ഗെലോട്ട് രക്ഷപ്പെട്ടു, വിമതര്‍ക്ക് നോട്ടീസ്, രാജസ്ഥാനില്‍ ഇടപെട്ട് സോണിയ, വെട്ടിനിരത്താന്‍ നീക്കം
ദില്ലി: രാജസ്ഥാനില്‍ അപ്രതീക്ഷിതമായുണ്ടായ വിമത നീക്കത്തില്‍ നടപടിയുണ്ടാവുമെന്ന് ഉറപ്പിച്ച് ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തരെ വെട്ടിനിരത്താനുള്ള അവസരമായി ഇതിനെ ഉപയോഗിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഗെലോട്ടിന്റെ വിശ്വസ്തര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സോണിയാ ഗാന്ധി ഇത് അംഗീകരിച്ചിട്ടുണ്ട്. ഇത്രയും കാലം സംസ്ഥാനത്തുണ്ടായിരുന്ന ആധിപത്യമാണ് ഗെലോട്ട് പക്ഷം ഇതോടെ നഷ്ടപ്പെടുത്തിയത്. ഹൈക്കമാന്‍ഡിന്റെ വിശ്വാസവും ഗെലോട്ടിന് നഷ്ടമായി. മുഖ്യമന്ത്രി പദം നഷ്ടമാവാതിരിക്കാന്‍ ഗെലോട്ട് കളിച്ച നാടകമായിട്ടാണ് ഹൈക്കമാന്‍ഡ് ഇതിനെ വിലയിരുത്തുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

അശോക് ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം തല്‍ക്കാലത്തേക്ക് നിലനിര്‍ത്തും. കേന്ദ്ര നിരീക്ഷകര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗെലോട്ടിനെ കുറ്റപ്പെടുത്താനാവില്ലെന്നാണ് പറഞ്ഞത്. ഗെലോട്ട് അറിയാതെയാണ് വിമത നീക്കം എന്നാണ് ഇവര്‍ പറയുന്നത്. ഇതോടെ അദ്ദേഹം രക്ഷപ്പെട്ടിരിക്കുകയാണ്. 82 എംഎല്‍എമാര്‍ രാജിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാന്‍ പറ്റില്ലെന്നായിരുന്നു ഗെലോട്ട് പക്ഷത്തിന്റെ നിലപാട്. ഗെലോട്ട് രാജിവെച്ച് മത്സരിച്ചാല്‍ പോലും അത് നടക്കില്ലെന്നായിരുന്നു ഗെലോട്ട് പക്ഷത്തെ എംഎല്‍എമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ഈ വിഷയം ചൊടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഗാര്‍ഗെയില്‍ നിന്നും അജയ് മാക്കനില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഗെലോട്ട് പ്രതിസന്ധിക്ക് കാരണമല്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്. സമാന്തര യോഗം ചേര്‍ന്ന നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ഇതില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. മന്ത്രി ശാന്തി ധാരിവാള്‍, ചീഫ് വിപ്പ് മഹേഷ് ജോഷി, എംഎല്‍എ ധര്‍മേന്ദ്ര റാത്തോഡ്, എന്നിവര്‍ നടപടി നേരിടും. ഇവരുടെ നടപടി കടുത്ത അച്ചടക്ക നടപടിയാണെന്ന് അജയ് മാക്കന്‍ പറഞ്ഞു.

നേരത്തെ രാജസ്ഥാനിലെ പ്രതിസന്ധിയുടെ സമയത്ത് സര്‍ക്കാരിനെ പിന്തുണച്ചവരില്‍ നിന്നായിരിക്കണം മുഖ്യമന്ത്രിയെ കണ്ടെത്തേണ്ടത് എന്നാണ് ഇവര്‍ പാസാക്കിയ പ്രമേയത്തിലുള്ളത്. മൂന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം. എംഎല്‍എമാരുമായി കൂടിക്കാഴ്ച്ചയ്ക്ക് എത്തിയ കേന്ദ്ര നിരീക്ഷകരെ കാണാന്‍ നേതാക്കള്‍ തയ്യാറായിരുന്നില്ല. ഒരുമിച്ച് സംസാരിക്കാമെന്നായിരുന്നു നിലപാട്. എന്നാല്‍ സോണിയാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം ഓരോ എംഎല്‍എയെയും പ്രത്യേകം കണ്ട് സംസാരിക്കാനായിരുന്നു ഇവര്‍ എത്തിയത്.

എംഎല്‍എമാര്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് യോഗം നടത്താതെ നിരീക്ഷകര്‍ മടങ്ങിയിരുന്നു. അതേസമയം എല്ലാ എംഎല്‍എമാരെയും കേള്‍ക്കാനായി പാര്‍ട്ടി നിരീക്ഷകര്‍ കുറച്ച് സമയം കാത്തുനില്‍ക്കണമായിരുന്നുവെന്ന് രാജസ്ഥാന്‍ മന്ത്രി കച്ചരിയാസ് പറഞ്ഞു. ഒറ്റയ്ക്ക് സംസാരിക്കാന്‍ എംഎല്‍എമാര്‍ തയ്യാറായിരുന്നു. ഞങ്ങള്‍ അത് നിഷേധിക്കുമെന്ന് കരുതുന്നുണ്ടോ. സോണിയാ ഗാന്ധി എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അമ്മയെ പോലെയാണ്. പാര്‍ട്ടിയെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി ആയിരം കിലോമീറ്റര്‍ യാത്ര നടത്തുകയാണ്. കോണ്‍ഗ്രസ് ദുര്‍ബലമായിട്ടില്ല. ഞങ്ങള്‍ ഗാന്ധി കുടുംബത്തിന് എതിരല്ലെന്നും കച്ചരിയാസ് പറഞ്ഞു.

അതേസമയം ഗെലോട്ട് മത്സരിക്കുമോ എന്ന് കാര്യത്തില്‍ തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മധുസൂദന്‍ മിസ്ത്രി പറഞ്ഞു. ഗെലോട്ട് മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വിവരം ലഭിച്ചിട്ടില്ല. സീനിയര്‍ നേതാക്കളുടെ സേവനം സോണിയ തേടിയിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. എകെ ആന്റണി, കമല്‍നാഥ്, ദിഗ് വിജയ് സിംഗ്, അംബിക സോണി, പവന്‍കുമാര്‍ ബന്‍സല്‍ എന്നിവരെല്ലാം സോണിയയുമായി സംസാരിച്ചിട്ടുണ്ട്. ഇവരൊന്നും മത്സരിക്കാനില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഗെലോട്ട് ഇതിനിടെ സോണിയാ ഗാന്ധിയെ കാര്യങ്ങള്‍ അറിയിച്ചുവെന്നാണ് സൂചന.












Click it and Unblock the Notifications