ഗോത്ര സംഘടനയുടെ റാലിക്ക് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സ്ഥിതി ഗുരുതരമെന്ന് പൊലീസ്
ഇംഫാല്‍: മെയ്തി സമുദായത്തെ എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിനെതിരെ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ മണിപ്പൂര്‍ (എ ടി എസ് യു എം) നടത്തിയ ഗോത്രവര്‍ഗ ഐക്യദാര്‍ഢ്യ മാര്‍ച്ചിനെ തുടര്‍ന്ന് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. എ ടി എസ് യു എം എല്ലാ മലയോര ജില്ലകളിലും രാവിലെ 6 മുതല്‍ വൈകിട്ട് 4 വരെ ബന്ദ് പ്രഖ്യാപിച്ചാണ് റാലി സംഘടിപ്പിച്ചത് എന്ന് ആഭ്യന്തര കമ്മീഷണര്‍ എച്ച് ഗ്യാന്‍ പ്രകാശ് പറഞ്ഞു.
വിവിധ സമുദായങ്ങളിലെ യുവാക്കള്‍ തമ്മില്‍ വാക്കേറ്റം പോലുള്ള സംഭവങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട് എന്നും ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലെ സ്ഥിതി സംഘര്‍ഷഭരിതവും അസ്ഥിരവുമാണ് എന്നും പ്രകാശ് പറഞ്ഞു. ചില സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷ പ്രസംഗങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുകയും അതുവഴി പൊതുജനങ്ങളുടെ വികാരം ഇളക്കിവിടുകയും ചെയ്യുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രശ്നം പരിഹരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ ഡോ. സപം രഞ്ജന്‍ സിംഗ് പറഞ്ഞു. ചുരാചന്ദ്പൂര്‍, ബിഷ്ണുപൂര്‍ ജില്ലകള്‍ ചേരുന്ന പ്രദേശത്ത് രണ്ട് സമുദായങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിട്ടുണ്ട് എന്ന് മന്ത്രിയും സ്ഥിരീകരിച്ചു. സമാധാനം നിലനില്‍ക്കുമെന്നും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് എത്രയും വേഗം പരിഹരിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.
എസ്ടിയുടെ ആവശ്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 19 ലെ ഹൈക്കോടതി ഉത്തരവില്‍ മെയ്തി സമുദായത്തെ എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം എന്ന് നിര്‍ദേശിച്ചിരുന്നു. തങ്ങളെ എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത് ഭൂമിയില്‍ തുല്യാവകാശം നല്‍കും എന്നാണ് സംസ്ഥാനത്തെ ജനസംഖ്യയുടെ 50% വരുന്ന മെയ്തികള്‍ പറയുന്നത്. മണിപ്പൂരിന്റെ ഏകദേശം 10% വരുന്ന ആദിവാസികള്‍ക്ക് ഇംഫാല്‍ താഴ്വരയില്‍ ഭൂമി വാങ്ങാന്‍ കഴിയും.
Cleaning Tips: വെള്ള ഷൂ വൃത്തിയാക്കാന്‍ ഇനി ബുദ്ധിമുട്ടില്ല.. ഇതാ ചില ലളിതമാര്‍ഗങ്ങള്‍
എന്നാല്‍ മെയ്തി സമുദായത്തില്‍പ്പെട്ട ആളുകള്‍ക്ക് അത് കഴിയില്ല. അതിനിടെ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങളെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായതിനാല്‍ മണിപ്പൂര്‍ സര്‍ക്കാര്‍ ബുധനാഴ്ച വൈകുന്നേരം സംസ്ഥാനത്തുടനീളം അഞ്ച് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തി നഗരമായ മോറെയിലും കഴിഞ്ഞ ദിവസം അക്രമം ഉണ്ടായി.
ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി ബൈരേന്‍ സിംഗ് പങ്കെടുക്കേണ്ട വേദിക്ക് ജനക്കൂട്ടം തീയിട്ടിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ ചുരാചാന്ദ്പൂരില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് പൊലീസ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സര്‍ക്കാര്‍ വനം കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരില്‍ ഗോത്രമേഖലയിലെ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയതിനെ തുടര്‍ന്നാണ് ചുരാചാന്ദ്പൂര്‍ ജില്ലയില്‍ പ്രതിഷേധം ആരംഭിച്ചത്.












Click it and Unblock the Notifications