ബിപാർജോയ് ചുഴലിക്കാറ്റ്: തോട്ടിൽ നിന്ന് ആടുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും മകനും ദാരുണാന്ത്യം
ബിപാർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിന്റെ പല ഭാഗങ്ങളിലും കനത്ത നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ദുരന്തവാർത്തകളാണ് ഗുജറാത്തിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഒരച്ഛന്റേയും മകന്റെയും ദാരുണമായ മരണവാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ തോട്ടിൽ കുടുങ്ങിയ ആടുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അച്ഛനും മകനും മരിച്ചത്. ഭാവ്‌നഗർ ജില്ലയിലാണ് സംഭവം.
ചുഴലിക്കാറ്റ് കച്ച് ജില്ലയിൽ കരതൊട്ടതോടെ ഭാവ്‌നഗർ ഉൾപ്പെടെ ഗുജറാത്തിന്റെ പല ഭാഗങ്ങളിലും വ്യാഴാഴ്ച ശക്തമായ മഴയാണ് പെയ്തത്. മഴ ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴയിൽ സിഹോർ പട്ടണത്തിനടുത്തുള്ള ഭണ്ഡാർ ഗ്രാമത്തിലൂടെ കടന്നുപോകുന്ന ഒരു തോട്ടിൽ വെള്ളം കവിഞ്ഞൊഴുകിയിരുന്നുവെന്നും ഈ തോട്ടലാണ് ആടുകൾ കുടുങ്ങിയതെന്നും മംമ്ലാത്ദാർ (റവന്യൂ ഉദ്യോഗസ്ഥൻ) എസ് എൻ വാല പറഞ്ഞു.

" പെട്ടെന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിനെ തുടർന്ന് ആട്ടിൻകൂട്ടം തോട്ടിൽ കുടുങ്ങി. മൃഗങ്ങളെ രക്ഷിക്കാൻ 55 കാരനായ രാംജി പർമറും മകൻ രാകേഷ് പർമറും (22) തോട്ടിൽ ഇറങ്ങി. എന്നാൽ അവർ ഒഴുക്കിൽപ്പെട്ടു. അവരുടെ ശരീരം കുറച്ചു ദൂരത്ത് നിന്ന് കണ്ടെത്തി," വാല പറഞ്ഞു. 22 ആടുകളും ചത്തതായി അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശമായ കച്ച് ജില്ലയിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കളക്ടർ അമിത് അറോറ പറഞ്ഞു.
മുൻകൂട്ടി നടത്തിയ കൂട്ടയൊഴിപ്പിക്കൽ ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാരണത്താൽ കച്ചിൽ ഇതുവരെ ആരും മരിച്ചിട്ടില്ല. മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ ചില മരങ്ങളും വൈദ്യുത തൂണുകളും തകർന്നുവീണുമെന്ന് അദ്ദേഹം പറഞ്ഞു.
ചുഴലിക്കാറ്റിനെ തുടർന്ന് 940 ഓളം ഗ്രാമങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി. മലിയ ടെഹ്സലിൽ പതിനൊന്ന് ഇടങ്ങളിൽ വൈദ്യതി ബന്ധം പുനഃസ്ഥാപിച്ചതായി അധികൃതർ പറഞ്ഞു. തീരദേശമേഖലകളിൽ 300 ഓളം വൈദ്യുതി പോസ്റ്റുകളാണ് തകർന്നത്. 524 മരങ്ങളൾ കടപുഴകി വീണു. 23 ഓളം മൃഗങ്ങൾ ചത്തു.
ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര മേഖലയിലേക്ക് ആണ് ബിപോർജോയ് എത്തിയത്. ഒരു ലക്ഷത്തോളം ആളുകളെ ആണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇവിടെ നിന്ന് അഭയാർത്ഥി കേന്ദ്രങ്ങളിലേക്ക് മാറ്റിയിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത് തീരത്ത് അതീവ ജാഗ്രത നിർദേശം ആണ് സർക്കാര് പുറപ്പെടുവിച്ചിരിക്കുന്നത്.












Click it and Unblock the Notifications