ഡല്‍ഹിയില്‍ മുഴുവന്‍ സീറ്റിലും മല്‍സരിക്കാന്‍ കോണ്‍ഗ്രസ്; സഖ്യമില്ലെങ്കില്‍ എന്തിന് യോഗമെന്ന് എഎപി
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കിടെ പ്രതിപക്ഷ സഖ്യത്തില്‍ കല്ലുകടി. ഡല്‍ഹിയിലെ മുഴുവന്‍ ലോക്‌സഭാ സീറ്റിലും മല്‍സരിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. കോണ്‍ഗ്രസ് നേതാവ് അല്‍ക്ക ലാംബ പാര്‍ട്ടി യോഗത്തിന് ശേഷം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് ആംആദ്മി പാര്‍ട്ടി പ്രതികരിച്ചത്. കോണ്‍ഗ്രസ് ഇക്കാര്യം തീരുമാനിച്ചെങ്കില്‍ പിന്നെ എന്തിനാണ് പ്രതിപക്ഷ സഖ്യമെന്ന് എഎപി നേതാക്കള്‍ ചോദിച്ചു.
ഏഴ് ലോക്‌സഭാ മണ്ഡലങ്ങളാണ് ഡല്‍ഹിയിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി തൂത്തുവാരാറുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് മുഴുവന്‍ സീറ്റിലും ജയിക്കാറ്. എഎപിയും കോണ്‍ഗ്രസും ഒരുമിച്ചാല്‍ ബിജെപിയെ പരാജയപ്പെടുത്താമെന്നാണ് നിരീക്ഷണം. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രതിപക്ഷ സഖ്യം രൂപപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ച മറ്റൊരു വഴിക്കാണ്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന് ചേര്‍ന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനായിരുന്നു യോഗം. രാഹുല്‍ ഗാന്ധി, ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍, ദീപക് ബാബരിയ തുടങ്ങിയ പ്രമുഖ നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു. യോഗത്തിന് ശേഷം അല്‍ക്ക ലാംബ പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്.
മുഴുവന്‍ സീറ്റിലും മല്‍സരത്തിന് ഒരുങ്ങാന്‍ നേതൃത്വം നിര്‍ദേശം നല്‍കിയെന്ന് അല്‍ക്ക ലാംബ പറയുന്നു. എല്ലാ സീറ്റിലും മല്‍സരിക്കാനാണ് തീരുമാനം. ഏഴ് മാസം കൂടിയാണ് ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ളത്. എല്ലാ പ്രവര്‍ത്തകരോടും നേതാക്കളോടും മല്‍സരത്തിന് തയ്യാറെടുക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടുവെന്നും അല്‍ക്ക ലാംബ പ്രതികരിച്ചു.
കോണ്‍ഗ്രസ് ഇക്കാര്യം തീരുമാനിച്ചുകഴിഞ്ഞെങ്കില്‍ പിന്നെ എന്തിനാണ് പ്രതിപക്ഷ സഖ്യമെന്ന് എഎപി നേതാവ് പ്രിയങ്ക കാകര്‍ ചോദിച്ചു. ഡല്‍ഹിയില്‍ സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലെങ്കില്‍ പ്രതിപക്ഷ മുന്നണി കൊണ്ട് അര്‍ഥമില്ല. ഇന്ത്യ സഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കുന്നതിലും കാര്യമില്ല. അടുത്ത യോഗത്തില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും കാകര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ഏതൊക്കെ സീറ്റില്‍ മല്‍സരിക്കണം എന്ന കാര്യത്തില്‍ തങ്ങളുടെ നേതാക്കള്‍ തീരുമാനിക്കുമെന്ന് എഎപി മന്ത്രി സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. എഎപിയുടെ പാര്‍ലമെന്ററി കാര്യ കമ്മിറ്റിയും ഇന്ത്യ മുന്നണി നേതാക്കളും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യും. അതു പ്രകാരം മുന്നോട്ട് പോകുമെന്നും സൗരഭ് ഭരദ്വാജ് വ്യക്തമാക്കി.
പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തില്‍ 26 പാര്‍ട്ടികളാണുള്ളത്. കോണ്‍ഗ്രസും എഎപിയുമെല്ലാം ഇതില്‍പ്പെടും. ഡല്‍ഹിയിലും പഞ്ചാബിലും ഭരണത്തിലുള്ള പാര്‍ട്ടിയാണ് എഎപി. ഇവര്‍ ഇന്ത്യയുടെ കഴിഞ്ഞ രണ്ട് യോഗങ്ങളില്‍ സംബന്ധിച്ചിരുന്നു. ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നാണ് ഇരുപാര്‍ട്ടികളുടെയും മുതിര്‍ന്ന നേതാക്കളുടെ നിലപാട്. ഇതിനിടെയാണ് സംസ്ഥാന നേതാക്കള്‍ വ്യത്യസ്തമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.
അതേസമയം, എഎപി നേതാക്കള്‍ കൂട്ടത്തോടെ പ്രതികരണം നടത്തുന്നതിനെതിരെ കോണ്‍ഗ്രസ് ഡല്‍ഹി ഘടകത്തിന്റെ ചുമതലയുള്ള ദീപക് ബാബരിയ രംഗത്തുവന്നു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എഎപി നേതാക്കള്‍ പ്രതികരിക്കുന്നത് പക്വതയില്ലാത്ത രീതിയാണ്. സഖ്യം സംബന്ധിച്ചത് സുപ്രധാന തീരുമാനമാണ്. ഇക്കാര്യത്തില്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കി പ്രതികരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications