ഓരോ പ്രവര്‍ത്തിയും അത്ഭുതം കാണിച്ച് കോണ്‍ഗ്രസ്; രാജീവ് ഭവനും കുടിയേറ്റ തൊഴിലാളികള്‍ക്ക് അഭയകേന്ദ്രം
ദില്ലി: കൊറോണ വൈറസ് ബാധക്ക് പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുകയാണ് അതിഥി തൊഴിലാളികള്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സമയം മുതല്‍ കോണ്‍ഗ്രസ് അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഉയര്‍ത്തികാട്ടുന്നുണ്ട്. പലപ്പോഴായുള്ള കോണ്‍ഗ്രസിന്റെ ഇടപെടലുകളും നിര്‍ണ്ണായകമായിരുന്നു.
കുടിയേറ്റ തൊഴിലാളികളുടെ യാത്ര ചെലവ് ഏറ്റെടുത്തത് മികച്ച നീക്കമായിരുന്നു. സംസ്ഥാനങ്ങളിലേക്ക് മടങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലേക്ക് രാഹുല്‍ ഗാന്ധിയെത്തിയതും കയ്യടി നേടി. ഇപ്പോഴിത നിര്‍ണ്ണായകമായ മറ്റൊരു ഇടപെടല്‍ കൂടി നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസ്
കൊറാണ പ്രതിസന്ധിക്കിടെ സ്വന്തം നാടുകളിലേക്ക് കാല്‍നടയായി മങ്ങി പോകുന്ന തൊഴിലാളികള്‍ക്കാണ് കോണ്‍ഗ്രസ് കൈത്താങ്ങായിരിക്കുന്നത്. ദില്ലി ഐടിഒക്ക് സമീപമുള്ള ദില്ലി കോണ്‍ഗ്രസ് യൂണിറ്റ് ഓഫീസ് തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള കേന്ദ്രമായി മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്.

രാജീവ് ഭവന്‍
ദില്ലിയിലെ രാജീവ് ഭവന്‍ കേന്ദ്രത്തില്‍ ഒരേ സമയം അമ്പത് പേര്‍ക്ക് തങ്ങാന്‍ കഴിയും. താമസ സൗകര്യത്തിന് പുറമേ ഇവര്‍ക്ക് മൂന്ന് നേരം ഭക്ഷണത്തിനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്. ഒപ്പം സാനിറ്റൈസറും മാസ്‌കും ആവശ്യാനുസരണം വിതരണം ചെയ്തിട്ടുണ്ടെന്ന് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ അനില്‍ ചൗധരി പറഞ്ഞു. അവരുടെ യാത്ര ചെലവും കോണ്‍ഗ്രസ് വഹിക്കുമെന്ന് അനില്‍ ചൗധരി പറഞ്ഞു.

സാമൂഹിക അകലം
കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ നിബന്ധനകളും പാലിച്ചാണ് കോണ്‍ഗ്രസ് തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നതെന്ന് അനില്‍ ചൗധരി വ്യക്തമാക്കി. ശുചിത്വലും സാമൂഹിക അകലവും പാലിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

അതിര്‍ത്തിയില്‍
ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ദില്ലിയിലേക്ക് പ്രവേശിക്കുന്നതും തിരികെ പോകുന്നതുമായ അതിര്‍ത്തികളില്‍ അനില്‍ ചൗധരി സന്ദര്‍ശിച്ചിരുന്നു. ഇത് വഴി സ്വന്തം നാടുകളിലേക്ക് പോകുന്ന തൊഴിലാളികള്‍ക്ക് പ്രവേശിക്കുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും ആവശ്യമായ സൗകര്യം ഒരുക്കുന്നതിനായി പ്രവര്‍ത്തകരെ നിയോഗിച്ചിരിക്കുകയാണ്.

വിശപ്പുള്ളവരെ സേവിക്കല്‍
ഇത്തരത്തില്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് കടക്കുന്ന അതിഥി സംസ്ഥാനതൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണം. വെള്ളം, മാസ്‌ക്, സാനിറ്റൈസര്‍, സാനിറ്ററി പാഡുകള്‍, ഫറ്റ് എയിഡ് എന്നിവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്യും. പാര്‍ട്ടിയുടെ ലക്ഷം വിശപ്പുള്ളവരെ സേവിക്കലാണെന്നും അവരുടെ കഷ്ടപാടുകള്‍ ലഘൂകരിക്കലാണെന്നും അനില്‍ ചൗധരി വ്യക്തമാക്കി.

കെജ്‌രിവാളിന് കത്ത്
ദില്ലിയില്‍ നിന്നും സ്വന്തം നാടുകളിലേക്ക് പോകാന്‍ താല്‍പര്യമുള്ള തൊഴിലാളികള്‍ക്കായി ട്രെയിനോ ബസോ ഏര്‍പ്പെടത്തണമെന്നും അവരുടെ യാത്ര ചെലവ കോണ്‍ഗ്രസ് വഹിക്കുമെന്നും അറിയിച്ചുകൊണ്ട് പാര്‍ട്ടി അരവിന്ദ് കെജ്രിവാളിന് കത്തയച്ചിട്ടുണ്ടെന്നും എന്നാല്‍ അതിന് ഇതുവരേയും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

രാഹുല്‍ഗാന്ധി
കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി കുടിയേറ്റ തൊഴിലാളികളുമായി സംസാരിച്ചിരുന്നു. തെക്ക് കിഴക്കന്‍ ദില്ലിയിലെ സുഖ്‌ദേവ് വിഹാര്‍ ഫ്‌ളൈ ഓവറിന് കീഴില്‍ തങ്ങുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുമായാണ് രാഹുല്‍ സംസാരിച്ചത്.ഫൂട്ട്പാത്തില്‍ തൊഴിലാളികള്‍ക്കൊപ്പം മാസ്‌ക് ധരിച്ച് ഇരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിട്ടുണ്ട്. യുപിയിലേക്കും മധ്യപ്രദേശിലേക്കും മടങ്ങുന്ന തൊഴിലാളികളായിരുന്നു ഇവര്‍.