ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ സംഘർഷം; ടിഎംസി പ്രവർത്തകൻ കൊല്ലപ്പെട്ടു, സർക്കാരിനെതിരെ ബിജെപി
കൊൽക്കത്ത: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാളിൽ സംഘർഷത്തിനിടെ തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു. നൈഹാതി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയിലാണ് ബഡ്‌പോര മേഖലയിൽ നിന്നുള്ള ടിഎംസി പ്രവർത്തകനായ അശോക് ഷായാണ് കൊല്ലപ്പെട്ടത്. നോർത്ത് 24 പർഗാന പ്രദേശത്തിന് അടുത്തായി മൂന്നോളം അജ്ഞാതരായ ആളുകളാണ് അശോക് ഷായെ ക്രൂഡ് ബോംബ് ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത്.
2020ൽ പ്രദേശവാസിയായ ആകാശ് പ്രസാദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മരിച്ച അശോക് ഷായെന്ന് പോലീസ് വ്യക്തമാക്കി. ഇതിന്റെ പ്രതികാര നടപടിയായാണോ കൊലപതാകം എന്നാണ് പോലീസ് അന്വേഷിക്കുന്നത്. അതല്ല, മറ്റെന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ വിരോധമാണോ കൊലയ്ക്ക് പിന്നിലെന്നും പരിശോധിക്കുന്നുണ്ട്.

വഴിയോരത്തെ കടയിൽ ചായകുടിക്കുന്നതിനിടെ മൂന്ന് പേർ നടന്ന് വന്ന് ഷായ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അവിടെ നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് അക്രമികൾ ബോംബും എറിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നാണ് വിവരം.
സംഭവത്തിന് പിന്നാലെ വലിയ രാഷ്ട്രീയ വാക് പോരാട്ടങ്ങൾക്കാണ് ബംഗാൾ സാക്ഷ്യം വഹിക്കുന്നത്. തൃണമൂൽ കോൺഗ്രസിനെ ലക്ഷ്യമിട്ടാണ് അവർ ആരോപണങ്ങൾ ഉന്നയിക്കുന്നത്. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ ഇത്തരമൊരു സംഭവം ഉണ്ടായത് വോട്ടർമാരിൽ പരിഭ്രാന്തി പടർത്താൻ വേണ്ടിയാണെന്നാണ് ബിജെപി ആരോപണം.
നിലവിൽ എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാൻ സാധിക്കില്ലന്നായിരുന്നു ടിഎംസി സ്വീകരിച്ച നിലപാട്. ഇതോടെ ബിജെപി വീണ്ടും വിമർശനം കടുപ്പിക്കുകയാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവർ വിമർശനം ഉന്നയിക്കുന്നത്. ബംഗാളിൽ ക്രമസമാധാനം പാടേ തകർന്ന നിലയിലാണെന്ന് ബിജെപി ആരോപിക്കുന്നു.
അതേസമയം, സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് പൊതുവെ സമാധാന പരമായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. സീതായ്, മദാരിഹത്ത്, നൈഹാത്തി, ഹരോവ, മേദിനിപൂർ, തൽദൻഗ്ര എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നേരിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും കാര്യമായ പ്രശ്‌നങ്ങൾ മറ്റെവിടെയും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
എന്നാൽ പലയിടത്തും ക്രമക്കേട് നടന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ഹരോവ, മദാരിഹത്ത്, സിതായ്, തൽദാൻഗ്ര എന്നീ മണ്ഡലങ്ങളിൽ ടിഎംസി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായി അവർ ആരോപിച്ചു. പലയിടത്തും ബിജെപി പ്രവർത്തകർ ഭീഷണി നേരിട്ടതായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.












Click it and Unblock the Notifications