വെട്ടി. പ്രധാനമന്ത്രിയും മൂന്നംഗ പാനലും തമ്മിലായിരുന്നു യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ചീഫ് ജസ്റ്റിസിനെയും കൂടാതെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും കമ്മിറ്റിയിലുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ സിബിഐ ഡയറക്ടര്‍ പദവി ഒഴിഞ്ഞ് കിടക്കുകയാണ്.

വിരമിക്കാന്‍ ആറ് മാസം മാത്രമുള്ള പോലീസ് ഓഫീസര്‍മാരെ ഈ പദവിയിലേക്ക് പരിഗണിക്കരുതെന്ന് ചീഫ് ജസ്റ്റിസ് രമണ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സുപ്രീം കോടതി വിധി ന്യായം സൂചിപ്പിച്ച് കൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ഇക്കാര്യം ഉയര്‍ത്തിക്കാണിച്ചത്. അതേസമയം സിബിഐ ഡയറക്ടര്‍ പദവിയിലേക്ക് ഇത്തരമൊരു മാനദണ്ഡം ആദ്യമായിട്ടായിരുന്നു കൊണ്ടുവന്നിരുന്നത്. അത് നടപ്പാക്കണമെന്നും രമണ പഞ്ഞു. ഇതോടെ ബിഎസ്എഫ് ചീഫ് രാകേഷ് അസ്താന, എന്‍ഐഎ ചീഫ് വൈസി മോദി എന്നിവര്‍ പുറത്തായി. ഓഗസ്റ്റ് 31ന് അസ്താനയും മെയ് 31ന് വൈസി മോദിയും വിരമിക്കാനിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ രണ്ടുപേരെയുമാണ് കൂടുതലായി പരിഗണിച്ചിരുന്നത്. അതോടെ ഇവരെ തഴയേണ്ടി വന്നു. മഹാരാഷ്ട്ര ഡിജിപി സുഭോധ് കുമാര്‍ ജെസ്വാള്‍, എസ്എസ്ബി ഡയറക്ടര്‍ ജനറല്‍ കെആര്‍ ചന്ദ്ര, ആഭ്യന്തര മന്ത്രാലയ സ്‌പെഷ്യല്‍ സെക്രട്ടറി വിഎസ്‌കെ കൗമുദി എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. ഇവരില്‍ ജെസ്വാളിനാണ് കൂടുതല്‍ സാധ്യത. സീനിയോറിറ്റി കൂടുതല്‍ സുഭോധ് കുമാര്‍ ജെസ്വാളിനാണ്. അതേസമയം അധീര്‍ ചൗധരി വിഷയത്തില്‍ എതിര്‍പ്പറിയിച്ചിരുന്നു. പേര്‍സണല്‍ ആന്‍ഡ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ 109 പേരുടെ പട്ടിക തയ്യാറാക്കിയിരുന്നു. മെയ് 11ന് തയ്യാറാക്കിയ പട്ടികയില്‍ കഴിഞ്ഞ ദിവസം ആകെ 16 പേരാണ് ഉണ്ടായിരുന്നതെന്നും അധീര്‍ ചൗധരി പറഞ്ഞു.
അതേസമയം 16 പേരുടെ ചുരുക്കപ്പട്ടികയില്‍ അഞ്ച് പേര്‍ നേരത്തെ തന്നെ വിരമിച്ചതാണെന്നും അധീര്‍ രഞ്ജന്‍ ചൗധരി ചൂണ്ടിക്കാണിച്ചു. പാനലിന്റെ മീറ്റിംഗ് മാറ്റിവെക്കണമെന്ന് ചൗധരി പറഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. സുഭോധ് ജെസ്വാള്‍ 1985 ബാച്ച് ഐപിഎസ് ഓഫീസറാണ്. ഐബിയിലും റോയിലും പ്രവര്‍ത്തി പരിചയമുണ്ട് ജെസ്വാളിന്. മഹാരാഷ്ട്രയില്‍ തെലഗി സ്‌കാം ഒക്കെ അദ്ദേഹം അന്വേഷിച്ചിരുന്നു. മുംബൈ കമ്മീഷണറായും പ്രവര്‍ത്തിച്ചിരുന്നു.
വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications