ഒളിച്ചോടി വിവാഹം കഴിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പകവീട്ടല്‍; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു, ക്രൂരത
ദില്ലി: രാജ്യ തലസ്ഥാനത്ത് നിന്നും ഒരു ഞെട്ടിക്കുന്ന ക്രൂരതയുടെ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഒളിച്ചോടി വിവാഹം കഴിച്ചതിന് പ്രതിശ്രുത വരന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചുമാറ്റി. ഡിസംബര്‍ 22ന് ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ ഏരിയയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേസില്‍ കൊലപാതക ശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അഡീഷണല്‍ ഡിസിപി (വെസ്റ്റ്) പ്രശാന്ത് ഗൗതം പറഞ്ഞു. 22 കാരനായ യുവാവിന്റെ നില അതീവഗുരുതരമാണ്. അദ്ദേഹത്തെ ഇപ്പോള്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവാവും പെണ്‍കുട്ടിയും വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ദില്ലിയില്‍ നിന്ന് പുറത്തേക്ക് പോയി വിവാഹം കഴിക്കുകയായിരുന്നു. വിവാഹശേഷം ഡിസംബര്‍ 22ന് ഡല്‍ഹിയിലേക്ക് മടങ്ങിയ ഇരുവരും പോലീസ് സംരക്ഷണം തേടിയിരുന്നു. സംരക്ഷണം തേടി ദമ്പതികള്‍ രജൗരി പോലീസ് സ്റ്റേഷനിലെത്തിയ വിവരം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ അറിയുകയും ദമ്പതികള്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും സ്വകാര്യഭാഗങ്ങള്‍ മുറിച്ചുമാറ്റുകയും ചെയ്യുകയായിരുന്നു.

അതേസമയം, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെ, ദില്ലിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു സംഭവത്തില്‍, സംഗം വിഹാര്‍ പ്രദേശത്ത് മോഷണശ്രമം ചെറുക്കുന്നതിന് 24 കാരനെ മര്‍ദിച്ച് കൊല്ലുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ദില്ലി പൊലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.