'ആർഎസ്എസിനെ നിരോധിക്കാൻ ശ്രമിച്ചാൽ കോൺഗ്രസ് ചാരമാകും, പ്രിയങ്ക് ചരിത്രം പഠിക്ക്'; നളിൻ കുമാർ കട്ടീൽ
ബെംഗളൂരു: സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർത്താൽ ബജ്റംഗദളിനേയും ആർ എസ് എസിനേയും നിരോധിമുക്കുമെന്ന മന്ത്രി പ്രിയങ്ക് ഗാർഖെയുടെ പ്രതികരണത്തിന് മറുപടിയുമായി കർണാടക ബി ജെ പി അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ. ആർ എസ് എസിനെ നിരോധിക്കാൻ കോൺഗ്രസ് ശ്രമിച്ചാൽ അവർ ചാരമാകുമെന്ന് കട്ടീൽ പറഞ്ഞു. ചരിത്രം പഠിക്കുന്നതും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുന്നതുമാണ് പ്രിയങ്കിന് നല്ലതെന്നും കട്ടീൽ പറഞ്ഞു.
'ആർ എസ് എസിനെ നിരോധിക്കുന്നതിനെ കുറിച്ച് പ്രിയങ്ക് ഖാർഗെ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ആർ എസ് എസ് സ്വയം സേവകനാണ്. അദ്ദേഹമാണ് രാജ്യത്തിന്റെ സുപ്രധാന പദവി വഹിക്കുന്നത്. ഞങ്ങൾ എല്ലാവരും തന്നെ ആർ എസ് എസിന്റെ സ്വയം സേവകരാണ്. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, നരസിംഹറാവു സർക്കാരുകൾ ആർ എസ് എസിനെ നിരോധിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അതൊന്നും വിജയിച്ചിരുന്നില്ല', കട്ടീൽ പറഞ്ഞു.

'ആർ എസ് എസിനെ നിരോധിക്കാൻ കോൺഗ്രസ് ശ്രമിച്ചാൽ അവർ ചാരമായി പോകും. പ്രിയങ്ക് ഖാർഗെ രാജ്യത്തിന്റെ ചരിത്രം പഠിക്കുന്നതാകും നല്ലത്. മാത്രമല്ല വാക്കുകൾ പ്രിയങ്ക് ഖാർഗെ സൂക്ഷിച്ച് ഉപയോഗിക്കാനും പഠിച്ചിരിക്കണം', നളിൻ കുമാർ പറഞ്ഞു.
പ്രിയങ്കിനെതിരെ മുതിർന്ന ബി ജെ പി നേതാവ് ആർ അശോകും രംഗത്തെത്തി. 'ആർ എസ് എസിന്റെ ഏതെങ്കിലും ഒരു ശാഖയ്ക്കെതിരെ നടപടിയെടുത്താൽ പോലും കോൺഗ്രസ് സംസ്ഥാനത്ത് തന്നെ ഉണ്ടാകില്ലെന്ന് അശോക് പറഞ്ഞു. 'ആർ എസ് എസിനെ നിരോധിക്കാൻ നിങ്ങളുടെ പിതാവിന് സാധിച്ചിട്ടില്ല. നിങ്ങളുടെ മുത്തച്ഛന് പോലും ആർ എസ് എസിനെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല, ഇനി നിങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുക?. ഇപ്പോഴത്തെ കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. ധൈര്യമുണ്ടെങ്കിൽ ആർ എസ് എസിനെ നിരോധിക്ക്, എന്നാൽ ഈ സർക്കാർ മൂന്ന് മാസത്തിനപ്പുറം നീണ്ട് നിൽക്കില്ല', അശോക പറഞ്ഞു.
കർണാടകത്തിൽ കാവിവത്കരണം ഒരു തരത്തിലും അനുവദിക്കില്ലെന്നും സമാധാനം തകർത്താൽ ബജ്റംഗദൾ ആയാലും ആർ എസ് എസ് ആയാലും നിരോധിക്കുമെന്നുമായിരുന്നു പ്രിയങ്ക് ഖാർഗെ പറഞ്ഞത്. 'കർണാടകയെ സ്വർഗം ആക്കുമെന്നതായിരുന്നു ഞങ്ങളുടെ വാഗ്ദാനം. നിയമം കൈയ്യിലെടുത്താൽ തീർച്ചയായും നിരോധനം ഏർപ്പെടുത്തും. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തത് പോലെ, അത് ബജ്റംഗ്ദൾ ആയാലും ആർ എസ് എസ് ആയാലും നിരോധിക്കും. ബി ജെ പിക്ക് ഇത് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ടെങ്കിൽ അവർ പാക്കിസ്ഥാനിലേക്ക് പോകട്ടെ', എന്നായിരുന്നു പ്രിയങ്ക് പറഞ്ഞത്.












Click it and Unblock the Notifications