2 പേരും ഒരേപോലെ.... മധ്യപ്രദേശില്‍ ചൗഹാന് പണിയുമായി കോണ്‍ഗ്രസ്, 25 ദിവസമായിട്ടും മന്ത്രിസഭയില്ല!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ അധികാരത്തിലെത്തിയെങ്കിലും ബിജെപിയുടെ തലവേദന നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ഇതുവരെ സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എമാരെ പോലും അനുനയിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ശിവരാജ് സിംഗ് ചൗഹാനും പാര്‍ട്ടിയുടെ ദേശീയ നേതൃത്വവും ജ്യോതിരാദിത്യ സിന്ധ്യയെയും മറ്റ് വിമതരെയും മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ഇവര്‍ തുറന്ന് പറയുന്നു.
അതേസമയം കോണ്‍ഗ്രസ് ശിവരാജ് സിംഗ് ചൗഹാനെതിരെ ഒളിഞ്ഞും തെളിഞ്ഞും കൃത്യമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ്. ചൗഹാന്‍ മന്ത്രിസഭ രൂപീകരിക്കാതെ 25 ദിവസമാണ് പിന്നിട്ടിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തന്നെ റെക്കോര്‍ഡാണിത്. അതോടൊപ്പം വലിയൊരു നാണക്കേടും കൂടിയാണിത്. ആരെ മന്ത്രിയാക്കണം എന്നൊന്നും വലിയ പിടുത്തമില്ലാത്ത അവസ്ഥയിലാണ് ബിജെപി.

കോണ്‍ഗ്രസിന്റെ വന്‍ ട്രോള്‍
ചൗഹാന്‍ 25 ദിവസം മന്ത്രിസഭയില്ലാതെ പൂര്‍ത്തിയാക്കിയ കാര്യം കോണ്‍ഗ്രസാണ് ഓര്‍മിപ്പിച്ചത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രി മന്ത്രിസഭയില്ലാതെ സര്‍ക്കാരിനെ ഇത്രയും ദിവസം മുന്നോട്ട് കൊണ്ടുപോകുന്നത് ആദ്യമായിട്ടാണ്. മുമ്പുള്ള റെക്കോര്‍ഡും ബിജെപി മുഖ്യമന്ത്രിയുടെ പേരില്‍ തന്നെയാണ്. ബിഎസ് യെഡിയൂരപ്പ കര്‍ണാടകത്തില്‍ 24 ദിവസം മന്ത്രിസഭയില്ലാതെയാണ് മരിച്ചത്. പ്രളയ സംബന്ധമായ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ യെഡിയൂരപ്പയും കോവിഡിനെ നേരിടുന്നതില്‍ ചൗഹാനും പരാജയമായിരിക്കുകയാണ്.

പരിഹാസം ഇങ്ങനെ
അഭിനന്ദനങ്ങള്‍ ശിവരാജ് ജി. മധ്യപ്രദേശില്‍ ഇത്ര വലിയൊരു പ്രതിസന്ധിക്കിടയിലും താങ്കള്‍ക്കൊരു ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കാന്‍ സാധിച്ചു. മന്ത്രിമാരില്ലാതെ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി ഇരുന്നയാള്‍ എന്ന റെക്കോര്‍ഡ്. മുമ്പത്തെ റെക്കോര്‍ഡ് യെഡിയൂരപ്പയുടെ പേരിലായിരുന്നു. രണ്ട് പേരും നാലാം തവണയാണ് മുഖ്യമന്ത്രിയാവുന്നത്. ഇവര്‍ സര്‍ക്കാരുണ്ടാക്കിയതും മറ്റ് പാര്‍ട്ടികളില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുത്താണ്. സമാനതകള്‍. ഇങ്ങനെയായിരുന്നു കോണ്‍ഗ്രസിന്റെ രാജ്യസഭാ അംഗം വിവേക് തന്‍ക പരിഹസിച്ചത്.

കണക്കുകള്‍ ഇങ്ങനെ
കമല്‍നാഥ് സര്‍ക്കാരിനെ ചൗഹാന്‍ പുറത്താക്കിയത് അന്യായമായ വഴിയിലൂടെയാണ്. ബിജെപിയുടെ ഈ വഴിവിട്ട കളികള്‍ കൊണ്ട് മധ്യപ്രദേശ് എത്രത്തോളം ബുദ്ധിമുട്ടിയെന്ന് അവര്‍ മനസ്സിലാക്കുമെന്ന് കരുതുന്നതായും വിവേക് തന്‍ക പറഞ്ഞു. ഭോപ്പാലില്‍ മാത്രം 90ലധികം കേസുകളാണ് ഉള്ളത്. ഇന്‍ഡോറില്‍ ഇത് 800ലധികം കൊറോണകേസുകളാണ്. രാജ്യത്ത് ഏറ്റവുമധികം മരണനിരക്ക് ഇന്‍ഡോറിലാണ്. എന്നാല്‍ ബിജെപി ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇതൊന്നും പോരെന്നും തന്‍ക പറഞ്ഞു.

പോരടിച്ച് പാര്‍ട്ടികള്‍
നിങ്ങള്‍ രാഷ്ട്രീയം തുടര്‍ന്നും കളിക്കുക. ഞാന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാം എന്നായിരുന്നു ശിവരാജ് സിംഗ് ചൗഹാന്‍ കോണ്‍ഗ്രസിന് മറുപടി നല്‍കിയത്. നിങ്ങള്‍ ഞങ്ങളുടെ സര്‍ക്കാരിനെ വീഴ്ത്തി. അതിലൂടെ നേടാനുള്ളതെല്ലാം നേടി. ഇനി ദയ കാണിക്കൂ. ജനങ്ങളുടെ ജീവന്‍ രക്ഷിക്കൂ എന്നാണ് ഇതിന് കോണ്‍ഗ്രസ് മീഡിയ സെല്‍ നേതാവ് ജിത്തു പട്വാരി പറഞ്ഞത്. നേരത്തെ സര്‍ക്കാര്‍ രൂപീകരിക്കാനാവാത്ത സാഹചര്യത്തില്‍ ചൗഹാന്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിരുന്നു. മുന്‍ ആരോഗ്യ മന്ത്രി തുളസീറാം സിലാവത്തും ഈ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. സിന്ധ്യ ക്യാമ്പിനായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്.

സിന്ധ്യയുടെ സമ്മര്‍ദം
സിന്ധ്യ മന്ത്രിസഭ രൂപീകരിക്കാത്തതില്‍ അസംതൃപ്തനാണ്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായെ അദ്ദേഹം കണ്ടിരുന്നു. തനിക്കൊപ്പം കോണ്‍ഗ്രസ് വിട്ട മന്ത്രിസഭയുടെ ഭാഗമായിരുന്ന എട്ട് പേര്‍ക്കും മന്ത്രിസ്ഥാനം നല്‍കണമെന്നാണ് സിന്ധ്യ ആവശ്യപ്പെട്ടത്. ആറ് പേരുടെ പേരാണ് സിന്ധ്യ നിര്‍ബന്ധം പിടിക്കുന്നത്. തുളസി സിലാവത്ത്, ഗോവിന്ദ് സിംഗ് രജപുത്, മഹേന്ദ്ര സിംഗ് സിസോദിയ, പ്രഭുറാം ചൗധരി, ഇമര്‍ത്തി ദേവി, പ്രദ്യുമാന്‍ സിംഗ് തോമര്‍ എന്നിവരുടെ പേരാണ് അമിത് ഷായ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

അമിത് ഷാ പറയുന്നത്
നിലവില്‍ ചെറിയ മന്ത്രിസഭയാണ് മധ്യപ്രദേശില്‍ രൂപീകരിക്കുക. തുളസി സിലാവത്തും ഗോവിന്ദ് സിംഗ് രജപുത്തും മാത്രമാണ് ഈ മന്ത്രിസഭയില്‍ ഇടംപിടിക്കുക. ബാക്കിയുള്ളവരെ ലോക്ഡൗണ്‍ പിന്‍വലിച്ച ശേഷം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. ഇതിനോട് സിന്ധ്യ അംഗീകരിച്ചോ എന്ന് വ്യക്തമല്ല. ഏപ്രില്‍ 20ന് ശേഷം മന്ത്രിസഭ രൂപീകരിക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ നീക്കം. നേരത്തെ ചൗഹാന്‍ മാത്രം മതിയെന്നായിരുന്നു അമിത് ഷായുടെ നിലപാട്.












Click it and Unblock the Notifications