കോടതിയില്‍ പരാതിയുമായി സിസോദിയ; സിബിഐക്ക് നിര്‍ദേശവുമായി കോടതി, കസ്റ്റഡി തുടരും
കോടതിക്ക് പുറത്ത് വലിയ പ്രതിഷേധമാണ് എഎപി പ്രവര്‍ത്തകര്‍ നടത്തിയത്. പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയുടെ റിമാന്റ് കാലാവധി നീട്ടി. സിബിഐ കസ്റ്റഡിയില്‍ അദ്ദേഹം രണ്ടു ദിവസം കൂടി തുടരും. തിങ്കളാഴ്ച സിസോദിയയെ ഹാജരാക്കണമെന്ന് കോടതി സിബിഐയ്ക്ക് നിര്‍ദേശം നല്‍കി. മൂന്ന് ദിവസം കസ്റ്റഡി വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്. ഇക്കാര്യം കോടതി അംഗീകരിച്ചില്ല.
പ്രത്യേക കോടതി ജഡ്ജി എംകെ നാഗ്പാല്‍ ആണ് മനീഷ് സിസോദിയയുടെ ജാമ്യ ഹര്‍ജി പരിഗണിച്ചത്. രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരമുള്ള തെളിവെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്, ചോദ്യം ചെയ്യല്‍ കഴിഞ്ഞു, ഇനിയും കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുത് എന്ന് സിസോദിയയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി നിരസിച്ചു. നേരത്തെ സിസോദിയയെ മൂന്ന് ദിവസമാണ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. ഇന്ന് രണ്ടു ദിവസം കൂടി നീട്ടി. ഇനി തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ഈ വേളയില്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എഎപി.
സിബിഐ കസ്റ്റഡിയില്‍ നേരിട്ട പീഡനം സംബന്ധിച്ച് സിസോദിയ കോടതിയെ ബോധിപ്പിച്ചു. അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത് അന്വേഷണ ഏജന്‍സിയുടെ വീഴ്ചയാണെന്ന് സിസോദിയയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇക്കാരണം കൊണ്ട് റിമാന്റ് കാലാവധി നീട്ടിക്കൊണ്ടുപോകരുതെന്നും അഭിഭാഷകന്‍ വാദിച്ചു. ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്ന് സിസോദിയ പറഞ്ഞു. ചോദ്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഈ വേളയില്‍ കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി.
ഡല്‍ഹിയിലെ മദ്യനയ കേസിലാണ് സിസോദിയ അറസ്റ്റിലായിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയാണ് അദ്ദേഹം. വിവാദമായതിനെ തുടര്‍ന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന മദ്യ നയം റദ്ദാക്കിയിരുന്നു. സിബിഐ അന്വേഷണത്തിന് അനുമതി നല്‍കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് ചോദ്യം ചെയ്യലിന് ശേഷം സിസോദിയയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച മന്ത്രി പദവി അദ്ദേഹം രാജിവച്ചു. അറസ്റ്റ് തടയണമെന്ന് സുപ്രീംകോടതിയില്‍ സിസോദിയ ആവശ്യപ്പെട്ടിരുന്നു എങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
കോടതിയില്‍ സിസോദിയയുടെ ജാമ്യ ഹര്‍ജി വാദം കേള്‍ക്കുന്ന സമയം എഎപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. വന്‍ സുരക്ഷയാണ് പോലീസ് ഒരുക്കിയത്. കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ മുദ്രാവാക്യം വിളിച്ചാണ് എഎപി പ്രവര്‍ത്തകരെത്തിയത്.












Click it and Unblock the Notifications