ദില്ലിയിലെ തീപിടുത്തം; കെട്ടിടത്തിന് എൻഒസി ഇല്ല..കമ്പനി ഉടമകൾ അറസ്റ്റിൽ
ദില്ലി; ദില്ലിയില്‍ മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 26 പേര്‍ വെന്ത് മരിച്ച സംഭവത്തിൽ തീ പിടുത്തമുണ്ടായ കമ്പനിയുടെ ഉടമകളെ അറസ്റ്റ് ചെയ്ത് പോലീസ്. അരുൺ ഗോയൽ , സതീഷ് ഗോയൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം കെട്ടിടത്തിന്റെ ഉടമസ്ഥൻ മനീഷ് ലക്ര ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു. കെട്ടിടത്തിന് എൻ ഒ സി ഉണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
കെട്ടിടത്തിന്റെ ഉടമസ്ഥൻ മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന മനീഷ് ലക്രയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലക്ര ഇപ്പോൾ ഒളിവിലാണ്, ഇയാളെ ഉടൻ പിടികൂടും.' എന്ന് ഡിസിപി സമീർ ശർമ്മ പറഞ്ഞു. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മിക്ക ഫാക്ടറികൾക്കും എൻ ഒസി ഇല്ലെന്നും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് ഇവ പ്രവർത്തിക്കുന്നതെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം വഹിച്ച അഗ്നിശമനാ ഉദ്യോഗസ്ഥർ പറഞ്ഞു.

ദില്ലി മുണ്ടയിലെ മൂന്ന് നില കെട്ടിടത്തിന് വെള്ളിയാഴ്ച വൈകീട്ടോടെയാണ് തീപിടിച്ചത്. മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപത്തുള്ള സിസിടിവി ക്യാമറകളും റൗട്ടറും നിർമ്മിക്കുന്ന എസ്ഐ ടെക്നോളജീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. 30 ഓളം ഫയർ എഞ്ചിൻ എത്തിയാണ് പ്രദേശത്തെ തീയണച്ചത്. നിലവിൽ 12 ഓളം പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. സംഭവത്തിൽ നിരവധി പേരെ കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല.ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
തീപിടുത്തത്തിൽ മരിച്ചവരെ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന വേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത നിലയിൽ പൂർണമായും കത്തി നശിച്ചിരുന്നു.












Click it and Unblock the Notifications