രാഹുലിന്റെ ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ അവസാനിച്ചു; നാളെ വീണ്ടും ഹാജരാകണം
ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ഒമ്പത് മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇ ഡി ( എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് )ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം ഇ ഡി ആസ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി തിരിച്ചു. നാളെ വീണ്ടും രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇ ഡിക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം രാഹുല്‍ ഗാന്ധിക്കൊപ്പം ഇ ഡി ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം ഇന്നലെ തന്നെ ദല്‍ഹി പൊലീസ് തടഞ്ഞിരുന്നു.

തിങ്കളാഴ്ച രാവിലെ 7 മണിയോടെ എ ഐ സി സി ആസ്ഥാനത്തും ഇ ഡി ഓഫീസ് പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാവിലെ പത്തരയോടെ എ ഐ സി സി ആസ്ഥാനത്ത് എത്തിയ രാഹുല്‍ ഗാന്ധി പൊലീസ് വിലക്ക് അവഗണിച്ച് പ്രവര്‍ത്തകര്‍ക്കൊപ്പം നീങ്ങുകയായിരുന്നു.
സാഹചര്യം സംഘര്‍ഷത്തിന്റെ വക്കോളമെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയെ വാഹനത്തിലേക്ക് മാറ്റി ഇ ഡി ഓഫീസിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതോടെ പ്രകോപിതരായ നേതാക്കളും പ്രവര്‍ത്തകരും ഇ ഡി ഓഫീസിലേക്ക് നീങ്ങിയെങ്കിലും വഴിയില്‍ പൊലീസ് ശക്തമായ പ്രതിരോധം തീര്‍ത്ത് തടഞ്ഞു.
പൊളി പൊളിയേയ്... ഐശ്വര്യ ചോക്ലേറ്റ് ക്വീന്‍ ആയല്ലോ, വൈറല്‍ ചിത്രങ്ങള്‍
രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകരേയും പോകാന്‍ അനുവദിച്ചിരുന്നില്ല. അതേസമയം ചോദ്യം ചെയ്യലിനിടെ ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലെത്തി രാഹുല്‍ ഗാന്ധി അമ്മയും കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയെ കാണ്ടിരുന്നു. കൊവിഡ് ബാധിച്ചതിന് ശേഷം ചികിത്സയിലാണ് സോണിയ ഗാന്ധി.
സഹോദരിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ഗാന്ധി ആശുപത്രിയില്‍ എത്തിയത്. സോണിയയെ കണ്ടശേഷം രാഹുല്‍ ഗാന്ധി വീണ്ടും ചോദ്യം ചെയ്യലിനായി ഇ ഡി ഓഫീസിലേക്ക് മടങ്ങുകയായിരുന്നു. കേസില്‍ ഈ മാസം 23 ന് ഹാജരാകാന്‍ സോണിയ ഗാന്ധിക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
രണ്ട് അസിസ്റ്റന്റ് ഡയറക്ടര്‍മാരും ഒരു ഡെപ്യൂട്ടി ഡയറക്ടറും അടങ്ങുന്ന സംഘമാണ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിങ് സുര്‍ജെവാല, അശോക് ഗെഹ്ലോട്ട്, ഹരീഷ് റാവത്ത്, ഭുപേഷ് ബാഗേല്‍ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടെ കസ്റ്റഡിയില്‍ എടുത്ത എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണിരുന്നു.












Click it and Unblock the Notifications