ഡൽഹി കഴിഞ്ഞാൽ പിന്നെ ബീഹാർ; നിയമസഭാ തിരഞ്ഞെടുപ്പിന് കച്ചമുറുക്കി കോൺഗ്രസ്, ആർജെഡി കനിയണം
ന്യൂഡൽഹി: ഈ വർഷം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലവും കണക്കിലെടുക്കുമ്പോൾ സമ്മിശ്രമായ നേട്ടം മാത്രമാണ് കോൺഗ്രസിന് അവകാശപ്പെടാൻ കഴിയുക. ലോക്‌സഭയിൽ വിചാരിച്ചതിലും മികച്ച മുന്നേറ്റം ഉണ്ടാക്കിയപ്പോഴും ഏറെ പ്രതീക്ഷിച്ച മഹാരാഷ്ട്രയും ഹരിയാനയും ഒക്കെ കൈവിട്ടുപോവുന്നത് അവർക്ക് നോക്കി നിൽക്കേണ്ടി വന്നിരുന്നു.
ഈ ഫലങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ വർഷം രണ്ട് സുപ്രധാന വെല്ലുവിളികളാണ് പാർട്ടിയെ തിരഞ്ഞെടുപ്പ് ഗോദയിൽ കാത്തിരിക്കുന്നത്. ഒന്ന് അധികം വൈകാതെ തന്നെ നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പാണ്. ഇവിടെ ദേശീയ തലത്തിലെ സഖ്യ കക്ഷികളായ എഎപി കോൺഗ്രസിനെ ഒപ്പം ചേർക്കാതെ ഒറ്റയ്ക്ക് തന്നെയാണ് ഇക്കുറിയും മത്സരിക്കുന്നത്.

രണ്ടാമത്തെ പ്രധാന തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനം ബീഹാറാണ്. അടുത്ത വർഷം അവസാനമേ തിരഞ്ഞെടുപ്പ് നടക്കുകയുള്ളൂ എങ്കിലും ഇവിടെ മുന്നൊരുക്കങ്ങൾ പാർട്ടികൾ നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്ത് മികച്ച നേട്ടമുണ്ടാക്കുക എന്നതാണ് കോൺഗ്രസിന്റെ എന്നത്തേയും പോലത്തെ ലക്ഷ്യം, എന്നാൽ അതിന് മുന്നിലുള്ള വെല്ലുവിളികൾ ഏറെയാണ്.
ഹരിയാനയിലെയും മഹാരാഷ്ട്രയിലും മോശം പ്രകടനങ്ങൾ കോൺഗ്രസിന് പ്രതിപക്ഷ പാർട്ടികളിൽ നിന്ന് തന്നെ കടുത്ത വിമർശനം നേരിടാൻ കാരണമായിട്ടുണ്ട്. പ്രതിപക്ഷ സഖ്യത്തിന്റെ നായക പദവി വഹിക്കാനുള്ള കോൺഗ്രസിന്റെ ആഗ്രഹത്തെ പലരും ഖണ്ഡിക്കുന്നത് ഈ തിരഞ്ഞെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാട്ടിയാണ്.
ബീഹാറിൽ ഇത്തവണ കോൺഗ്രസ് മികച്ച മുന്നേറ്റം ഉണ്ടാക്കണമെന്ന ആഗ്രഹം തന്നെയാണ് വച്ചുപുലർത്തുന്നത്. എന്നാൽ ഇവിടെ മത്സരിക്കാനുള്ള സീറ്റുകൾ നൽകുക എന്നത് സഖ്യത്തിന്റെ കൈയിലുള്ള തീരുമാനമാണ്. ആർജെഡിയും കോൺഗ്രസും ഒപ്പം ഇടത് പാർട്ടികളും ചേർന്നതാണ് ഇവിടുത്തെ സഖ്യം.
ആർജെഡി മനസ് വച്ചാൽ മാത്രമേ കോൺഗ്രസിന് സംസ്ഥാനത്ത് എന്തെങ്കിലും മുന്നേറ്റം സാധ്യമാകൂ എന്ന് സാരം. എന്നാൽ ഡൽഹിക്ക് സമാനമായി എഎപിയെ പോലെ ആർജെഡിയും പിന്നിൽ നിന്ന് കുത്തുമോ എന്ന ആശങ്ക കോൺഗ്രസ് കേന്ദ്രങ്ങൾക്കുണ്ട്. അതിന്റെ പ്രധാന കാരണം ലാലു യാദവ് ഇന്ത്യ സഖ്യത്തിന്റെ നേതൃ നിരയിലേക്ക് വരാൻ മമതയ്ക്ക് നൽകിയ പിന്തുണയാണ്.
ദേശീയ തലത്തിലെ വിഷയമാണ് ഏതെങ്കിലും ഇത് കോൺഗ്രസിന് നൽകുന്ന ആശങ്ക ചെറുതല്ല. എൻസിപി നേതാവ് ശരദ് പവാർ, സമാജ്‍വാദി പാർട്ടി എന്നിവരും മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബീഹാർ ഉൾപ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിലെ സീറ്റ് വിതരണത്തിലും ഈ വിഷയം സ്വാധീനം ചെലുത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
തിരഞ്ഞെടുപ്പിന് കഷ്‌ടിച്ച് ഒരു വർഷത്തോളം ശേഷിക്കെ ബീഹാറിൽ നിർണായകമാവുക ആർജെഡിയുടെ നിലപാട് തന്നെയാണ്. ഭരണം കിട്ടിയില്ലെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിലും സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി അവരായിരുന്നു. അതുകൊണ്ട് തന്നെ അർജെഡിയെ പിണക്കാതെ കൂടുതൽ കരുതലോടെ നീങ്ങുക എന്നതാവും കോൺഗ്രസിന്റെ നയം.












Click it and Unblock the Notifications