കോണ്‍ഗ്രസിനോട് ഉദാരമനസ്സ് കാണിച്ച് എസ്പി, 17 സീറ്റ് നല്‍കി അഖിലേഷ്; യുപിയില്‍ ഇന്ത്യ സഖ്യമായി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ദിവസങ്ങളായി നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രതിപക്ഷ സഖ്യം നിലവില്‍ വന്നു. കോണ്‍ഗ്രസും എസ്പിയും തമ്മിലുള്ള സഖ്യത്തില്‍ തീരുമാനമായിരിക്കുകയാണ്. ഇന്ത്യ സഖ്യത്തിന് കീഴില്‍ എസ്പിയും കോണ്‍ഗ്രസും മത്സരിക്കും. കോണ്‍ഗ്രസിന് 17 സീറ്റാണ് എസ്പി നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണ്. നിലവില്‍ ഒരു സീറ്റ് മാത്രമുള്ള പാര്‍ട്ടിക്ക് ഇത്രയും സീറ്റുകള്‍ സമാജ് വാദി പാര്‍ട്ടി നല്‍കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിന് ഗുണകരമായി വരികയായിരുന്നു. യുപിയില്‍ 80 സീറ്റുകളാണ് ആകെയുള്ളത്.

യുപി എസ്പി അധ്യക്ഷന്‍ നരേഷ് ഉത്തം പട്ടേലും, യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയും ഒരുമിച്ചാണ് വാര്‍ത്താസമ്മേളനത്തിനെത്തിയതും, സഖ്യത്തിന്റെ കാര്യം പ്രഖ്യാപിച്ചതും. യുപിയിലുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയും വാര്‍ത്താസമ്മേളനത്തിനെത്തിയിരുന്നു.
ബാക്കിയുള്ള 63 സീറ്റില്‍ എസ്പി അടക്കമുള്ള പാര്‍ട്ടികള്‍ മത്സരിക്കുമെന്നും പാണ്ഡെ പറഞ്ഞു. കോണ്‍ഗ്രസ് പതിനേഴ് സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചുവെന്നും അവിനാശ് പാണ്ഡെ പറഞ്ഞു. റായ്ബറേലി, അമേഠി, കാണ്‍പൂര്‍ നഗര്‍, ഫത്തേപൂര്‍ സിക്രി, ബനസ്ഗാവ്, സഹാരണ്‍പൂര്‍, പ്രയാഗ്രാജ്, മഹാരാജ്ഗഞ്ച്, വാരണാസി, ആംറോഹ, ജാന്‍സി, ബുലന്ധ്‌ഷെഹര്‍, ഗാസിയാബാദ്, മഥുര, സീതാപൂര്‍, ബാരബങ്കി, ദിയോറിയ എന്നീ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക.
ഇതില്‍ അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടകളാണ്. എന്നാല്‍ ഇതില്‍ അമേഠി 2019ല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. ഇത്തവണ അത് തിരിച്ചുപിടിക്കുന്നതിലായിരിക്കും കോണ്‍ഗ്രസിന്റെ പ്രധാന ശ്രദ്ധ. അതേസമയം റായ്ബറേലിയില്‍ ഇത്തവണ സോണിയ മത്സരിക്കുന്നില്ല. പകരം ആര് വരുമെന്ന കാര്യത്തിലും അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയായിരിക്കുമെന്നും സൂചനയുണ്ട്.
അതേസമയം വാരണാസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയായിരിക്കും നേരിടുക. തുടര്‍ച്ചയായി രണ്ട് തവണ ഇവിടെ മോദിയാണ് വിജയിക്കുന്നത്. യുപിയില്‍ വമ്പന്‍ വിജയം തന്നെ ഇന്ത്യ സഖ്യം നേടുമെന്നും യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ഒറ്റക്കെട്ടായി തന്നെ കോണ്‍ഗ്രസ്-എസ്പി സഖ്യം നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശില്‍ ഖജുരാവോയില്‍ എസ്പി മത്സരിക്കുമെന്നും നരേഷ് ഉത്തം പട്ടേല്‍ വ്യക്തമാക്കി. ബാക്കിയുള്ള സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും പട്ടേല്‍ പറഞ്ഞു. നേരത്തെ അഖിലേഷ് യാദവ് സഖ്യം ഉണ്ടെന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. സഖ്യം വരുന്നതിന് യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ പരമാവധി സീറ്റുകളില്‍ തന്നെ എസ്പി മത്സരിക്കുമെന്നും അഖിലേഷ് പറഞ്ഞു.
നേരത്തെ വാരണാസിയില്‍ നിന്ന് മത്സരിക്കുമെന്നാണ് എസ്പി അറിയിച്ചത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പിന്‍വലിക്കും. അതേസമയം ഹത്രാസ് എസ്പിക്ക് നല്‍കും. പകരം സീതാപൂര്‍ കോണ്‍ഗ്രസിന് നല്‍കി. ബുലന്ധ്‌ഷെഹര്‍, മഥുര സീറ്റുകളില്‍ ഏതെങ്കിലുമൊന്ന് എസ്പിക്ക് കോണ്‍ഗ്രസ് നല്‍കിയേക്കും. പകരം ശ്രാവസ്തി വാങ്ങാനും സാധ്യതയുണ്ട്.












Click it and Unblock the Notifications