പോക്‌സോ കേസ്: കര്‍ണാടകയില്‍ ലിംഗായത്ത് സന്യാസി അറസ്റ്റില്‍, കേസെടുത്ത് ആറാം നാള്‍
മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗയിലെ ലിംഗായത്ത് മഠത്തിലെ പ്രധാന മഠാധിപതി ശിവമൂര്‍ത്തി മുരുഘ ശരണാരുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കര്‍ണാടക പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ശിവമൂര്‍ത്തി മുരുഘയെ വൈദ്യപരിശോധനയ്ക്കായി ചിത്രദുര്‍ഗയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇയാളെ കൂടാതെ മഠത്തിലെ ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെടെ ആകെ അഞ്ച് പേര്‍ കേസില്‍ പ്രതികളാണ്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ക്കായി നല്‍കിയ പരാതിയെത്തുടര്‍ന്ന് മൈസൂരു സിറ്റി പോലീസ് ശിവമൂര്‍ത്തി മുരുഘ ശരണാരുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മഠം നടത്തുന്ന സ്‌കൂളില്‍ പഠിക്കുന്ന 15ഉം 16ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ മൂന്നര വര്‍ഷത്തിലേറെയായി ശിവമൂര്‍ത്തി മുരുഘ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

തമ്പുരാൻ..മാവേലി എഴുന്നള്ളുന്നേ...വൈറലായി അത്തച്ചമയ ഘോഷയാത്ര ചിത്രങ്ങൾ
രണ്ട് പെണ്‍കുട്ടികളും മൈസൂരിലെ ഒരു എന്‍ ജി ഒ സംഘടനയെ സമീപിക്കുകയും പീഡന വിവരം പറയുകയും തുടര്‍ന്ന് അധികാരികളെ ബന്ധപ്പെടുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ഇത് പിന്നീട് കുറ്റകൃത്യം നടന്ന സ്ഥലമായ ചിത്രദുര്‍ഗയിലേക്ക് മാറ്റി. ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് മുരുഘ മഠത്തിലെ വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍ ഹോസ്റ്റലിലേക്ക് മാറ്റി. രഇരകളില്‍ ഒരാള്‍ ദളിത് പെണ്‍കുട്ടിയായതിനാല്‍ പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ ചിത്രദുര്‍ഗയില്‍ സുരക്ഷ ശക്തമാക്കുകയും അനിഷ്ട സംഭവങ്ങള്‍ തടയാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ തൊട്ടടുത്ത ദാവന്‍ഗരെ ജില്ലയില്‍ നിന്ന് കൂടുതല്‍ സേനയെ എത്തിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേസ് തനിക്കെതിരെയുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്നാണ് സന്യാസി അവകാശപ്പെടുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ മൈസൂരു പോലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, മറ്റ് നാല് ജീവനക്കാരെയും പ്രതികളാക്കി പരാമര്‍ശിച്ചിട്ടുണ്ട്. ആഗസ്ത് 29 തിങ്കളാഴ്ച, തന്റെ അറസ്റ്റിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടയില്‍, താന്‍ ഒളിച്ചോടാന്‍ പോകുന്നില്ലെന്ന് ശിവമൂര്‍ത്തി പറഞ്ഞിരുന്നു. കൂടാതെ എല്ലാ കുറ്റങ്ങളില്‍ നിന്നും താന്‍ മോചിതനാകാന്‍ പോകുകയാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

''ഞങ്ങള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ 15 വര്‍ഷമായി അത് നടക്കുന്നു. നേരത്തെ ഈ പ്രശ്നങ്ങളെല്ലാം ആഭ്യന്തരമായി പോരാടിയിരുന്നെങ്കിലും ഇപ്പോള്‍ ഇക്കാര്യം പുറത്ത് ഉന്നയിച്ചിരിക്കുകയാണ്. കിംവദന്തികളില്‍ വീഴരുതെന്ന് ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ എല്ലാ സഹകരണവും നല്‍കുന്നു, ഞാന്‍ ഇതില്‍ നിന്ന് പുറത്തുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്, ''അദ്ദേഹം പറഞ്ഞു.

അതേസമയം, ഇരകളായ രണ്ടുപേരെയും ഓഗസ്റ്റ് 30 ചൊവ്വാഴ്ച മൊഴി രേഖപ്പെടുത്തുന്നതിനായി ചിത്രദുര്‍ഗയിലെ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. ക്രിമിനല്‍ നടപടി ചട്ടത്തിലെ 164-ാം വകുപ്പ് പ്രകാരമാണ് ജഡ്ജിയുടെ മുമ്പാകെ രഹസ്യ നടപടികളില്‍ മൊഴി രേഖപ്പെടുത്തിയത്. സിആര്‍പിസിയുടെ 164-ാം വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് മുമ്പാകെയുള്ള മൊഴികള്‍ ഒരു കുറ്റകൃത്യത്തിന്റെ പ്രധാന തെളിവായി കണക്കാക്കാം. പ്രതിയായ ശിവമൂര്‍ത്തി മുരുഘ ശരണരു മുന്‍കൂര്‍ ജാമ്യത്തിനായി പ്രാദേശിക കോടതിയെ സമീപിച്ചിട്ടുണ്ട്.












Click it and Unblock the Notifications