മദ്യനയ അഴിമതി; ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റില്‍
മദ്യ നയത്തില്‍ വലിയ അഴിമതി നടന്നുവെന്നാണ് സിബിഐ ആരോപിക്കുന്നു. തന്നെ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതായി നേരത്തെ തന്നെ സിസോദിയ ആരോപിച്ചിരുന്നു.

ദില്ലി: മദ്യനയ അഴിമതി കേസില്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റില്‍. സിബിഐയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തെ ഇന്ന് രാവിലെ ചോദ്യം ചെയ്യാനായി സിബിഐ വിളിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് വൈകീട്ടോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മദ്യ നയത്തില്‍ വലിയ അഴിമതി നടന്നുവെന്നാണ് സിബിഐ ആരോപിക്കുന്നു. തന്നെ കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതായി നേരത്തെ തന്നെ സിസോദിയ ആരോപിച്ചിരുന്നു. ദില്ലി സര്‍ക്കാര്‍ നേരത്തെ പിന്‍വലിച്ചതാണ് ഈ മദ്യനയം.
വലിയ ആരോപണങ്ങളെ തുടര്‍ന്നായിരുന്നു ഈ തീരുമാനം പിന്‍വലിച്ചത്.എട്ട് മണിക്കൂറില്‍ അധികം സിസോദിയയെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റുണ്ടാവുന്നത്. താന്‍ ഏഴോ എട്ടോ മാസം ജയിലില്‍ കിടക്കാന്‍ തയ്യാറാണെന്ന് സിസോദിയ നേരത്തെ പറഞ്ഞിരുന്നു.

ജയിലില്‍ കിടക്കേണ്ടി വരുന്നത് കാര്യമാക്കുന്നില്ല. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഭഗത് സിംഗിന്റെ അനുനായിയാണ് താനൊന്നും സിസോദിയ ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം സിസോദിയയുടെ അറസ്റ്റിനെ തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ ദില്ലി പോലീസ് വേണ്ട സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയിരുന്നു. സുരക്ഷാ സംഘത്തെ സിസോദിയയുടെ വീടിന് പുറത്ത് നിയോഗിച്ചിരുന്നു. ഒപ്പം സിബിഐ ഓഫീസിന് പുറത്തും സംഘത്തെ വിന്യസിച്ചിരുന്നു.
ഇന്ന് രാവിലെ എഎപിയുടെ പ്രതിഷേധപ്രകടനം ഉണ്ടായിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. എഎപിയുടെ നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിസോദിയയുടെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.
രാജ്യത്തിനും സമൂഹത്തിനും വേണ്ടി നിങ്ങള്‍ ജയിലില്‍ പോകുന്നത് ശാപമല്ല, അതൊരു വലിയ കാര്യമാണ്. ജയിലില്‍ നിന്ന് നിങ്ങള്‍ വേഗത്തില്‍ പുറത്തുവരാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ കുട്ടികളും, രക്ഷിതാക്കളും, ദില്ലിയിലുള്ളവരും തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച്ച ചോദ്യം ചെയ്യലിനായി സിസോദിയയോട് ഹാജരാവാന്‍ സിബിഐ ആവശ്യപ്പെട്ടത്. പക്ഷേ ഹാജരാവാന്‍ കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു സിസോദിയ. ദില്ലി ബജറ്റ് വിഷയം ചൂണ്ടിക്കാണിച്ചായിരുന്നു കൂടുതല്‍ സമയം ചോദിച്ചത്.
എഎപി സര്‍ക്കാരില്‍ ധനകാര്യ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. തന്നെ ചോദ്യം ചെയ്യാനുള്ള തീരുമാനത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിസോദിയ ആരോപിച്ചിരുന്നു.
ദില്ലിയില്‍ പുതിയ മദ്യനയം കൊണ്ടുവരാന്‍ സിസോദിയ അടക്കമുള്ളവര്‍ ശ്രമിച്ചെന്നും, അതില്‍ അഴിമതിയുണ്ടെന്നുമാണ് ആരോപണം. കുറ്റപത്രത്തില്‍ ഏഴ് പേരുകളാണ് ഉള്ളത്. മനീഷ് സിസോദിയയുടെ പേര് അതില്‍ ഇല്ല.












Click it and Unblock the Notifications