രാഹുലും സോണിയയും റെഡി, ജി23 കോണ്‍ഗ്രസില്‍ തിരിച്ചെത്തും, ഒരാള്‍ക്ക് മാത്രം വിലക്ക്, കാരണം ഇതാണ്
ദില്ലി: കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ ഒക്കെ പറഞ്ഞവസാനിപ്പിച്ച് ജി23യെ മടക്കി വിളിക്കാന്‍ ഒരുങ്ങുകയാണ്. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തി കഴിഞ്ഞു. എന്നാല്‍ ഒരാള്‍ മാത്രം കോണ്‍ഗ്രസില്‍ തിരിച്ചെത്തില്ല. ഗാന്ധി കുടുംബം തീര്‍ത്തും ഇടഞ്ഞ് നില്‍ക്കുകയാണ്. ഈ നേതാവിനെ പുറത്താക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
മറ്റാരുമല്ല, ഈ നേതാവ് കപില്‍ സിബലാണ്. ഗ്രൂപ്പ് 23 നേതാക്കളില്‍ ഏറ്റവും രൂക്ഷമായ വിമര്‍ശനം നടത്തിയത്. സിബലിനോട് ക്ഷമിക്കാനാവില്ലെന്ന നിലപാടിലാണ് ഗാന്ധി കുടുംബം. ഇതിനോടകം ജി23 നേതാക്കളെ എല്ലാം സോണിയയും രാഹുലും കണ്ടെങ്കിലും ഇതുവരെ സിബലിനെ കാണാന്‍ സമ്മതിച്ചിട്ടില്ല.

ഗുലാം നബി ആസാദില്‍ നിന്നാണ് സോണിയാ ഗാന്ധി പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം ആരംഭിച്ചത്. ആനന്ദ് ശര്‍മ, മനീഷ് തിവാരി, വിവേക് തന്‍ക എന്നിവരെ പിന്നാലെ കണ്ടു. രാഹുല്‍ ഗാന്ധി ഭൂപീന്ദര്‍ ഹൂഡയെയും കണ്ടു. സോണിയയും ഹൂഡയെയും പിന്നാലെ പൃഥ്വിരാജ് ചവാനെയും കണ്ട് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചിരുന്നു. ഇത് ഏകദേശം ഫലിച്ചിരിക്കുകയാണ്. അടുത്ത സെപ്റ്റംബറിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്ന് സോണിയ ഇവരെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അതുവരെ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പകരം തോല്‍വിയെ മറികടക്കാനുള്ള ചെറിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നും ്അറിയിച്ചിട്ടുണ്ട്. ഇത്രയും മാസം സജീവമായി സോണിയ തന്നെ രംഗത്തുണ്ടാവുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസില്‍ പഴയ സ്റ്റൈല്‍ തിരിച്ചുവരുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. ബിജെപിയോടുള്ള രാഷ്ട്രീയ മൃദുസമീപനം മാറ്റണമെന്നാണ് നിര്‍ദേശം. പഴയ രീതിയില്‍ മാത്രമേ ബിജെപിയെ നേരിടാനാവൂ എന്നാണഅ വിലയിരുത്തല്‍. ജി23 നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. സോണിയയെ നേരിട്ട് വെല്ലുവിളിക്കേണ്ട തീരുമാനം അതുകൊണ്ടായിരുന്നു. പക്ഷേ രാഹുല്‍ ഗാന്ധിയുടെ സ്റ്റൈല്‍ ഈ നേതാക്കള്‍ക്കൊന്നും പറ്റില്ല. പാര്‍ട്ടി തോറ്റതിന് പ്രധാന കാരണമായി പറയുന്നതും രാഹുലിന്റെ ശൈലിയാണ്. പാര്‍ട്ടിയെ പ്രതിരോധത്തില്‍ നിര്‍ത്തിയാണ് രാഹുല്‍ കളിക്കുന്നതെന്നാണ് പരക്കെയുള്ള വിമര്‍ശനം. അഞ്ചിടത്തെ തോല്‍വി രാഹുലിനെ കൂടുതല്‍ ദുര്‍ബലനാക്കിയിരിക്കുകയാണ്.

