ലോക്സഭ തിരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ തുടങ്ങി കോൺഗ്രസ്, ഖാർഗെയുടെ കീഴിൽ ടാസ്ക് ഫോഴ്സ് യോഗം
ദില്ലി: 2024 ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ കോൺഗ്രസ് നേരത്തേ തന്നെ ആരംഭിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ നടന്ന ചിന്തൻ ശിവിരിൽ പൊതുതിരഞ്ഞെടുപ്പിനെ നേരിടേണ്ട ചർച്ചകളും, പ്രവർത്തനങ്ങൾ നടത്തുന്നതിനും വെല്ലുവിളികളെ നേരിടാനുമായി പ്രവർത്തക സമിതിയും കോൺഗ്രസ് രൂപീകരിച്ചിരുന്നു. 'ടാസ്ക് ഫോഴ്സ്' എന്ന പേരിൽ അറിയപ്പെടുന്ന സമിതിയുടെ ആദ്യ യോഗം പുതിയ അധ്യക്ഷന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേരും.

ചിന്തൻ ശിവിറിൽ വെച്ചായിരുന്നു 8 അംഗ ടാസ്ക് ഫോഴ്സിനെ അന്നത്തെ അധ്യക്ഷയായിരുന്നു സോണിയ ഗാന്ധി പ്രഖ്യാപിച്ചത്. പി ചിദംബരം, മുകുള്‍ വാസ്‌നിക്, ജയ്‌റാം രമേശ്, കെസി വേണുഗോപാല്‍, അജയ് മാക്കെന്‍, രണ്‍ദീപ് സര്‍ജെവാല, പ്രിയങ്ക ഗാന്ധി വദ്ര കൂടാതെ തെരഞ്ഞെടുപ്പ് തന്ത്രഞ്ജൻ സുനിൽ കൊനുഗലു എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. രാഷ്ട്രീയ വെല്ലുവിളികളെ നേരിടുകയെന്നതാണ് ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ ചുമതല.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനം ഏറ്റെടുത്തതിനന് ശേഷമുള്ള ആദ്യ ടാസ്ക് ഫോഴ്സ് യോഗമാണ് തിങ്കളാഴ്ച നടക്കാനിരിക്കുന്നത്. സമിതിയുടെ പ്രവർത്തനങ്ങളും 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പദ്ധതികളും പുതിയ അധ്യക്ഷന് യോഗത്തിൽ വിവരിച്ച് നൽകും. അതിനിടെ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിൽ കോൺഗ്രസ് ഏറ്റവും സുപ്രധാനമായി കാണുന്ന രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതിനുള്ള ചർച്ചകളും കോൺഗ്രസിൽ പുരോഗമിക്കുന്നുണ്ട്. രാജ്യത്തിന്റെ കിഴക്കൻ മേഖലകളും പടിഞ്ഞാറൻ മേഖലകളും ലക്ഷ്യം വെച്ചായിരിക്കും യാത്ര..

2019 ൽ 55 സീറ്റുകളായിരുന്നു ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയത്. വരും ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ മുൻനിർത്തിയാകും കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തന്നെ പ്രഖ്യാപിച്ച് കഴിഞ്ഞു. ബി ജെ പിയെ വീഴ്ത്താൻ നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് സാധ്യമാകില്ലെന്നിരിക്കെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ സഖ്യം ഉണ്ടാകുമോയെന്നാണ് ഇനി ഉറ്റുനോക്കപ്പെടുന്നത്. 'വല്ല്യേട്ടൻ' മനോഭാവം കോൺഗ്രസ് തുടരുകയും രാഹുൽ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന നിർദ്ദേശവും കോൺഗ്രസ് മുന്നോട്ട് വെയ്ക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് ഇതര പ്രതിപക്ഷ സഖ്യം സംബന്ധിച്ചുള്ള ചർച്ചകളിലേക്ക് പാർട്ടികൾ കടന്ന് കഴിഞ്ഞിട്ടുണ്ട്.

അതിനിടെ 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചുള്ള തന്ത്രങ്ങളാണ് ബി ജെ പി മെനയുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇത് സംബന്ധിച്ച നീക്കങ്ങൾ പാർട്ടി നടത്തും. തമിഴ്നാട്, ആന്ധപ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ലക്ഷ്യമിട്ട് മോദിയുടെ വമ്പൻ റാലികളും പരിപാടികളും നടത്താനൊരുങ്ങുകയാണ് ബി ജെ പി.












Click it and Unblock the Notifications