പഞ്ചാബില്‍ കാറ്റി മാറി വീശുന്നു? പ്രധാനമന്ത്രിയെ കണ്ട് കോണ്‍ഗ്രസ് എംപി, ബിജെപിയില്‍ ചേര്‍ന്നേക്കും
ദില്ലി: പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്. ലുധിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവും എംപിയുമായ രവനീത് സിംഗ് ബിട്ടു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് വിടാനുള്ള നീക്കമാണ് ബിട്ടു നടത്തുന്നതെന്നാണ് സൂചന. പഞ്ചാബ് കോണ്‍ഗ്രസ് ആകെ തമ്മിലടിയില്‍ തകര്‍ന്ന് നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷവും അതിന് മാറ്റം വന്നിട്ടില്ല. സിദ്ദു ക്യാമ്പ് അധികാരം പിടിക്കാന്‍ അടക്കം നടത്തുന്ന നീക്കങ്ങള്‍ പല നേതാക്കളെയും നിരാശരാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ബിട്ടു കളം മാറാന്‍ ഒരുങ്ങുന്നത്. പല സീനിയര്‍ നേതാക്കളും കോണ്‍ഗ്രസില്‍ നിരാശയിലാണ്. ഇവരും ഇതേ വഴി സ്വീകരിക്കാന്‍ സാധ്യതയുണ്ട്.

പഞ്ചാബ് കോണ്‍ഗ്രസിലെ തന്നെ ഏറ്റവും പ്രമുഖ എംപിയാണ് ബിട്ടു. അദ്ദേഹം പാര്‍ട്ടി വിടുന്നത് സംസ്ഥാനത്തെ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുമെന്ന് ഉറപ്പാണ്. ഇതുവരെ ഹൈക്കമാന്‍ഡ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാത്തതുമെല്ലാം വൈകാതെ തന്നെ നേതൃത്വത്തെ മൊത്തത്തില്‍ ബാധിക്കാനാണ് സാധ്യത. എന്നാല്‍ പഞ്ചാബിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രിയെ കണ്ടതെന്നാണ് ബിട്ടുവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ബിട്ടു ബിജെപിയില്‍ ചേരാന്‍ പോവുകയാണെന്ന വാദങ്ങളെ ഇവര്‍ തള്ളി. ആംആദ്മി പാര്‍ട്ടിയുമായി പോരാടണമെന്നാണ് ബിട്ടുവിനോട് മോദി നിര്‍ദേശിച്ചതെന്ന് അദ്ദേഹത്തിന്റെ വിശ്വസ്തര്‍ പറയുന്നു.
പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ഹിന്ദു മുഖമായിട്ടാണ് കാണപ്പെടുന്നത്. അദ്ദേഹത്തിന്റെ മുത്തശ്ശനാണ് മുമ്പ് കൊല്ലപ്പെട്ട മുഖ്യമന്ത്രി ബിയാന്‍ സിംഗ്. അതേസമയം മോദിയുമായുള്ള കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങള്‍ ബിട്ടു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഇതുവരെ സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എഎപിയുടെ വന്‍ ജയത്തിന് പിന്നാലെ നിശബ്ദമായിരിക്കുകയാണ് സംസ്ഥാന കോണ്‍ഗ്രസ്. എന്നാല്‍ യോഗത്തെ കുറിച്ച് കൂടുതല്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട എന്നാണ് ദില്ലിയിലെ നേതാക്കള്‍ പറയുന്നത്. മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി അടക്കം തോല്‍വിക്ക് ശേഷം നിശബ്ദനാണ്. ഹൈക്കമാന്‍ഡിനും വ്യക്തത വന്നിട്ടില്ല.
പഞ്ചാബില്‍ പുതിയ അധ്യക്ഷനെ അടക്കം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കേണ്ടതുണ്ട്. എന്നാല്‍ ഇതുവരെ അതൊന്നും ഉണ്ടായിട്ടില്ല. സിദ്ദു ക്യാമ്പ് പ്രതിപക്ഷ നേതൃ സ്ഥാനം പിടിക്കാനും സംസ്ഥാന അധ്യക്ഷ പദവിക്കായും നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സിദ്ദുവിനെ നേരത്തെ തന്നെ സോണിയ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വിശ്വസ്തരെ പരിഗണിക്കുമോ എന്ന് കണ്ടറിയണം. ഫലം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ക്യാമ്പ് ഇനിയൊരു തിരിച്ചുവരവില്ലെന്ന് കരുതുന്നത് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ പ്രതിപക്ഷ നേതാവിനെ പോലും പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് ഗൗരവമേറിയ കാര്യം. അതേസമയം ബിട്ടു രാഹുലിന്റെ വിശ്വസ്തനാണ്. തന്നെ പ്രധാന പദവികളിലേക്ക് പരിഗണിക്കാത്തതില്‍ അദ്ദേഹത്തിന് അമര്‍ഷമുണ്ട്.
അതേസമയം സിദ്ദുവിന്റെ നേതൃത്വത്തില്‍ സംസ്ഥാന അധ്യക്ഷ പദവിയും പ്രതിപക്ഷ നേതൃസ്ഥാനവും പിടിക്കാനായി കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. സിദ്ദുവിനെ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് ശേഷം സോണിയാ ഗാന്ധി മാറ്റിയതാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി സിദ്ദുവിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം രഹസ്യ യോഗം ചേര്‍ന്നിരുന്നു. ഇവര്‍ സിദ്ദുവിനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള നീക്കമാണ് നടത്തുന്നത്. എന്നാല്‍ രവനീത് ബിട്ടു ശക്തമായി സിദ്ദുവിനെയും ചന്നിയെയും എതിര്‍ക്കുന്ന നേതാവാണ്. സിദ്ദു ഇത്തവണ അമൃത്സര്‍ ഈസ്റ്റില്‍ പരാജയപ്പെട്ടത് കൊണ്ട് അധ്യക്ഷ സ്ഥാനം വീണ്ടും കിട്ടാനുള്ള സാധ്യത കുറവാണ്.
കോണ്‍ഗ്രസ് ഇനി വിമത നീക്കം തടയാന്‍ ബിട്ടുവിനെ അധ്യക്ഷനാക്കുമോ എന്ന സംശയവും സിദ്ദു ഗ്രൂപ്പിനുണ്ട്. പക്ഷേ കോണ്‍ഗ്രസില്‍ ഒരു നേതാവ് ഒരു പദവി എന്ന രീതി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ അധ്യക്ഷനാക്കാനോ പ്രതിപക്ഷ നേതാവാക്കാനോ സാധിക്കില്ല. ചന്നിയെ തിരിച്ചുകൊണ്ടുവരാന്‍ പക്ഷേ രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമുണ്ട്. ദളിത് ഫോര്‍മുല തന്നെ പിന്തുടരാനാണ് നീക്കം. സിഖുകളെയും ജാട്ടുകളെയും തിരിച്ച് പിടിച്ച് പാര്‍ട്ടിക്കൊപ്പം നിര്‍ത്താനും കോണ്‍ഗ്രസ് ശ്രമിച്ചേക്കും. പക്ഷേ തോല്‍വി മറന്ന് കരകയറാന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. ബിട്ടു അടക്കമുള്ളവരെ ഇത് ചൊടിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications