എണ്ണവില ഇന്ത്യയില്‍ മാത്രം ഇത്രയധികമാകാന്‍ കാരണം ഇതാണ്; എന്തുകൊണ്ട് ജിഎസ്ടിയില്ല!!
ദില്ലി: മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മാത്രം ഇന്ധന വില ഇത്രയധികമാകാന്‍ കാരണമെന്ത് എന്ന് ആര്‍ക്കും തോന്നാം. ഇന്ത്യയേക്കാള്‍ പിന്നാക്കം നില്‍ക്കുന്ന ചില രാജ്യങ്ങളില്‍ പോലും ഇത്ര ഉയര്‍ന്നവില ഈടാക്കുന്നില്ല. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചുമത്തുന്ന നികുതികളാണ് ഈ വില വര്‍ധനവിന് കാരണം.

ആഗോള വിപണയില്‍ ക്രൂഡ് ഓയിലിന് വില വര്‍ധിച്ചുവെന്നത് ശരിതന്നെയാണ്. ബാരലിന് 70 ഡോളര്‍ നല്‍കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. പക്ഷേ, ഈ വില തന്നെയാണ് മറ്റു രാജ്യങ്ങളും ക്രൂഡിന് കൊടുക്കുന്നത്. എന്നിട്ടും ബംഗ്ലാദേശ്, പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ത്യയേക്കാള്‍ വില കുറവാണ് പെട്രോളിനും ഡീസലിനും.
ബംഗ്ലാദേശില്‍ ഡീസലിന് 50.73 രൂപയും പെട്രോളിന് 69.59 രൂപയുമാണ് വില. പാകിസ്താനില്‍ ഡീസലിന് 55.28 രൂപയും പെട്രോളിന് 49.43 രൂപയുമാണ് നല്‍കുന്നത്. ശ്രീലങ്കയില്‍ യഥാക്രമം 39.68, 53.34 നല്‍കുന്നു. ചൈനയില്‍ 65.70 ഉം 74.15 ഉം നല്‍കുന്നു.
ഇപ്പോള്‍ ക്രൂഡ് ഓയിലിന് വില കൂടിയപ്പോള്‍ ഇന്ത്യയിലും വില വര്‍ധിച്ചുവെന്ന് പറയാം. എന്നാല്‍ അടുത്തിടെ ആഗോള വിപണിയില്‍ കുത്തനെ ഇടിഞ്ഞിരുന്നു. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളായ ഗള്‍ഫ് നാടുകള്‍ പോലും ആശ്ചര്യപ്പെട്ട അവസ്ഥയായിരുന്നു അത്. അമേരിക്കന്‍ ഷെയ്ല്‍ എണ്ണ ആവശ്യത്തിലധികം വിപണിയില്‍ എത്തിയതോടെയാണ് വില ഇടിഞ്ഞത്. എല്ലാ രാജ്യങ്ങളിലും എണ്ണ വില കുത്തനെ ഇടിഞ്ഞു. അപ്പോഴും ഇന്ത്യയില്‍ മാത്രം കുറഞ്ഞില്ല.
ആഗോള വിപണയില്‍ വില കുറഞ്ഞാല്‍ ഇന്ത്യയിലും കുറയേണ്ടതായിരുന്നു. അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് കിട്ടേണ്ടതായിരുന്നു. പക്ഷേ, കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നികുതി കൂട്ടി ജനങ്ങള്‍ക്ക് തിരിച്ചടി നല്‍കി. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ എണ്ണയെ ഒഴിവാക്കിയത് ബോധപൂര്‍വമായിരുന്നു. എല്ലാ നികുതികളും ഒഴിവാക്കി ഒരൊറ്റ നികുതി വ്യവസ്ഥ എന്ന ജിഎസ്ടി സംവിധാനത്തില്‍ നിന്ന് എണ്ണയെ മാറ്റിനിര്‍ത്തി. നികുതി കുറച്ച് എണ്ണ വില കുറയ്ക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയിരിക്കുകയാണിപ്പോള്‍.












Click it and Unblock the Notifications