ബംഗാളില്‍ സിപിഎമ്മിന് നഷ്ടക്കച്ചവടം, സീറ്റ് പകുതിയായി; കോണ്‍ഗ്രസ് ജയിച്ചത് ഇരട്ടിയോളം!
കൊല്‍ക്കത്ത: മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാനായി സി പി എം കണ്ടെത്തിയ കുറുക്കുവഴി അവരുടെ തന്നെ കുഴിതോണ്ടലായി. 294 അംഗ അസംബ്ലിയില്‍ വെറും 26 അംഗങ്ങള്‍ മാത്രമാണ് ഇപ്പോല്‍ സി പി എമ്മിന്റെ പക്കല്‍ ഉള്ളത്. പതിറ്റാണ്ടുകളോളം സംസ്ഥാനം അടക്കിഭരിച്ചിരുന്ന പാര്‍ട്ടിക്കാണ് ഈ ദുര്‍ഗതി എന്നോര്‍ക്കണം. 2011 ല്‍ കൈവശമുണ്ടായിരുന്ന 40 സീറ്റുകളണ് ഇത്തവണ 26 ആയി കുറഞ്ഞത്.
എന്നാല്‍ സി പി എം ജയിച്ചതിന്റെ ഏതാണ്ട് ഇരട്ടിയോളം സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയം കണ്ടു. സി പി എമ്മിനെ അപേക്ഷിച്ച് കോണ്‍ഗ്രസ് മത്സരിച്ചത് കുറവ് സീറ്റുകളിലാണ് എന്നത് കൂടി പരിഗണിക്കണം. 44 സീറ്റുകളിലാണ് ഇത്തവണ കോണ്‍ഗ്രസ് വിജയിച്ചത്. കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം മത്സരിച്ചപ്പോള്‍ കിട്ടിയതിനെക്കാള്‍ രണ്ട് സീറ്റ് കൂടുതല്‍ ആണിത്. ബംഗാളില്‍ ഇപ്പോള്‍ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ടിയും കോണ്‍ഗ്രസാണ്.

ഒരുകാലത്ത് സംസ്ഥാനം അടക്കിഭരിച്ചിരുന്ന സി പി എം ബംഗാളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയി. എന്ന് മാത്രമല്ല, ഇടതുപാര്‍ട്ടികള്‍ എല്ലാം കൂടി ചേര്‍ന്നാലും രണ്ടാമത്തെ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെക്കാളും പിന്നിലേ വരൂ എന്നതാണ് രസകരമായ മറ്റൊരു കാര്യം. സി പി എം 26 സീറ്റില്‍ ജയിച്ചപ്പോള്‍ ആര്‍ എസ് പി മൂന്നിലും സി പി ഐ, ഫോര്‍വ്വേഡ് ബ്ലോക് എന്നിവര്‍ ഓരോ സീറ്റിലും ജയിച്ചു. ആകെ 33. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 44.
294 ല്‍ 211 സീറ്റുകളും ഒറ്റയ്ക്ക് വിജയിച്ച് 27ന് മമതാ ബാനര്‍ജി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍, സി പി എമ്മിന് മുന്നില്‍ ചോദ്യങ്ങള്‍ ഏറെ. കോണ്‍ഗ്രസുമായി കൂട്ടുകൂടിയെങ്കിലും വോട്ട് ഷെയറില്‍ വന്നത് 4 ശതമാനം കുറവ്. കോണ്‍ഗ്രസ് വോട്ട് ചെയ്തില്ല എന്ന് സി പി എമ്മിന് പരാതിയുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ വോട്ട് ഷെയര്‍ 4 ശതമാനം കൂടുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ ബദ്ധശത്രുക്കളായ കോണ്‍ഗ്രസുമായി ബംഗാളില്‍ സഖ്യമുണ്ടാക്കാന്‍ മൗനാനുവാദം നല്‍കിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ഇനി അസ്വസ്ഥതയുടെ ദിനങ്ങളായിരിക്കും.












Click it and Unblock the Notifications