കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബർ 17ന്; വോട്ടെണ്ണൽ 19ന്
ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഒക്ടോബർ 17നു നടക്കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി യോഗം തെരഞ്ഞെടുപ്പ് തീയതിക്ക് അംഗീകാരം നൽകി. വോട്ടെണ്ണൽ 19ന് നടത്താനും പ്രവർത്തകസമിതിയോഗം തീരുമാനിച്ചു.
സെപ്റ്റംബർ 24 മുതൽ 30 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.സ്ഥാനാർഥി പട്ടിക ഒക്ടോബർ 8ന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ ഒക്ടോബര്‍ 16 വരെ പ്രചാരണം നടത്താം.സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു.

എഐസിസി ജനറൽ സെക്രട്ടറിമാർ എഐസിസി ആസ്ഥാനത്ത് നിന്ന് യോഗത്തിൽ പങ്കെടുത്തു. തെരഞ്ഞെടുപ്പ സംബന്ധിച്ച് തീരുമാനം മാത്രമാണ് യോഗത്തിൽ ഉണ്ടായത്. രാഹുൽ ഗാന്ധിക്കെതിരായ ഗുലാം നബി ആസാദിന്റെ കത്തും യോഗം ചർച്ച ചെയ്തില്ല.
രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് നേരത്തെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സംബന്ധിച്ച അഭിപ്രായയങ്ങളോ ചർച്ചകളോ ഇന്നത്തെ യോഗത്തിൽ ഉണ്ടായില്ലെന്നാണ് സൂചന.
അതേ സമയം,രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് കോൺഗ്രസ് അധ്യക്ഷനാകാൻ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ആവശ്യപ്പെട്ടതായുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിട്ടുണ്ട്. അല്ലെങ്കിൽ രാഹുൽ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അധ്യക്ഷ സ്ഥാനത്തേക്ക് വരണം. എന്നാൽ രാഹുൽ താൽപര്യം വ്യക്തമാക്കിയിട്ടില്ല.
എന്നാൽ പ്രിയങ്ക ഗാന്ധിയെ പരിഗണിച്ചെങ്കിലും രാഹുൽ ഇല്ലെങ്കിൽ താനുമില്ലെന്ന നിലപാടാണ് പ്രിയങ്ക സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മുതിർന്ന നേതാവെന്ന നിലയിൽ ഗെഹ്ലോട്ടിനെ പരിഗണിക്കാനുള്ള സാധ്യതകൾ സോണിയ ആരാഞ്ഞതെന്നാണ് വിവരം. എന്നാൽ ഹൈക്കമാൻഡ് നൽകിയ രാജസ്ഥാന്റെ ചുമതലകൾ താൻ നിർവഹിക്കുന്നുണ്ടെന്നും അധ്യക്ഷ സ്ഥാനത്തേക്കെന്ന രീതിയിലെ പ്രചാരണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ഗെഹ്ലോട്ട് പ്രതികരിച്ചത്. ഇതോടൊപ്പം നയിക്കാൻ രാഹുൽ തന്നെ വരണമെന്ന ആവശ്യവും ഗെഹ്ലോട്ട് മുന്നോട്ട് വെക്കുന്നുന്നുണ്ട്












Click it and Unblock the Notifications