മോദി 'ഭരണത്തില്‍' ആര്‍എസ്എസ്സും കലിപ്പില്‍; കൊവിഡ് പ്രതിരോധത്തില്‍ അടിമുടി പാളിച്ചകള്‍... തിരഞ്ഞെടുപ്പ് ഭയവും
ദില്ലി: ഒന്നാം കോവിഡ് തരംഗത്തെ ഇന്ത്യ വിജയകരമായി നേരിട്ടു എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റേയും ബിജെപിയുടേയും അവകാശവാദം. വാക്‌സിന്‍ ഉത്പാദം തുടങ്ങിയപ്പോള്‍ വിദേശങ്ങളിലേക്ക് വാക്‌സിന്‍ കയറ്റുമതി ചെയ്ത് ആഗോള തലത്തില്‍ പേരെടുക്കാനും ഇന്ത്യ ശ്രമിച്ചു.
Recommended Video
എന്നാല്‍ രണ്ടാം തരംഗത്തില്‍ രാജ്യം അടിമുടി വിറച്ച് നില്‍ക്കുകയാണ്. കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര നീക്കങ്ങള്‍ അമ്പേ പരാജയപ്പെട്ടു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പരാജയത്തില്‍ ആദ്യമായി ആര്‍എസ്എസ്സും കടുത്ത പ്രതിഷേധത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍...
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

ബിജെപിയേക്കാള്‍
കേന്ദ്രം ഭരിക്കുന്നത് ബിജെപി സര്‍ക്കാര്‍ ആണ്. എന്നാല്‍ ബിജെപിയുടെ കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ആര്‍എസ്എസ് ആണെന്നാണ് പറയുക. സംഘപരിവാര്‍ സംഘടനകള്‍ എല്ലാം ആര്‍എസ്എസിന്റെ നിയന്ത്രണത്തിലാണ്. ഇക്കാലമത്രയും നരേന്ദ്ര മോദിയ്ക്ക് ആര്‍എസ്എസിന്റെ കലവറയില്ലാത്ത പിന്തുണയുണ്ടായിരുന്നു.

അതൃപ്തി
കൊവിഡ് രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തീരെ പോരെന്ന് ഒരുപാട് ആക്ഷേപങ്ങളുണ്ട്. അതിനിടെയാണ് ആര്‍എസ്എസ് നേതൃത്വവും കേന്ദ്ര സര്‍ക്കാര്‍ പ്രകടനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സോഴ്‌സുകളെ ഉദ്ധരിച്ച് എന്‍ഡിടിവി ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആദ്യമായി
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയിട്ട് ഏഴ് വര്‍ഷമാകുന്നു. ഇക്കാലത്തിനിടയില്‍ സംഘപരിവാറുമായി ഒരു തരത്തിലുള്ള ആശയ സംഘര്‍ഷങ്ങളും ഉണ്ടായിട്ടില്ല. എന്നാല്‍ കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ സ്ഥിതിഗതികള്‍ മാറിമറിയുമോ എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

എന്തുകൊണ്ട് ആശങ്ക
കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന വിലയിരുത്തല്‍ ആര്‍എസ്എസ്- ബിജെപി നേതൃത്വത്തില്‍ പലര്‍ക്കും ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇത് പാര്‍ട്ടിയുടെ നിര്‍ണായക ശക്തിസ്രോതസ്സുകളെ പോലും എതിരാക്കിയേക്കും എന്നാണ് ആശങ്ക. ആദ്യം മധ്യവര്‍ഗ്ഗം മാത്രമായിരുന്നു കൊവിഡിന്റെ തിക്തഫലങ്ങള്‍ രൂക്ഷമായി അനുഭവിച്ചത്. ഇപ്പോഴത് ബിഹാറിലേയും ഉത്തര്‍ പ്രദേശിലേയും ഗ്രാമങ്ങളിലേക്ക് കൂടി വ്യാപിക്കുകയാണ്.

പ്രതികരണം എങ്ങനേയും ആകാം
പ്രിയപ്പെട്ട ആരെയെങ്കിലും നഷ്ടപ്പെട്ടാല്‍ അതിന്റെ ദു:ഖവും ദേഷ്യവും ഏറെ കാലം നിലനില്‍ക്കും. അത് ഏത് രീതിയില്‍ വേണമെങ്കിലും പ്രകടിപ്പിക്കപ്പെട്ടേക്കാം- ഒരു മുതിര്‍ന്ന നേതാവ് ഇങ്ങനെ പ്രതികരിച്ചു എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാമാരി, ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങളെ ബാധിച്ചേക്കാം എന്നാണ് ആശങ്ക.

യുപിയില്‍ എന്താകും
ഉത്തര്‍ പ്രദേശ് ആണ് ആര്‍എസ്എസിനും വലിയ ആശങ്ക ഉയര്‍ത്തുന്ന സംസ്ഥാനം. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടി ഒരു സൂചകമാണെങ്കില്‍, കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന് ആര്‍എസ്എസ് കരുതുന്നുണ്ട്. അടുത്ത വര്‍ഷം ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോഴത്തെ പ്രതിസന്ധികള്‍ എങ്ങനെ പ്രതിഫലിക്കുമെന്നാണ് സംശയം.

പരിഹരിച്ചേ മതിയാകൂ
ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് ഏത് വിധേനയും പരിഹാരം കണ്ടേ മതിയാകൂ എന്നാണ് മേല്‍ത്തട്ടിലുള്ള ചര്‍ച്ചകള്‍. അതിന് ആരുടെയൊക്കെ തല ഉരുളും എന്നാണ് ഇനി അറിയേണ്ടത്. കടുത്ത നടപടികളിലേക്ക് ആര്‍എസ്എസ് നേതൃത്വം നീങ്ങുമോ എന്നും കണ്ടറിയണം.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍
കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ നരേന്ദ്ര മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ളവര്‍ വലിയ റാലികള്‍ സംഘടിപ്പിച്ചതിലും എതിരഭിപ്രായങ്ങളുണ്ട്. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചു. പശ്ചിമ ബംഗാളില്‍ ആണെങ്കില്‍ പ്രതീക്ഷിച്ച വിജയവും നേടാന്‍ ആയില്ല.

ലോകത്തിന് മുന്നില്‍
കൊവിഡ് പോരാട്ടത്തിന്റെ നായകസ്ഥാനത്താണ് ഇന്ത്യ എന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അവകാശപ്പെട്ടിരുന്നച്. എന്നാല്‍ ഇപ്പോള്‍ ലോകത്തിന് മുന്നില്‍ രാജ്യം അപഹാസ്യമാകുന്ന കാഴ്ചയും കാണുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഓരോ ദിവസവും പുറത്ത് വരുന്ന വാര്‍ത്തകള്‍ വലിയ പ്രതിഛായ നഷ്ടവും സൃഷ്ടിക്കുന്നുണ്ട്.

വാക്‌സിന്‍ നയത്തിലും
കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം സംബന്ധിച്ചും വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്. വാക്‌സിനുകള്‍ക്ക് വിലനിശ്ചയിക്കാനുള്ള അവകാശം മരുന്നുകമ്പനികള്‍ക്ക് നല്‍കിയതാണ് പ്രശ്‌നമായത്. സമ്പൂര്‍ണ വാക്‌സിനേഷന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങിയതും വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.
പൂജിതയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications