അരവിന്ദ് കെജ്രിവാള്‍ പുറത്തിറങ്ങില്ല: സിബിഐ കേസിലെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ സിബിഐ കസ്റ്റഡയില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രിയും എ എ പി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. സി ബി ഐ കേസില്‍ ജാമ്യം തേടികൊണ്ടുള്ള അരവിന്ദ് കെജ്രിവാളിന്റെ അപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. സി ബി ഐക്ക് അരവിന്ദ് കെജ്‌രിവാളിനെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാവശ്യമായ തെളിവുകളില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മനു അഭിഷേഖ് സിംഗ്വി വാദിച്ചെങ്കിലും ജാമ്യം അനുവദിക്കാന്‍ സ്റ്റിസ് നിന ബന്‍സാല്‍ കൃഷ്ണ അധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല.
കേസിൽ ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാൻ ഡൽഹി മുഖ്യമന്ത്രിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാല്‍ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കെജ്‌രിവാളിൻ്റെയും സിബിഐയുടെയും അഭിഭാഷകരുടെ വാദം കേട്ട ശേഷം ജൂലൈ 29 ന് എ എ പി നേതാവിൻ്റെ ജാമ്യാപേക്ഷയിൽ ഉത്തരവ് പറയാന്‍ ഹൈക്കോടതി മാറ്റുകയായിരുന്നു.

എക്സൈസ് നയക്കേസിലെ അഴിമതിയുടെ സൂത്രധാരൻ ഡല്‍ഹി മുഖ്യമന്ത്രിയാണെന്നും വിട്ടയച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ആരോപിച്ച് കെജ്രിവാളിൻ്റെ ജാമ്യാപേക്ഷയെ അന്വേഷണ ഏജൻസി ശക്തമായ ഭാഷയില്‍ എതിർത്തിരുന്നു. "അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനാവില്ല. ഒരു മാസത്തിനുള്ളിൽ ഞങ്ങൾ കുറ്റപത്രം സമർപ്പിച്ചു," സിബിഐയുടെ അഭിഭാഷകൻ പറഞ്ഞു.
അതേസമയം, തെളിവുകളില്ലെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി ജയിലില്‍ കഴിയുന്നത് ഉറപ്പാക്കാന്‍ വേണ്ടിയാണ് സി ബി ഐയുടെ അറസ്റ്റ് എന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകന്റെ വാദം. സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിച്ചിരുന്നെങ്കില്‍ അരവിന്ദ് കെജ്‌രിവാളിന് തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാമായിരുന്നു.
എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അരവിന്ദ് കെജ്‌രിവാളിന് നേരത്തെ സുപ്രീം കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. മദ്യനയക്കേസിൽ മാർച്ച് 21 നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. 21 ദിവസത്തെ ജാമ്യമായിരുന്നു ലഭിച്ചത്.
തിരഞ്ഞെടുപ്പ് ഫലം വരും വരെ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജൂൺ 2 ന് കീഴടങ്ങാൻ കോടതി നിർദ്ദേശിച്ചു. ഇതിനിടയിൽ ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. തുടർന്ന് ജൂൺ 2 ന് അദ്ദേഹം തിഹാർ ജയിലിൽ കീഴടങ്ങുകയും ചെയ്തു.












Click it and Unblock the Notifications