തിരഞ്ഞെടുപ്പില്‍ യുവാക്കളെ കയ്യിലെടുക്കാന്‍ കോണ്‍ഗ്രസിന്റെ വജ്രായുധം: നിർണ്ണായക പ്രഖ്യാപനം ഉടന്‍
ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ യുവാക്കളെ വരുതിയിലാക്കുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ്. ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ആദ്യ വാഗ്ദാനമായി കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്നത് തൊഴിലിനുള്ള അവകാശമാണ്. കൂടാതെ പരീക്ഷകളിലെ പേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും കോണ്‍ഗ്രസ് പറയുന്നു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയും പങ്കെടുക്കുന്ന മധ്യപ്രദേശിലെ ബദാനവാറിൽ നടക്കുന്ന പൊതു റാലിയിൽ പാർട്ടി ഉന്നത നേതൃത്വം 'തൊഴിൽ അവകാശം' സംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാൽ ഉടൻ തന്നെ അന്തിമരൂപം പ്രാപിച്ചേക്കാവുന്ന കോൺഗ്രസ് പ്രകടന പത്രികയുടെ ഭാഗമായിരിക്കും ഈ വാഗ്ദാനങ്ങളെന്നാണ് പാർട്ടിയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.

പ്രകടന പത്രികയില്‍ രാജ്യത്ത് പേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശനമായ നിയമവും ശിക്ഷയും ഉറപ്പ് വരുത്തും എന്നതിന് പുറമെ സർക്കാർ നിയമനങ്ങളിൽ സുതാര്യത കൊണ്ടുവരാനുള്ള നടപടികളും കോണ്‍ഗ്രസ് ഉറപ്പ് വരുത്തും. 'ഭാരത് ജോഡോ ന്യായ് യാത്ര'യ്ക്കിടെ രാഹുൽ ഗാന്ധി, ഉത്തർപ്രദേശിലെ പോലെ ചില സംസ്ഥാനങ്ങളില്‍ അടിക്കടിയുണ്ടാകുന്ന പേപ്പർ ചോർച്ചയും അതിനുശേഷം പരീക്ഷകൾ റദ്ദാക്കലും മൂലം ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകളും നിരന്തരം സൂചിപ്പിച്ചുക്കൊണ്ടിരുന്നു.
'ഭാരത് ജോഡോ ന്യായ് യാത്ര'യിൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത 5-ന്യായ (നീതിയുടെ അഞ്ച് തൂണുകൾ) ആയിരിക്കും പ്രകടന പത്രികയുടെ ഊന്നൽ എന്നാണ് സൂചന. മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ് നൽകുന്നതിലും സർക്കാർ ഒഴിവുകൾ നികത്തുന്നതിന് രാജ്യത്ത് ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വാഗ്ദാനം ചെയ്യുന്നതിലും പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കും.
സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകൽ, അവർക്ക് നീതി ലഭിക്കുകയും സംസ്ഥാന ക്ഷേമ നടപടികളുടെ ഭാഗമാകുകയും ചെയ്യുക തുടങ്ങിയ ചില ക്ഷേമ നടപടികൾക്കും കോൺഗ്രസ് ഊന്നൽ നൽകാനാണ് സാധ്യത. അടുത്തിടെ കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ് ജനങ്ങള്‍ക്ക് സമാനമായ വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയ്ക്ക് അന്തിമ രൂപം നൽകാൻ മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രകടന പത്രിക സമിതി ഇന്നലെ വൈകിട്ട് അഞ്ച് മണിക്കൂർ നീണ്ട യോഗം ചേർന്നിരുന്നു. എഐസിസി ആസ്ഥാനത്ത് നടന്ന യോഗത്തിൽ പാർട്ടി പ്രകടനപത്രിക സമിതിയിലെ നിരവധി അംഗങ്ങൾ സന്നിഹിതരായിരുന്നു. കരട് പ്രകടന പത്രികയ്ക്ക് കമ്മിറ്റി അന്തിമ രൂപം നൽകിയെന്നും സിഡബ്ല്യുസി അംഗീകരിച്ചാൽ പാർട്ടി രേഖയായി മാറുമെന്നും ചിദംബരം വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications