ദളിത് യുവാവിന്റെ ആത്മഹത്യ; ടി20 ലോകകപ്പ് ഹീറോ ജോഗീന്ദര്‍ ശര്‍മ്മക്കെതിരെ കേസ്
ചണ്ഡീഗഢ്: ദളിത് യുവാവിന്റെ ആത്മഹത്യയില്‍ 2007 ടി 20 ലോകകപ്പ് ഹീറോ ജോഗീന്ദര്‍ ശര്‍മ്മക്ക് എതിരെ കേസ്. ഹിസാര്‍ സ്വദേശിയായ പവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഹരിയാന ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമായ ജോഗീന്ദര്‍ ശര്‍മ്മയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോഗീന്ദര്‍ ശര്‍മ്മയെ കൂടാതെ അഞ്ച് പേരെ കൂടി പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അജയ്ബീര്‍, ഈശ്വര്‍ ജജാരിയ, പ്രേംഖാതി, അര്‍ജുന്‍, രാജേന്ദ്ര സിഹാഗ് എന്നിവരാണ് പ്രതിപ്പട്ടികയിലെ മറ്റുള്ളവര്‍. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ആറ് പേര്‍ക്കെതിരെയും ഹരിയാന പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹിസാര്‍ സ്വദേശിയായ പവന്‍ ജനുവരി ഒന്നിന് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് തൂങ്ങി മരിച്ചിരുന്നു.

ഇതിന് പിന്നാലെ പവന്റെ അമ്മ സുനിത പൊലീസില്‍ പരാതി നല്‍കുകയും ഒരു വസ്തുവുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ വിചാരണ നടക്കുകയാണെന്നും അറിയിച്ചു. ഇതിനെ ചൊല്ലി ജോഗീന്ദര്‍ ശര്‍മ്മ ഉള്‍പ്പെടെയുള്ള ആറ് പേര്‍ മകനെ ശല്യം ചെയ്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അവര്‍ ആരോപിച്ചു.
പ്രതികളെ പട്ടികജാതി / പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരം അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് പവന്റെ കുടുംബം മൃതദേഹവുമായി പ്രതിഷേധം നടത്തിയിരുന്നു. കുടുംബത്തിന് ധനസഹായം, കേസില്‍ നീതിയുക്തമായ അന്വേഷണം തുടങ്ങി ആറ് ആവശ്യങ്ങളും ഇവര്‍ പൊലീസിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അതേസമയം ആത്മഹത്യാ പ്രേരണക്കുറ്റമാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത് എന്നും അന്വേഷണത്തിന് ശേഷമേ എസ് സി / എസ് ടി വകുപ്പ് ചേര്‍ക്കൂവെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ കേസില്‍ തനിക്ക് പങ്കില്ലെന്ന് ജോഗീന്ദര്‍ ശര്‍മ്മ പറഞ്ഞു, 'എനിക്ക് ഈ കേസിനെക്കുറിച്ച് അറിയില്ല, ഞാന്‍ പവനെ കണ്ടിട്ടില്ല,' അദ്ദേഹം പറഞ്ഞു.
2007-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐ സി സി ടി 20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാന് എതിരെ നിര്‍ണായകമായ അവസാന ഓവര്‍ എറിഞ്ഞത് ജോഗീന്ദര്‍ ശര്‍മ്മയായിരുന്നു. അവസാന പന്തില്‍ മിസ്ബാ ഉള്‍ഹഖിനെ ശ്രീശാന്തിനെ കൈയിലെത്തിച്ചതോടൊണ് ജോഗീന്ദര്‍ ശര്‍മ്മ താരമായത്. പിന്നീട് ഹരിയാന പൊലീസില്‍ ജോലി ലഭിച്ച ജോഗീന്ദര്‍ ശര്‍മ്മ ഡി സി പിയായി വരെ സേവനമനുഷ്ഠിച്ചു.












Click it and Unblock the Notifications