കല്‍ക്കരി ക്ഷാമം: ഒടുവില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു: വിശദമായ പരിശോധന നടത്തും
ദില്ലി: രാജ്യത്തെ കല്‍ക്കരി ക്ഷാമത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. കല്‍ക്കരി ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ ആശങ്ക അറിയിച്ച സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. രാജ്യത്താകമാനമുള്ള കല്‍ക്കരി വിതരണം പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിച്ച് വിലയിരുത്തുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്ലാന്‍റുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ളത്രയും കല്‍ക്കരി സ്റ്റോക്കുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വരെ അറിയിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങള്‍ പരാതി ഉന്നയിച്ച സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഊര്‍ജ്ജ വകുപ്പുകളുടെ ചുമതലയുള്ള പ്രഹ്ളാദ് ജോഷി, ആര്‍ കെ സിങ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.
ആവശ്യത്തിന് കല്‍ക്കരി സ്റ്റോക്കുണ്ടെന്ന് കേന്ദ്രം പറയുമ്പോള്‍ രാജ്യതലസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയത്. കല്‍ക്കരി ക്ഷാമം ചൂണ്ടിക്കാട്ടിക്കൊണ്ട് നിരവധി മുഖ്യമന്ത്രിമാര്‍ കേന്ദ്ര സര്‍ക്കാറിന് കത്ത് എഴുതുകയും ചെയ്തിട്ടുണ്ട്. ദില്ലിക്ക് പുറമെ കേരളം പഞ്ചാബ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി, ആന്ധ്രപ്രദേശ്, ബിഹാർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണു കേന്ദ്രസർക്കാരിനെ ആശങ്ക അറിയിച്ചത്. എന്നാല്‍ കൽക്കരി ക്ഷാമത്തെക്കുറിച്ച് അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കപ്പെട്ടുവെന്നാണ് കേന്ദ്ര വൈദ്യുതി മന്ത്രി ആർകെ സിംഗ് അഭിപ്രായപ്പെട്ടത്, അടുത്ത ദിവസങ്ങളിൽ സ്ഥിതി കൈകാര്യം ചെയ്യുമെന്ന് കൂട്ടിച്ചേർത്തു. ആവശ്യത്തിന് വൈദ്യുതി ലഭ്യമാണെന്നും സിംഗ് പറഞ്ഞു.

രാജ്യത്ത് കല്‍ക്കരി ക്ഷാമം ഉണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ അത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെന്നാണ് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗള്‍ തുറന്നടിച്ചത്. രാജ്യത്ത് കല്‍ക്കരി ക്ഷാമം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ പിന്നെന്തിനാണ് പ്ലാന്റുകള്‍ അടച്ച് പൂട്ടുന്നതെന്നും അദ്ദേഹം ചോദിച്ചും. കല്‍ക്കരി ഇറക്കുമതി നിര്‍ത്തിയിരിക്കുകയാണ്. ഇത് ഊര്‍ജ വിതരണത്തെ മൊത്തത്തില്‍ ബാധിക്കും, കേന്ദ്ര സര്‍ക്കാര്‍ എന്താണ് ഇക്കാര്യങ്ങളില്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി സഖ്യകക്ഷിയും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും കൽക്കരി ക്ഷാമം തന്റെ സംസ്ഥാനത്തെ ബാധിക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. " പ്രശ്നമുണ്ട് എന്നത് ശരിയാണ്. ഞങ്ങളുടെ ആവശ്യമനുസരിച്ചുള്ള വൈദ്യുതി ലഭിക്കുന്നത് NTPC യിൽ നിന്നോ സ്വകാര്യ കമ്പനികളിൽ നിന്നോ ആണ്. പക്ഷേ ഇപ്പോൾ വിതരണത്തെ ബാധിക്കുന്നു. ചില കാരണങ്ങളാൽ അത്തരം സാഹചര്യം ഉടലെടുക്കുകയായിരുന്നു. ബിഹാറില്‍ മാത്രമല്ല മറ്റെല്ലായിടത്തും ഇതാണ് അവസ്ഥ"- ബിഹാര്‍ മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സാഹചര്യം നിയന്ത്രണ വിധേയമാക്കുന്നതിനായി കേന്ദ്ര ഉൽപാദന സ്റ്റേഷനുകളുടെ അലോക്കേറ്റഡ് പവർ ഉപയോഗിക്കണമെന്ന് വൈദ്യുതി മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറവ് നികത്താൻ 15 ശതമാനം വൈദ്യുതി മാറ്റിവെക്കുകയും ആവശ്യമുള്ള സംസ്ഥാനങ്ങൾക്ക് അനുവദിക്കുകയും ചെയ്യണമെന്നാണ് നിര്‍ദേശം - ചില സംസ്ഥാനങ്ങൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് വൈദ്യുതി നൽകുന്നില്ലെന്നും ലോഡ് ഷെഡിംഗ് ഏർപ്പെടുത്തുന്നില്ലെന്നും വൈദ്യുതി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അതേ സമയം തന്നെ അവർ പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ഉയർന്ന വിലയ്ക്ക് വിൽക്കുകയാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. വിതരണ കമ്പനികൾ പവർ എക്സ്ചേഞ്ചിൽ വൈദ്യുതി വിൽക്കരുതെന്നും സ്വന്തം ഉപഭോക്താക്കളെ ദുരിതത്തിലാക്കരുതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വമ്പന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം രമ്യ പണിക്കര്‍; ഒപ്പം ആര്യയും പുതിയ ഫോട്ടോഷൂട്ട് വൈറല്‍
ദില്ലിയിലെ ആശങ്ക പരിഹരിക്കുന്നതിനായി രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത ഉത്പാദകരായ എൻടിപിസി (നാഷണൽ തെർമൽ പവർ കോർപ്പറേഷൻ), ദാമോദർ വാലി കോർപ്പറേഷൻ (ഡിവിസി) എന്നിവയോട് ദേശീയ തലസ്ഥാനത്തേക്ക് ലഭ്യമാകുന്നത്ര വൈദ്യുതി നൽകാൻ കേന്ദ്ര വൈദ്യുതി മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications