ജഗനെ പൂട്ടിക്കെട്ടിക്കാന്‍ കോണ്‍ഗ്രസ്, ആന്ധ്രയില്‍ ആദ്യ പ്രഖ്യാപനം; ദരിദ്രര്‍ക്ക് മാസം 5000 രൂപ
അനന്ത്പൂര്‍: ആന്ധ്രപ്രദേശില്‍ പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് അനന്തപൂരില്‍ നിന്ന് തിങ്കളാഴ്ച്ച പ്രചാരണത്തിന് തുടക്കമിട്ടത്. ജഗന്‍ മോഹന്‍ റെഡ്ഡിയെ വീഴ്ത്താന്‍ ലക്ഷ്യമിട്ട് വമ്പന്‍ പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസ് നടത്തിയത്. ദരിദ്രര്‍ക്ക് മാസം അയ്യായിരം രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം.
ആന്ധ്രയില്‍ തിരഞ്ഞെടുപ്പ് തിയതി പോലും പ്രഖ്യാപിച്ചിട്ടില്ല. അതിന് മുമ്പാണ് കോണ്‍ഗ്രസ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. ഇത്തവണ വൈഎസ് ശര്‍മിളയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുക. ടിഡിപി ഉയര്‍ത്തുന്ന വെല്ലുവിളിയെയും ഒരുവശത്ത് കോണ്‍ഗ്രസിന് നേരിടാനുണ്ട്.

അതേസമയം നിലവില്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് സീറ്റുകളൊന്നും ഇല്ല. ഇത്തവണ അക്കൗണ്ട് തുറക്കുക മാത്രമല്ല ഭരണം നേടുക കൂടിയാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതാണ്. അതുകൊണ്ടാണ് ശര്‍മിളയെ പാര്‍ട്ടി അധ്യക്ഷയാക്കിയത്. എല്ലാ മാസവും അയ്യായിരം നല്‍കുന്നത് കോണ്‍ഗ്രസിന്റെ ഉറപ്പാണ്. കര്‍ണാടകത്തില്‍ പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികളും, തെലങ്കാനയിലെ ആറ് വാഗ്ദാനങ്ങളേക്കാളും വലിയ കാര്യങ്ങള്‍ ആന്ധ്രയില്‍ കോണ്‍ഗ്രസ് വന്നാല്‍ നടപ്പാക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു.
ഇത് വെറുമൊരു വാഗ്ദാനമല്ല. ഇത് കോണ്‍ഗ്രസിന്റെ ഗ്യാരന്റിയാണ്. ഒരു സംസ്ഥാനത്തും ഇല്ലാത്ത രീതിയില്‍ ദരിദ്രര്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്ന ഉറപ്പാണിത്. എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും അയ്യായിരം രൂപ ഞങ്ങള്‍ നല്‍കും. അവരുടെ അക്കൗണ്ടില്‍ പണമെത്തുമെന്നും ഖാര്‍ഗെ പറഞ്ഞു. അതേസമയം അനന്ത്പൂര്‍ ധാരാളമായി കന്നഡ വിഭാഗക്കാര്‍ ഉള്ള മണ്ഡലമാണ്. കന്നഡയിലും ഇംഗ്ലീഷിലുമായിട്ടായിരുന്നു ഖാര്‍ഗെയുടെ പ്രസംഗം.
ആന്ധ്രപ്രദേശ് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയൊരു വികാരമാണ്. ഞങ്ങളുടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സംസ്ഥാനമാണിത്. രണ്ട് മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിമാരെ സംഭാവന ചെയ്ത ജില്ലയാണ് അനന്ത്പൂര്‍. സര്‍വേപള്ളി രാധാകൃഷ്ണന്‍, എന്‍ സഞ്ജീവ റെഡ്ഡി എന്നിവരാണ് ആ നേതാക്കള്‍. ആന്ധ്രപ്രദേശില്‍ നിന്നാണ് മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവു, മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡി എന്നിവരുണ്ടായത്.
മേദക് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് ഇന്ദിരാ ഗാന്ധിയെ എംപിയായി തിരഞ്ഞെടുത്തതെന്നും ഖാര്‍ഗെ ഓര്‍മിപ്പിച്ചു. എല്ലാ കോണ്‍ഗ്രസ് നേതാക്കളും വൈഎസ് ശര്‍മിളയ്ക്ക് കരുത്ത് പകരാന്‍ വേണ്ടി പ്രയത്‌നിക്കണം. അതിലൂടെ കോണ്‍ഗ്രസിന്റെ സുവര്‍ണകാലത്തെ തിരിച്ചുകൊണ്ടുവരാന്‍ സഹായിക്കണമെന്നും ഖാര്‍ഗെ പറഞ്ഞു.
ജഗന്‍ മോഹന്‍ റെഡ്ഡിയും, ചന്ദ്രബാബു നായിഡുവും, പവന്‍ കല്യാണും ചേര്‍ന്ന് ആന്ധ്രയെ പ്രധാനമന്ത്രിക്ക് നല്‍കിയിരിക്കുകയാണ്. മോദിയെ ഇവര്‍ ഭയക്കുന്നുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. എന്നാല്‍ ശര്‍മിള ഒരിക്കലും മോദിയെ ഭയപ്പെടുന്നില്ല. കോണ്‍ഗ്രസിനെ ആരും വിലകുറച്ച് കാണരുതെന്നും ഖാര്‍ഗെ മുന്നറിയിപ്പ് നല്‍കി.
എന്തുകൊണ്ട് ആന്ധ്രപ്രദേശിന് ഫണ്ടുകള്‍ ലഭിക്കുന്നില്ല. പ്രത്യേക പദവി സംസ്ഥാനത്തിന് ലഭിക്കുന്നില്ല. ഇതൊന്നും ജഗനോ പവന്‍ കല്യാണോ മോദിയോട് ചോദിക്കുന്നില്ല. പകരം അവര്‍ മോദിയെയും ബിജെപിയെയും കൂട്ടുപിടിച്ചിരിക്കുകയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.












Click it and Unblock the Notifications