ഗാന്ധി കുടുംബം തന്നെ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കണമെന്നാണ് നേതാക്കളുടെ ആവശ്യം. പ്രതിപക്ഷത്തുള്ള പാര്‍ട്ടികള്‍ക്ക് അടക്കം കോണ്‍ഗ്രസ് വിഘടിച്ച് നില്‍ക്കുന്ന പാര്‍ട്ടിയായി തുടരണമെന്നാണ് ആഗ്രഹം. പഞ്ചാബിലും, ഉത്തരാഖണ്ഡിലും ഗോവയിലും പാര്‍ട്ടിയെ തകര്‍ത്തത് ഇതേ വിഷയമാണ്. ദേശീയ തലത്തിലും ഇതേ പ്രശ്‌നം ബാധിക്കും. അതിനെ തടയണമെങ്കില്‍ ഈ സീനിയര്‍ നേതാക്കളെ മുന്നണിയിലേക്ക് കൊണ്ടുവരണം. ഇവരുടെ പിന്തുണയോടെ പുതിയ നേതാക്കളെ നേതൃ നിരയിലേക്കാണ് കൊണ്ടുവരാനായിരിക്കും രാഹുലിന്റെ ശ്രമം. അത്തരം നേതാക്കള്‍ക്ക് പരിചയസമ്പത്തും വേഗത്തിലുണ്ടാക്കാനാവും.

കപില് സിബല് കോണ്‍ഗ്രസിലെ എല്ലാ നേതാക്കളുടെ കണ്ണിലെ കരടാണ്. ഗെലോട്ട്, ബാഗേല്‍, അധീര്‍ രഞ്ജന്‍ ചൗധരി, മാണിക്കം ടാഗോര്‍ എന്നിവര്‍ സിബലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നുണ്ട്. ഇതിന് കാരണമുണ്ട്. ജി23 നേതാക്കളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസില്‍ മാറ്റം വരണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സിബല്‍ അങ്ങനെയല്ല. ഗാന്ധി കുടുംബം നേതൃത്വത്തില്‍ നിന്ന് മാറണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റേതെങ്കിലും നേതാക്കള്‍ക്ക് അവസരം നല്‍കാനാണ് നിര്‍ദേശം. നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിബലിന്റെ വീടും ആക്രമിച്ചിരുന്നു. സിബലുമായി ഒരിക്കലും ചേരാന്‍ ഇനി ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നില്ല.

ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിനെ പ്രതിപക്ഷ നിരയിലെത്തിക്കുകയാണ് സിബല്‍ ലക്ഷ്യമിടുന്നതെന്നാണ് സൂചന. പാര്‍ട്ടികള്‍ക്ക് അതീതമായി സിബലിന് ബന്ധങ്ങളുമുണ്ട്. കോണ്‍ഗ്രസിനെ വിശ്വസ്ത പാര്‍ട്ടിയായി പ്രതിപക്ഷ നിരയില്‍ എത്തിക്കുകയാണ് സിബലിന്റെ ലക്ഷ്യം. ഇതെല്ലാം സിബലിന് പുറത്തേക്കുള്ള വഴി തുറക്കും. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുകളില്‍ ജി23ക്ക് സീറ്റുകള്‍ ലഭിക്കും. പാര്‍ട്ടിയിലും ഇവര്‍ക്ക് റോളുണ്ടാവും. ഒരുപക്ഷേ രാഹുലോ പ്രിയങ്കയോ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാല്‍ സിബല്‍ വിമത സ്ഥാനാര്‍ത്ഥിയായി എത്താനുള്ള സാധ്യതയും ശക്തമാണ്.












Click it and Unblock the Notifications