മഹാരാഷ്ട്രയിലും ഹരിയാനയിലും കണ്ടത് ഡല്‍ഹിയിലും ആവർത്തിക്കും; ബിജെപി വന്‍ വിജയം നേടും: പിയൂഷ് ഗോയല്‍
ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ ആരോപണ-പ്രത്യാരോപണങ്ങളും അവകാശ വാദങ്ങളുമായി കളം നിറയുകയാണ് നേതാക്കള്‍. മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളെപ്പോലെ ഡൽഹിയിലും ബി ജെ പി വൻ വിജയത്തിലേക്ക് നീങ്ങുകയാണെന്നാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പരസ്യപ്രചരണത്തിന്റെ അവസാന നിമിഷങ്ങളില്‍ അവകാശപ്പെടുന്നത്.
ബി ജെ പി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ കേന്ദ്ര മന്ത്രി ഭരണ കക്ഷിയായ എ എ പിക്കെതിരെ രൂക്ഷമായ ആരോപണങ്ങളും അഴിച്ചുവിട്ടു. എ എ പിയുടെ നേതൃത്വത്തിലുള്ള സർക്കാർ തലസ്ഥാനത്തെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളവും വായുവും നിഷേധിക്കുകയാണ്. യമുന നദി പുനരുജ്ജീവിപ്പിക്കൽ പോലുള്ള വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ അവർ പൂർണ്ണായി പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

'എല്ലാ വിഭാഗം ജനങ്ങൾക്കും നരേന്ദ്ര മോദിയിലും അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളിലും വിശ്വാസമുണ്ട്. ഫെബ്രുവരി 5 ബി ജെ പിക്ക് ഒരു നാഴികക്കല്ലായിരിക്കും. ഡൽഹിയിലെ ജനങ്ങൾക്ക് അത് ഒരു സുവർണ്ണ ദിനവുമായിരിക്കും. ഡൽഹിയിൽ പോരാട്ടങ്ങളിൽ ഏർപ്പെടുകയോ വികസനം തടസ്സപ്പെടുത്തുകയോ ചെയ്യുന്നതിനുപകരം, ജനങ്ങൾക്ക് ഇപ്പോൾ വേണ്ടത് ജനങ്ങൾക്ക് സേവനം നൽകുന്ന ഒരു സർക്കാരാണ്' കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പറഞ്ഞു.
മഹാരാഷ്ട്രയിലേയും ഹരിയാനയിലേയും തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബി ജെ പിക്ക് ബുദ്ധിമുട്ടാണെന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ രണ്ടിടത്തും പാർട്ടി മികച്ച വിജയം നേടി. സമാനമായ രീതിയില്‍ ഡൽഹിയിലെ എല്ലാ സീറ്റുകളിലും ബിജെപി വൻ ഭൂരിപക്ഷം നേടാൻ ഒരുങ്ങിയിരിക്കുകയാണ്. പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി മേധാവി ജെ പി നദ്ദ എന്നിവർ നടത്തിയ യോഗങ്ങളിൽ കണ്ട വലിയ ജനക്കൂട്ടം ഇതിന് ഏറ്റവും മികച്ച ഉദാഹരണാണ്.
പൂർവാഞ്ചല്‍ നിവാസികള്‍, ഉത്തരാഖണ്ഡില്‍ നിന്നുള്ളവർ, മറ്റ് കുടിയേറ്റ സമൂഹങ്ങൾ, ഡൽഹി സ്വദേശികൾ എന്നിവരുൾപ്പെടെ ഡൽഹിയില്‍ വോട്ടുള്ള എല്ലാ വിഭാഗം ജനങ്ങളും ബി ജെ പിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഫലം പുറത്ത് വരുമ്പോള്‍ ബി ജെ പി സ്ഥാനാർത്ഥികള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പീയൂഷ് ഗോയല്‍ അവകാശപ്പെട്ടു.
വോട്ടെടുപ്പ് അഞ്ചിന്
ഒറ്റഘട്ടമായി ഫെബ്രുവരി അഞ്ചിന് രാജ്യതലസ്ഥാനത്തെ 70 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. എ എ പിയേയും അരവിന്ദ് കെജ്രിവാളിനേയും സംബന്ധിച്ച് അധികാരം നിലനിർത്തല്‍ ഏറെ പ്രധാനമാണ്. മറുവശത്ത് ബി ജെ പിയാകട്ടെ 1993 ന് ശേഷം രാജ്യതലസ്ഥാനത്ത് അധികാരം പിടിക്കാനുള്ള സുവർണ്ണാവസരമായിട്ടാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന് കാണുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മികച്ച വിജയത്തോടെ എ എ പി തലസ്ഥാന ഭരണം നിലനിർത്തുകയായിരുന്നു. 70 ല്‍ 62 സീറ്റുകളും എ എ പി നേടിയപ്പോള്‍ ബി ജെ പിക്ക് ലഭിച്ചത് 7 സീറ്റുകള്‍ മാത്രമാണ്. കോണ്‍ഗ്രസിനാകട്ടെ ഒരു സീറ്റ് പോലും നേടാനായില്ല. 2015 ല്‍ എ എ പി 67, ബി ജെ പി 3, കോണ്‍ഗ്രസ് 0 എന്നിങ്ങനെയായിരുന്നു സീറ്റ് നില.












Click it and Unblock the Notifications