പുതിയ പ്രസിഡന്റിനെ സോണിയ നിര്‍ദേശിക്കട്ടെ എന്ന് കോണ്‍ഗ്രസ്; അപ്പോള്‍ തെരഞ്ഞെടുപ്പോ?
ന്യൂദല്‍ഹി: പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് വീണ്ടും ഗാന്ധി കുടുംബത്തെ ചുറ്റി കോണ്‍ഗ്രസ്. പാര്‍ട്ടി പ്രസിഡന്റിനെ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി തന്നെ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം, സംസ്ഥാന ഘടകങ്ങളോടും അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എ ഐ സി സി) അംഗങ്ങളോടും പ്രമേയം പാസാക്കാന്‍ ആവശ്യപ്പെട്ടു എന്ന എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതോടെ അടുത്ത മാസം നടക്കാനിരിക്കുന്ന ആഭ്യന്തര തെരഞ്ഞെടുപ്പുകളുടെ മുഴുവന്‍ നടപടി ക്രമങ്ങളും വീണ്ടും അനിശ്ചിതത്വത്തിലായി. സോണിയാ ഗാന്ധി പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിലില്ല. മത്സരിക്കാനില്ല എന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി കഴിഞ്ഞു. നിലവില്‍ ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയും അധ്യക്ഷ സ്ഥാനത്തേക്ക് വരാന്‍ സാധ്യതയില്ല.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെപ്പോലുള്ള വിശ്വസ്തരെയാണ് ഗാന്ധി കുടുംബം അല്ലാത്ത ഓപ്ഷനുകളായി കാണുന്നത്. നിലവിലെ അധ്യക്ഷ സോണിയാഗാന്ധിയെ അടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്റെ പേര് നിര്‍ദേശിക്കാനുള്ള പ്രമേയം പാസാക്കുന്നതില്‍ നിന്ന് സംസ്ഥാന പ്രതിനിധികളെ തടയുന്നില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍ അത് കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയെ ബാധിക്കില്ല. പ്രമേയങ്ങള്‍ പാസാക്കുന്നതിനുള്ള ഈ പ്രക്രിയയുടെ ഭാഗമല്ല ഞങ്ങള്‍, തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട ഒരു നേതാവ് പറഞ്ഞു. ആര് അധ്യക്ഷ സ്ഥാനത്തേക്ക് വന്നാലും 2024 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും എതിരെയുള്ള മത്സരത്തിന് പാര്‍ട്ടി ഉയര്‍ത്തി കാട്ടുക രാഹുല്‍ ഗാന്ധയെ തന്നെയാകും.

ഈ മാസം 20ന് മുമ്പ് പ്രമേയങ്ങള്‍ പാസാക്കണമെന്ന് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബര്‍ 22 മുതല്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ നടപടികള്‍ ആരംഭിക്കുന്നതാണ്. സെപ്റ്റംബര്‍ 24 നും 30 നും ഇടയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. വോട്ടെടുപ്പ് ഒക്ടോബര്‍ 17 നാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി സോണിയ ഗാന്ധിയാണ് ഇടക്കാല അധ്യക്ഷ. 2017-ല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി തന്റെ പിന്‍ഗാമിയാകുന്നതുവരെ അവര്‍ തുടര്‍ച്ചയായ 18 വര്‍ഷക്കാലം മുഴുവന്‍ സമയവും ഈ പദവി വഹിച്ചു. എന്നാല്‍ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം രാഹുല്‍ രാജിവച്ചു.
എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?

ഇതോടെയാണ് സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായത്. 2000-ല്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് ജിതേന്ദ്ര പ്രസാദ് സോണിയാ ഗാന്ധിയെ വെല്ലുവിളിച്ച് മത്സരിച്ചതാണ് പാര്‍ട്ടി അവസാനമായി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം കണ്ടത്. 99 ശതമാനം ഡെലിഗേറ്റ് വോട്ടുകള്‍ നേടിയാണ് അന്ന് സോണിയ വിജയിച്ചത്.












Click it and Unblock the Notifications