ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം: 4.0 തീവ്രത; ഫ്ലാറ്റുകളില്‍ നിന്ന് ഇറങ്ങിയോടി ആളുകള്‍
ഡല്‍ഹി: ഡല്‍ഹില്‍ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ടത്. പുലർച്ചെ 5:36 ഓടെയായിരുന്നു സംഭവം. ഡല്‍ഹി പ്രഭവകേന്ദ്രമായി വടക്കേ ഇന്ത്യയിലുടനീളം ഭൂചലനം അനുഭവപ്പെട്ടതായി രാജ്യത്തെ ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ നോഡൽ ഏജൻസിയായ നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
5 കിലോമീറ്റർ മാത്രമായിരുന്നു ഭൂചലനത്തിന്റെ വ്യാപ്തിയെന്നും ധൗള കുവാനിലെ ദുർഗാഭായ് ദേശ്മുഖ് കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷന് സമീപമായിരുന്നു പ്രഭവകേന്ദ്രമെന്നും ഒരു ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. മേഖലയില്‍ രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ നേരിയ ഭൂചലനങ്ങള്‍ അനുഭവപ്പെടാറുണ്ട. 2015 ൽ ഇവിടെ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്ത് ഭൂകമ്പം ഉണ്ടായപ്പോൾ വലിയ ശബ്ദം കേട്ടതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഡൽഹിയിൽ "ശക്തമായ ഭൂകമ്പം ഉണ്ടായി" എന്നും എല്ലാവരും സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും ഡൽഹി ആക്ടിംഗ് മുഖ്യമന്ത്രി അതിഷിയും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ആളുകള്‍ പരിഭ്രാന്തരായി വീടിന് പുറത്തേക്ക് ഓടിയെങ്കിലും ഇതുവരെ ആളപായമെന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) ഭൂകമ്പ മേഖലാ ഭൂപടത്തിലെ ഉയർന്ന ഭൂകമ്പ മേഖലയിൽ (സോൺ IV) സ്ഥിതി ചെയ്യുന്ന ഡൽഹിയില്‍ ഇത്തരത്തില്‍ നേരിയ ഭൂചലനങ്ങള്‍ നിരന്തരം ഉണ്ടാകാറുണ്ട്. ജനുവരി 23 ന്, ചൈനയിലെ സിൻജിയാങ്ങിൽ 80 കിലോമീറ്റർ താഴ്ചയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് ഡൽഹി-എൻസിആറിൽ ഉടനീളം ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് ജനുവരി 11 നും ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനും അനുഭവപ്പെട്ടിരുന്നു.












Click it and Unblock the Notifications