18-45 പ്രായക്കാർക്ക് വാക്സിനേഷൻ സ്വകാര്യകേന്ദ്രങ്ങളിൽ നിന്ന് മാത്രം:വാക്സിന് പണം നൽകണമെന്ന് കേന്ദ്രം
ദില്ലി: രാജ്യത്ത് മൂന്നാംഘട്ട വാക്സിനേഷൻ ആരംഭിക്കുന്നതിന് മുന്നോടിയായി പുതിയ നിർദേശം പുറത്തിറക്കി കേന്ദ്രസർക്കാർ. അടുത്ത ഘട്ടത്തിൽ എടുക്കുന്നവർ പണം നൽകണമെന്നാണ് പുതിയ ചട്ടം. കൂടാതെ 18 മുതൽ 45 വയസ്സുള്ളവർക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ നിന്നും മാത്രമാണ് വാക്സിൻ വിതരണം ചെയ്യുകയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. മെയ് ഒന്നിനാണ് അടുത്ത ഘട്ടം വാക്സിനേഷൻ ആരംഭിക്കുന്നത്. കേന്ദ്രസർക്കാർ അടുത്തിടെ പുറത്തിറക്കിയ വാക്സിൻ നയത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് സർക്കാരിന്റെ അടുത്ത പ്രഖ്യാപനം. സ്വകാര്യ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും ഈ ഗ്രൂപ്പിൽപ്പെട്ടവർക്ക് വാക്സിനേഷൻ നടത്തുകയെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ രജിസ്ട്രേഷൻ നടപടികളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കുത്തിവയ്പ്പ് മെയ് 1 മുതൽ ആരംഭിക്കും. കൊറോണ വൈറസിന്റെ രണ്ടാംതരംഗം രാജ്യത്ത് വ്യാപിക്കുന്നതിനിടെയാണ് പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവർക്കും കേന്ദ്രസർക്കാർ വാക്സിനേഷൻ പ്രഖ്യാപിക്കുന്നത്. ഇതോടെ സർക്കാർ നിർദേശിച്ച പ്രായപരിധിയിൽ വരുന്ന എല്ലാ പൗരന്മാർക്കും ഏപ്രിൽ 28 മുതൽ തന്നെ കോവിൻ വെബ്‌സൈറ്റിലും ആരോഗ്യ സേതു ആപ്പിലും വാക്‌സിന് വേണ്ടി രജിസ്റ്റർ ചെയ്യാം. അതേ സമയം തന്നെ മുൻനിര പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, 45 വയസ്സിനു മുകളിലുള്ളവർ എന്നിവർക്ക് കേന്ദ്രസർക്കാർ വാക്സിൻ നൽകുന്നത് തുടരുകയും ചെയ്യും.

ഇതിനെല്ലാം പുറമേ മെയ് 1 മുതൽ സ്വകാര്യ ആശുപത്രികൾക്ക് വിതരണം ചെയ്യുന്ന കൊവിഡ് വാക്സിനുകളുടെ വില ഉയരും. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ ഏപ്രിൽ 30 വരെ ഉപയോഗിക്കാത്ത വാക്സിൻ സ്റ്റോക്കുകൾ വിതരണം ചെയ്ത സംഭരണ കേന്ദ്രത്തിലേക്ക് തിരിച്ചേൽപ്പിക്കണമെന്ന് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നുണ്ട്. ഓരോ സ്വകാര്യ വാക്സിനേഷൻ കേന്ദ്രവും വാക്സിൻ തരം, സ്റ്റോക്കുകൾ, അത് തീരുമാനിച്ച വിലകൾ എന്നിവ കോവിൻ പോർട്ടലിൽ ഈടാക്കണമെന്ന് ആരോഗ്യ സെക്രട്ടറി കത്തിൽ പരാമർശിക്കുന്നുണ്ട്.
കോവിഷീൽഡ് നിർമ്മിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കും വിൽക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം ഭാരത് ബയോടെക്കിന്റെ കോവാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 1,200 രൂപയ്ക്കുമാണ് നൽകുകയെന്ന് കമ്പനി ശനിയാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications