'നാളെയും മറ്റന്നാളും നിര്‍ണായകം, സഭയിലുണ്ടാകണം'; എംപിമാര്‍ക്ക് വിപ്പ് നല്‍കി ബിജെപിയും കോണ്‍ഗ്രസും
ന്യൂഡല്‍ഹി: നാളെയും മറ്റന്നാളും നടക്കുന്ന ഭരണഘടനാ ചര്‍ച്ചയില്‍ എല്ലാ ലോക്‌സഭാ അംഗങ്ങളും പങ്കെടുക്കണം എന്ന് ബി ജെ പിയും കോണ്‍ഗ്രസും. ഇക്കാര്യം ആവശ്യപ്പെട്ട് ഇരുപാര്‍ട്ടികളും തങ്ങളുടെ ലോക്‌സഭാ എംപിമാര്‍ക്ക് വിപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്ന് വരി വിപ്പാണ് ലോക്‌സഭാ എംപിമാര്‍ക്ക് ബിജെപിയും കോണ്‍ഗ്രസും നല്‍കിയിരിക്കുന്നത് എന്നാണ് വിവരം.
'ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികം ഡിസംബര്‍ 13 വെള്ളിയാഴ്ചയും ഡിസംബര്‍ 14 ശനിയാഴ്ചയും ലോക്‌സഭയില്‍ നടക്കുമെന്ന് എല്ലാ ബി ജെ പി അംഗങ്ങളെയും ഇതിനാല്‍ അറിയിക്കുന്നു. അതിനാല്‍, രണ്ട് ദിവസവും (അതായത് ഡിസംബര്‍ 13 വെള്ളിയാഴ്ചയും ഡിസംബര്‍ 4 ശനിയാഴ്ചയും) സഭയില്‍ ക്രിയാത്മകമായി ഹാജരാകാന്‍ അഭ്യര്‍ത്ഥിക്കുന്നു. സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കുക,' ബി ജെ പിയുടെ വിപ്പില്‍ പറയുന്നു.

ശനിയാഴ്ച ലോക്‌സഭയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കുമെന്നാണ് വിവരം. ഡിസംബര്‍ 16 ന് ആഭ്യന്തര മന്ത്രി അമിത് ഷാ ഇതേ വിഷയത്തില്‍ രാജ്യസഭയില്‍ ചര്‍ച്ച ആരംഭിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഭരണഘടനയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷവും അറിയിച്ചിരുന്നു.
ഭരണഘടനയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി സഭ പ്രവര്‍ത്തിപ്പിക്കണമെന്നും ചര്‍ച്ച നടത്തണമെന്നും പ്രതിപക്ഷം ആഗ്രഹിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. 'ഞാന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. എനിക്കെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് അദ്ദേഹത്തോട് പറഞ്ഞു. അത് അദ്ദേഹം പരിശോധിക്കുമെന്ന് സ്പീക്കര്‍ പറഞ്ഞു,' രാഹുല്‍ വ്യക്തമാക്കി.
സഭ പ്രവര്‍ത്തിക്കുകയും സഭയില്‍ ചര്‍ച്ച നടത്തുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. അവര്‍ (ബി ജെ പി) തന്നെ കുറിച്ച് എന്ത് പറഞ്ഞാലും ഡിസംബര്‍ 13 ന് ചര്‍ച്ച നടക്കണം എന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഗൗതം അദാനിക്കെതിരായ ആരോപണങ്ങളില്‍ ബി ജെ പി ചര്‍ച്ച ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
'അദാനിയെ കുറിച്ച് അവര്‍ ചര്‍ച്ച ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ഇത് ഉപേക്ഷിക്കാന്‍ പോകുന്നില്ല. അവര്‍ ഞങ്ങളുടെ മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കും, പക്ഷേ സഭ പ്രവര്‍ത്തിക്കണം,' അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 25 നാണ് ആരംഭിച്ചത്. ശീതകാല സമ്മേളനം ഡിസംബര്‍ 20 വരെ നീളും












Click it and Unblock the Notifications