മൃതദേഹത്തിന് പകരം മറ്റുള്ളവരെ കൊണ്ടുവരാമല്ലോ; നവീനിന്റെ മൃതദേഹം നാട്ടിലെത്തിക്കാത്തതില്‍ ബിജെപി എംഎല്‍എ
ന്യൂദല്‍ഹി: യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമാകവെ വിവാദ പരാമര്‍ശവുമായി ഹുബ്ബള്ളി ധാര്‍വാഡ് വെസ്റ്റ് ബി ജെ പി എം എല്‍ എ അരവിന്ദ് ബെല്ലാഡ്. മൃതദേഹം കൊണ്ടുവരുമ്പോള്‍ വിമാനത്തിനുള്ളില്‍ കൂടുതല്‍ സ്ഥലം ആവശ്യമാണെന്നും ആ സ്ഥലത്ത് എട്ട് മുതല്‍ 10 വരെ ആളുകളെ കയറ്റി നാട്ടിലേക്ക് കൊണ്ടുവരാമെന്നും അരവിന്ദ് ബെല്ലാഡ് പറഞ്ഞു. ആളുകളെ കണ്ടെത്തുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു മൃതദേഹം കൊണ്ടുവരാന്‍ കൂടുതല്‍ സ്ഥലമെടുക്കും. അതിന് പകരം എട്ട് മുതല്‍ 10 വരെ ആളുകളെ കൊണ്ടുവരാമെന്നും അതിനാല്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ പുരോഗതിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ധാര്‍വാഡില്‍ മറുപടി പറയവെയാണ് എം എല്‍ എയുടെ പ്രതികരണം. ചൊവ്വാഴ്ച രാവിലെയാണ് യുക്രൈനിലെ ഖാര്‍കിവ് മേഖലയില്‍ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശി നവീന്‍ കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ചളഗേരിയില്‍ നിന്നുള്ളയാളാണ് നവീന്‍. യുക്രൈനിലെ ഖാര്‍കിവ് മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍. ഭക്ഷണം വാങ്ങുന്നതിനായി പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു നവീന്‍ കൊല്ലപ്പെട്ടത്.

നവീന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടതോടെയാണ് അരവിന്ദ് വിവാദ പരാമര്‍ശം നടത്തിയത്. ജീവനുള്ള ആളുകളെ ഒഴിപ്പിക്കുന്നത് പോലും അവിടെ ബുദ്ധിമുട്ടാണ്. സംഘര്‍ഷ മേഖലയില്‍ നിന്ന് ഒരു മൃതദേഹം രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നത് കൂടുതല്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രതിസന്ധികള്‍ക്കിടയിലും, യുദ്ധബാധിതമായ യുക്രൈനില്‍ കുടുങ്ങിപ്പോയ ആളുകളെ തിരികെ കൊണ്ടുവരാന്‍ വിദേശകാര്യ മന്ത്രാലയം ശ്രമങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ മോദി റഷ്യയുടെയും യുക്രൈനിന്റെയും പ്രസിഡന്റുമാരുമായി സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. നവീന്റെ മൃതദേഹം എത്രയും പെട്ടെന്ന് എത്തിക്കണമെന്ന് നവീന്റെ പിതാവ് ശേഖര്‍ ജ്ഞാനഗൗഡര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പറഞ്ഞിരുന്നു. അതേസമയം ഇന്ന് കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയ്ക്ക് വെടിയേറ്റിരുന്നു. കീവില്‍ നിന്ന് വരുന്നതിനിടെയാണ് വെടിയേറ്റത്. ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്.

നവീനെ കൂടാതെ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും യുക്രൈനില്‍ മരിച്ചിട്ടുണ്ട്. രോഗബാധിതനായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി സ്‌ട്രോക്ക് ബാധിച്ചാണ് മരിച്ചിരുന്നത്. പഞ്ചാബിലെ ബര്‍ണാല സ്വദേശിയായ ചന്ദന്‍ ജിന്‍ഡാല്‍ ആണ് മരിച്ചത്. വിനിത്സിയ പൈറോഗോവിലെ മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയായിരുന്നു ചന്ദന്‍ ജിന്‍ഡാല്‍. അസുഖബാധിതനായി വിനിത്സിയയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ചന്ദന്‍ മരിച്ചത്. അതിനിടെ ഓപ്പറേഷന്‍ ഗംഗയുടെ കീഴില്‍ യുക്രൈനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ ഇന്ത്യ തുടരുകയാണ്.
Recommended Video

ഹര്‍ദീപ് സിംഗ് പുരി, കിരണ്‍ റിജിജു, ജനറല്‍ (റിട്ട) വി കെ സിംഗ്, ജ്യോതിരാദിത്യ എം സിന്ധ്യ എന്നീ നാല് കേന്ദ്ര മന്ത്രിമാരുടെ മേല്‍നോട്ടത്തിലാണ് യുക്രൈനിനോട് ചേര്‍ന്നുള്ള രാജ്യങ്ങളിലെ ഒഴിപ്പിക്കല്‍ ശ്രമങ്ങള്‍ നടക്കുന്നത്. യുക്രൈനില്‍ നിന്നുള്ള രണ്ട് വ്യോമസേനാ വിമാനങ്ങള്‍ കൂടി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. രണ്ട് വിമാനങ്ങളിലായി 420 പേരാണ് ഉള്ളത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനായി പ്രധാനമന്ത്രി നരേ്ര്രന്ദമോദി ഇന്ന് വീണ്ടും ഉന്നതതല യോഗം ചേര്‍ന്നിട്ടുണ്ട്. ഇന്നും നാളെയുമായി 7,400 ലധികം വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. യുദ്ധത്തിന്റെ എട്ടാം ദിനമായ ഇന്ന് റഷ്യ യുക്രൈനില്‍ കനത്ത നാശ നഷ്ടമാണ് വിതയ്ക്കുന്നത്.












Click it and Unblock the Notifications