കോണ്‍ഗ്രസിന് തിരുത്താനുള്ള അവസരം പോലും കിട്ടില്ല., ബിജെപി ഭൂരിപക്ഷം നേടും, വെല്ലുവിളിച്ച് ഫട്‌നാവിസ്
ദില്ലി: ഗോവയില്‍ ഉറപ്പായും ഭരണം നിലനിര്‍ത്തുമെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ്. കോണ്‍ഗ്രസിന് മുമ്പ് ചെയ്ത് തെറ്റുകളില്‍നിന്ന് പഠിച്ചതിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഇത്തവണയും ഗോവയില്‍ നടപ്പാക്കില്ല. കാരണം അതിനുള്ള അവസരം പോലും കോണ്‍ഗ്രസിന് ജനങ്ങള്‍ നല്‍കില്ലെന്നും ഫട്‌നാവിസ് പറഞ്ഞു. 2017ലെ പ്രശ്‌നങ്ങളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും, ഇനി അതു പോലൊന്ന് സംഭവിക്കില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയാണ് ഫട്‌നാവിസ് ചെയ്തത്. 2017ല്‍ ഏറ്റവും വലിയ കക്ഷിയായിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല.

കോണ്‍ഗ്രസിന് ആ അബദ്ധങ്ങള്‍ പരിഹരിക്കാനുള്ള അവസരം പോലും കിട്ടില്ല. ഇത്തവണ ബിജെപി ഭൂരിപക്ഷം നേടും. 2017ല്‍ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാതിരുന്നത് വ്യത്യസ്ത സാഹചര്യമായത് കൊണ്ടാണ്. ബിജെപി എപ്പോഴും സുസ്ഥിര സര്‍ക്കാരാണ് ഉണ്ടാക്കുക. നേരത്തെ അഞ്ച് വര്‍ഷത്തിനിടെ ഏഴ് മുഖ്യമന്ത്രിമാര്‍ വരെ ഉണ്ടായ ചരിത്രമായിരുന്നു ഗോവയ്ക്കുണ്ടായിരുന്നതെന്നും ഫട്‌നാവിസ് പറഞ്ഞു. അതേസമയം ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ ഇത്തവണ പനാജി സീറ്റില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. അതാണ് ബിജെപിയുടെ ഏറ്റവും വലിയ വെല്ലുവിളി. അതനാഷ്യോ മോണ്‍സരാറ്റിക്കെതിരെയാണ് മത്സരം. ശിവസേന അടക്കം ഉത്പലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഉത്പലിനെ നേരിടാന്‍ ഒരു മടിയും കാണിക്കുന്നില്ല ബിജെപി. പാര്‍ട്ടിയില്‍ എല്ലാ ഓഫറുകളും ഉത്പലിന് ലഭിച്ചിരുന്നു. അദ്ദേഹത്തിന് വേറെ സീറ്റ് നല്‍കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഉത്പലാണ് വേറെ വഴി തിരഞ്ഞെടുത്തതെന്നും ബിജെപി പറയുന്നു. മനോഹര്‍ പരീക്കറുടെ പാരമ്പര്യം നിലനിര്‍ത്തുന്നത് ബിജെപി മാത്രമാണ് ജനറല്‍ സെക്രട്ടറി സിടി രവി പറഞ്ഞു. ഉത്പലിന് ആ പാരമ്പര്യം ഏറ്റെടുക്കാനാവില്ല. ഒരു യഥാര്‍ത്ഥ ബിജെപി പ്രവര്‍ത്തകന് മാത്രമേ ആ പാരമ്പര്യം അവകാശപ്പെടാനാവൂ. ബിജെപി അധികാരത്തിലെത്തിക്കുകയും, അതിലൂടെ വികസനം സാധ്യമാക്കുകയുമായിരുന്നു പരീക്കറിന്റെ ലക്ഷ്യം. അത് ബിജെപിക്ക് മാത്രമേ യാഥാര്‍ത്ഥ്യമാക്കാനാവൂ എന്നും സിടി രവി പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം ഉത്പല്‍ തിരിച്ചുവരുമോ എന്നുള്ളത് ബിജെപിയുടെ വിഷയമേയല്ലെന്ന് രവി പറയുന്നു. പ്രമോദ് സാവന്ത് തന്നെ അടുത്ത മുഖ്യമന്ത്രി. 99 ശതമാനവും അദ്ദേഹം തന്നെ ഗോവയുടെ നാഥനാവുമെന്നും രവി വ്യക്തമാക്കി. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും സാവന്തിനെ അനുകൂലിച്ചതാണെന്ന് രവി പറഞ്ഞു. സുസ്ഥിരമായ സര്‍ക്കാര്‍ ബിജെപി മാത്രമാണ് കൊണ്ടുവരിക.ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ ഗോവയില്‍ ഞങ്ങള്‍ കൊണ്ടുവന്നു. അഴിമതി പാര്‍ട്ടികള്‍ക്ക് ഒരിക്കലും ഗോവയില്‍ ബദലാവാനാവില്ല. ഗുണ്ടായിസം കാണിക്കുന്നതോ നുണ പറയുന്നതോ ആയ പാര്‍ട്ടികളും രാഷ്ട്രീയം ഗോവയില്‍ ചെലവാകില്ലെന്നും രവി പറഞ്ഞു.












Click it and Unblock the Notifications