കോണ്‍ഗ്രസുകാര്‍ അഹങ്കരിക്കേണ്ട; വിധി നിങ്ങളുടെ നയത്തിനുള്ള അംഗീകാരമല്ലെന്ന് ജെയ്റ്റ്‌ലി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ എല്ലാ പ്രതികളെയും വെറുതെവിട്ടതിന് പിന്നാലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്ത്. കോടതി വിധി അംഗീകാരമായിട്ടാണ് കോണ്‍ഗ്രസ് കാണുന്നതെന്നും കോണ്‍ഗ്രസിന്റെ നയം സത്യസന്ധത ഇല്ലാത്തതായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നയത്തെ വിമര്‍ശിച്ച് 2012ല്‍ സുപ്രീംകോടതി നിരീക്ഷണം നടത്തിയതും ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി.

യുപിഎ സര്‍ക്കാര്‍ സ്‌പെക്ട്രം അനുവദിക്കുന്നതിന് സ്വീകരിച്ച നയം അഴിമതി പ്രോല്‍സാഹിപ്പിക്കുന്നതായിരുന്നു. വിചാരണ കോടതിയുടെ വിധിയില്‍ കോണ്‍ഗ്രസ് അഹങ്കരിക്കേണ്ട. 2007-08 കാലത്ത് സ്‌പെക്ട്രം അനുവദിച്ചത് ലേലം വഴിയായിരുന്നില്ല. ആദ്യം വന്നവര്‍ക്ക് നല്‍കുകയായിരുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

18

2001ലെ വിലയെ അടിസ്ഥാനമാക്കിയാണ് സ്‌പെക്ട്രം അന്ന് അനുവദിച്ചത്. ഇതു തന്നെയാണ് അഴിമതിക്ക് കളമൊരുക്കിയതെന്നും കോടതി വിധിയോടുള്ള പ്രതികരണമായി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമക്കി. കോണ്‍ഗ്രസിന്റെ ഇഷ്ടക്കാരാണ് നേട്ടമുണ്ടാക്കിയത്. കോണ്‍ഗ്രസിന്റെ നയത്തെ സുപ്രീംകോടതി തന്നെ വിമര്‍ശിച്ചതാണ്. അന്ന് സര്‍ക്കാര്‍ സ്വീകരിച്ച നയം മൂലം വന്‍ നഷ്ടമുണ്ടായെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നുവെന്നും ജെയ്റ്റ്‌ലി ഓര്‍മിപ്പിച്ചു.

രണ്ടാം യുപിഎ സര്‍ക്കാരിനെ പിടിച്ചുലച്ച കേസാണ് ടു ജി സ്പെക്ട്രം അഴിമതി. ഇതിലെ എല്ലാ പ്രതികളെയും സിബിഐ പ്രത്യേക കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു. മുന്‍ ടെലികോം മന്ത്രി എ രാജ, ഡിഎംകെ എംപിയും കരുണാനിധിയുടെ മകളുമായ കനിമൊഴി ഉള്‍പ്പെടെയുള്ളവരെയാണ് വെറുതെവിട്ടത്. ആറ് വര്‍ഷം മുമ്പ് 2011ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.

സിബിഐ 17 പ്രതികള്‍ക്കെതിരേയാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ആറ് മാസം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു. എന്നാല്‍ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ദില്ലി പാട്യാല കോടതി വ്യക്തമാക്കി.

ഒരു സര്‍ക്കാരിത സംഘടന കേന്ദ്ര വിജിലന്‍സിന് നല്‍കിയ പരാതിയാണ് കോളിളക്കം സൃഷ്ടിച്ച 2ജി അഴിമതിക്കേസായി മാറിയത്. പിന്നീട് പുറത്തുവന്ന മുന്‍ സിഎജി വിനോദ് റായിയുടെ റിപ്പോര്‍ട്ട് അഴിമതിയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു. സ്പെക്ട്രം വിതരണത്തില്‍ ക്രമവിരുദ്ധമായ നീക്കങ്ങള്‍ നടന്നുവെന്നും ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന രീതി സ്വീകരിച്ചത് മൂലം പൊതു ഖജനാവിന് 1,760,000,000,000 (1.76 ലക്ഷം കോടി) രൂപ നഷ്ടമായെന്നും അദ്ദേഹം 2010ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കൃത്യമായ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ ഇത്രയും തുക ഖജനാവിലേക്ക് എത്തുമായിരുന്നുവെന്ന് സിഎജി വ്യക്തമാക്കിയിരുന്നു.

കേസ് അന്വേഷിച്ച സിബിഐ 30000 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് രാജ, കനിമൊഴി, കരുണാനിധിയുടെ ഭാര്യ ദയാലുഅമ്മാള്‍, റിലയന്‍സ് ഉള്‍പ്പെടെയുള്ള ടെലികോം കമ്പനികള്‍, കമ്പനി ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. അമേരിക്കയിലെ വാട്ടര്‍ഗേറ്റ് അഴിമതിക്ക് ശേഷം ലോകം കണ്ട ഏറ്റവും വലിയ അഴിമതിയെന്നാണ് ടൈം മാഗസിന്‍ 2ജി അഴിമതിയെ വിലയിരുത്തിയത്. കേസിന്റെ വിചാരണ ഇക്കൊല്ലം ഏപ്രില്‍ 19നാണ് അവസാനിച്ചത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Congress wearing 2G verdict as some badge of honour, says Arun Jaitley

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്