ചണ്ഡീഗഡില്‍ മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസില്ല, കൗണ്‍സിലര്‍മാരെ ജയ്പൂരിലേക്ക് മാറ്റി
ദില്ലി: ചണ്ഡീഗഡില്‍ ആംആദ്മി പാര്‍ട്ടിയും ബിജെപിയും തമ്മിലുള്ള പോരാട്ടത്തിന് കളമൊരുക്കി. കോണ്‍ഗ്രസിനെ നേരത്തെ തന്നെ സമീപിച്ച എഎപി രഹസ്യ പിന്തുണ ഉറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന കാര്യം പിന്നീട് മാത്രമേ തീരുമാനിക്കൂ എന്നായിരുന്നു കോണ്‍ഗ്രസിന്റെ പരസ്യ നിലപാട്.
അതേസമയം എഎപിയും കോണ്‍ഗ്രസും ഒരുമിച്ചാണ് രഹസ്യ നീക്കങ്ങള്‍ നടത്തുന്നത്. ബിജെപിയെ വീഴ്ത്തുക എന്ന ലക്ഷ്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ചണ്ഡീഗഡില്‍ ബിജെപി അധികാരം പിടിച്ചാല്‍ പിന്നീടൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞാണ് ഈ നീക്കം.

അതി നിര്‍ണായകമായിട്ടുള്ള നാല് ദിവസങ്ങളാണ് ഇനി കോണ്‍ഗ്രസിനും എഎപിക്കും വരാനുള്ളത്. മേയര്‍ തിരഞ്ഞെടുപ്പ് വരെ കൗണ്‍സിലര്‍മാരെ സുരക്ഷിതരാക്കേണ്ടതുണ്ട്. ജനുവരി എട്ടിനാണ് ചണ്ഡീഗഡില്‍ മേയര്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. എഎപിയും ബിജെപിയും തമ്മിലാണ് മത്സരം. കോണ്‍ഗ്രസ് പിന്മാറിയിരിക്കുകയാണ്. എഎപി അഞ്ജു കത്യാലിനെയാണ് മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി സരബ്ജിത്ത് കൗറിനെയും മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി. രണ്ട് പേരും ആദ്യമായിട്ടാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. ഇവരില്‍ ആര് ജയിക്കണമെങ്കിലും കോണ്‍ഗ്രസിന്റെ വോട്ട് നിര്‍ണായകമാണ്.

മേയര്‍ സ്ഥാനം വനിതകള്‍ക്കായി സംവരണം ചെയ്തിരിക്കുകയാണ്. അതുകൊണ്ട് വനിതകളെ മാത്രമേ നിര്‍ത്താനാവൂ. ഇരു നേതാക്കളും നാമനിര്‍ദേശ പത്രിക നല്‍കി. ഇന്നായിരുന്നു അവസാന തിയതി. അതേസമയം സീനിയര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് ദലീപ് ശര്‍മയെയും ബിജെപി കളത്തിലിറക്കുന്നുത. ഡെപ്യൂട്ടി മേയര്‍ പോസ്റ്റിലേക്ക് അനൂപ് ഗുപ്തയെയും മത്സരിപ്പിക്കും. എഎപി സീനിയര്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രേമലതയെ പ്രഖ്യാപിച്ചു. ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ത്ഥിയായി രാംചന്ദര്‍ യാദവിനെയും മത്സരിക്കാന്‍ തീരുമാനിച്ചു. 19 സീറ്റാണ് ഭൂരിപക്ഷത്തിനായി വേണ്ടത്. കോണ്‍ഗ്രസിന് ഏഴംഗങ്ങളാണ് ഉള്ളത്.

ഹര്‍പ്രീതിനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി കളിക്കാനായിരുന്നു ബിജെപിയുടെ പ്ലാന്‍. ഇതിലൂടെ കോണ്‍ഗ്രസില്‍ നിന്നുള്ള വോട്ടുകള്‍ അടര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ അവസാന നിമിഷം ഇത് മാറുകയായിരുന്നു. അതേസമയം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ സംസ്ഥാനത്ത് നിന്ന് മാറ്റിയതാണ് അമ്പരപ്പിച്ച തീരുമാനം. ജയ്പൂരിലേക്കാണ് ഇവരെ മാറ്റിയത്. നേരത്തെ മധ്യപ്രദേശില്‍ അടക്കം പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഇവരെ രാജസ്ഥാനിലേക്ക് ഒക്കെ മാറ്റിയിരുന്നു. എഎപി കൗണ്‍സിലര്‍മാരെ ദില്ലിയിലേക്കാണ് മാറ്റിയത്. ബിജെപി വന്‍ ഓഫറുകളാണ് എല്ലാ നേതാക്കള്‍ക്കും നല്‍കുന്നത്. ഒരാള്‍ക്ക് 50 ലക്ഷം രൂപ വരെ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

അതേസമയം കോണ്‍ഗ്രസും എഎപിയും തമ്മില്‍ രഹസ്യമായി സഖ്യം തീരുമാനിച്ചിട്ടുണ്ട്. ആദ്യത്തെ ഒരു വര്‍ഷം എഎപിക്ക് മേയര്‍ സ്ഥാനം ലഭിക്കും. രണ്ടാമത്തെ വര്‍ഷം കോണ്‍ഗ്രസിനായിരിക്കും മേയര്‍ സ്ഥാനം. ഇത് പ്രകാരമാണ് കോണ്‍ഗ്രസിന്റെ പിന്തുണ ലഭിക്കുക. അതേസമയം ശിരോമണി അകാലിദള്‍ ആരെ പിന്തുണയ്ക്കുമെന്ന് വ്യക്തമല്ല. ഇവരുടെ വോട്ട് കോണ്‍ഗ്രസ് പിന്തുണയ്ക്കുകയാണെങ്കില്‍ നിര്‍ണായകമാകില്ല. പക്ഷേ ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാന്‍ ഇവര്‍ തയ്യാറാണ്. ആംആദ്മി പാര്‍ട്ടി പിന്തുണ തേടിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചൗള വ്യക്തമാക്കിയിട്ടുണ്ട്. രണ്ടും മൂന്നും വര്‍ഷം തങ്ങളുടെ മേയര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാമെന്ന് എഎപി ഉറപ്പ് നല്‍കിയതായി ചൗള വ്യക്തമാക്കി.

ചണ്ഡീഗഡില്‍ നിലവില്‍ കൂറുമാറ്റ നിരോധന നിയമം നിലവില്‍ ഇല്ല. അതാണ് കോണ്‍ഗ്രസും എഎപിയും ഭയപ്പെടാന്‍ കാരണം. ആര്‍ക്കും ഏത് പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാം. പദവികള്‍ രാജിവെക്കേണ്ടതുമില്ല. പാര്‍ട്ടിയുടെ വിപ്പ് പോലും ഒരു കൗണ്‍സിലര്‍മാരും അനുസരിക്കേണ്ടതില്ല. ആര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാം. അതുകൊണ്ട് മത്സരം എങ്ങോട്ട് തിരിയുമെന്നത് ആശങ്കയാണ്. ഒരു കൗണ്‍സിലര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതാണ് ആശങ്കപ്പെടുത്തുന്നത്. എഎപിയെ പിന്തുണയ്ക്കാനുള്ള പ്രധാന കാരണവും ഇത് തന്നെയാണ്. മേയര്‍ സ്ഥാനം കിട്ടുമെന്ന ഉറപ്പ് കോണ്‍ഗ്രസിന് അപ്രതീക്ഷിതമായി ലഭിച്ചതാണ്. ഇത് ഉപയോഗപ്പെടുത്താനാണ് തീരുമാനം.












Click it and Unblock the Notifications