ഗുജറാത്ത് ഭരിക്കാൻ പുതിയ കരുനീക്കങ്ങളുമായി കോൺഗ്രസ്; അമരത്തേക്ക് ഈ നേതാക്കൾ ? പക്ഷേ...
അബമ്മദാബാദ്; 2022 അവസാനമാണ് ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തങ്ങളുടെ ഉറച്ച കോട്ട ഇക്കുറിയും കൈവിടില്ലെന്ന് ബിജെപി നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും സാഹചര്യം അത്ര അനുകൂലമല്ലെന്ന് പാർട്ടിയിൽ തന്നെ അടക്കം പറച്ചിലുകൾ ഉണ്ട്. കൊവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ തിരിച്ചടിയായേക്കുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം മറുവശത്ത് കോൺഗ്രസ് ആകട്ടെ പ്രതീക്ഷ ഏറിയ നിലയിലാണ്. ഇപ്പോൾ സംസ്ഥാനത്ത് അനുകൂല സാഹചര്യമാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. ബിജെപിയെ പൂട്ടൻ മികച്ച നേതാക്കളെ തന്നെ രംഗത്തിറക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി കേന്ദ്രങ്ങളെ പോലും വിറപ്പിച്ച് 77 സീറ്റുകൾ വരെ സ്വന്തമാക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. ബിജെപിക്ക് അന്ന് 99 സീറ്റുകളായിരുന്നു ലഭിച്ചിരുന്നു. ഇത്തവണ ശക്തമായ മത്സരം കാഴ്ച വെച്ചാൽ സംസ്ഥാനത്ത് നഷ്ടപ്രതാപം തിരിച്ച് പിടിച്ച് അധികാരത്തിലേറാമെന്നാണ് കോൺഗ്രസ് കണക്ക് കൂട്ടൽ.

കഴിഞ്ഞ തവണ കോൺഗ്രസ് വിജയത്തിന് സഹായകമായ പട്ടേൽ സമുദായം ഉൾപ്പെടെ ഇപ്പോൾ ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുണ്ടെന്നത് അനൂകൂല ഘടകമായി കോൺഗ്രസ് കണക്ക് കൂട്ടുന്നു. പട്ടേൽ പ്രക്ഷോഭ നേതാവായ ഹാർദിക്ക് പാട്ടേലിനെ കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനത്ത് നിയമിച്ചതും പാർട്ടിക്ക് ഗുണകരമാകുമെന്നും നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്.

അതേസമയം മികച്ച നേതൃത്വത്തിന്റെ അഭാവം സംസ്ഥാനത്ത് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.പുതിയ സംസ്ഥാന അധ്യക്ഷനേയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയേയും ഉടൻ നിയമിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. എന്നാൽ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും നേതാക്കളെ കണ്ടെത്താതെ ഇരുട്ടിൽ തപ്പുകയാണ് നേതൃത്വം .

നേരത്തേ മാർച്ചിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരുന്ന അമിത് ചാവ്ദയും നിയമസഭ കക്ഷി നേതാവായിരുന്ന പരേഷ് ദനാനിയും രാജിവെച്ചിരുന്നു.എന്നാൽ അന്ന് പുതിയ നേതാക്കളെ നിയമിക്കാൻ നേതൃത്വം തയ്യാറായില്ല. നേതാക്കളെ കണ്ടെത്തുന്നതുവരെ പദവിയിൽ തുടരാൻ ഇരുവരോടും ഹൈക്കമാന്റ് നിർദ്ദേശിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്ന രാജീവ് സതവ് പുതിയ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും ഇതിനിടയിൽ അദ്ദേഹം കൊവിഡ് ബാധിച്ച് മരിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ചുമതല പുതിയ എഐസിസി ജനറൽ സെക്രട്ടറിക്ക് നൽകാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.

നിലവിൽ ഒഴിവ് വന്ന സ്ഥാനങ്ങളിലേക്ക് നിരവധി നേതാക്കൾ ചരടുവലി നടത്തുന്നുണ്ട്. മുതിർന്ന നേതാക്കളെ തത്സ്ഥാനങ്ങളിലേക്ക് നിയോഗിച്ചാൽ അത് യുവ നേതാക്കൾ ഇടയാൻ കാരണമാകുമെന്ന ആശങ്ക നേതൃതൃത്തിനുണ്ട്. അതിനാൽ തിരഞ്ഞെടുപ്പ് നിർണായകമായ ഘട്ടത്തിൽ പരമാവധി പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനാണ് നേതൃത്വത്തിന്റെ തിരുമാനം.

എന്തായാലും മഹാരാഷ്ട,രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ തർക്കങ്ങൾ പരിഹരിച്ച ശേഷം മാത്രമാകും ഗുജറാത്തിൽ പ്രശ്ന പരിഹാരത്തിനായി ഹൈക്കമാന്റ് ഇടപെട്ടേക്കുക. അതിനിടെ സംസ്ഥാനത്തിന്റെ എഐസിസി ജനറൽ സെക്രട്ടറിയായി സച്ചിൻ പൈലറ്റിനേയോ അശോക് ചവാനേയോ നിയമിച്ചേക്കുമെന്നുള്ള സൂചനകളും കോൺഗ്രസ് വൃത്തങ്ങൾ നൽകുന്നുണ്ട്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കടുത്ത ഭീഷണിയാകുക ആംആദ്മി പാർട്ടിയും അസദ്ദുദ്ദീൻ ഉവൈസിയുടെ മജ് ലിസെ ഇത്തിഹാദുൽ മുസ് ലിമീൻ (എഐഎംഐഎം) പാർട്ടിയുമാകുമെന്നാണ് കണക്കാക്കപെടുന്നത്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളുടേയും സാന്നിധ്യം കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴാൻ കാരണമായിരുന്നു.
Recommended Video

ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ പ്രബല വിഭാഗമായ പട്ടേൽ സമുദായത്തിന്റെ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പട്ടേൽ വിഭാഗത്തിൽ നിന്നുള്ള നേതാവിനെ പാർട്ടി അധ്യക്ഷൻ ആക്കണമെന്ന ആവശ്യം കോൺഗ്രസിൽ ഉയരുന്നുണ്ട്. അധ്യക്ഷ സ്ഥാനത്തിനായി പട്ടേൽ പ്രക്ഷോഭ നേതാവ് ഹാർദ്ദിക്ക് പട്ടേലും രംഗത്തുണ്ട് ,.












Click it and Unblock the Notifications