മനീഷ് സിസോദിയക്ക് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി നിരസിച്ചു, 'ഹൈക്കോടതിയില്‍ പോകൂ'
എഎപി ഉടന്‍ തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം

ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കനത്ത തിരിച്ചടി. ജാമ്യം തേടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി മടക്കി. ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി സിസോദിയക്ക് നിര്‍ദേശം നല്‍കി. ഹൈക്കോടതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സിസോദിയ ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് എഎപി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
മദ്യ നയ കേസില്‍ കഴിഞ്ഞ ദിവസമാണ് സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്തത്. ഏറെ നേരം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. തിങ്കളാഴ്ച അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയ വേളയില്‍ റിമാന്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയില്‍ വിശദമായി ചോദ്യം ചെയ്യണമെന്ന് സിബിഐ ആവശ്യപ്പെട്ടു. ഇക്കാര്യം കോടതി അംഗീകരിച്ചു. അഞ്ച് ദിവസം ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയും ചെയ്തു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് എഎപി ഡല്‍ഹിയില്‍ നടത്തിവരുന്നത്.
ഡല്‍ഹിയില്‍ മദ്യനയം നടപ്പാക്കിയതില്‍ വലിയ അഴിമതി നടന്നുവെന്നാണ് സിബിഐ കണ്ടെത്തല്‍. സിസോദിയക്ക് ഇതില്‍ പങ്കുണ്ടെന്നും സിബിഐ ആരോപിക്കുന്നു. ഞായറാഴ്ച ചോദ്യം ചെയ്യലിന് വിളിപ്പിക്കുകയും എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യുകയുമുണ്ടായി. സിസോദിയ നല്‍കുന്ന പല ഉത്തരങ്ങളും സംതൃപ്തിയുള്ളതല്ല എന്ന് സിബിഐ പറയുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയത്.
അതേസമയം, സുപ്രീംകോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാനാണ് എഎപിയുടെ തീരുമാനം. കേസില്‍ അറസ്റ്റിലായ ഉടനെ സുപ്രീംകോടതിയിലെത്തുന്നത് നിരുല്‍സാഹപ്പെടുത്തുകയാണ് കോടതി ചെയ്തത്. സിസോദിയക്ക് വേണ്ടി മനു അഭിഷേക് സിങ്‌വിയാണ് കോടതിയില്‍ ഹാജരായത്.
അതേസമയം, അറസ്റ്റിലായ എഎപി മന്ത്രിമാര്‍ രാജിവച്ചു. മനീഷ് സിസോദിയ, സത്യേന്ദ്ര ജെയ്ന്‍ എന്നിവരാണ് മന്ത്രിപദവി രാജിവച്ചത്. സത്യേന്ദ്ര ജെയ്ന്‍ നേരത്തെ അറസ്റ്റിലായിരുന്നു. രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നിയന്ത്രിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് എഎപി ആരോപിച്ചു. സിസോദിയയുടെ അറസ്റ്റിനെതിരെ സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രംഗത്തുവന്നു. എന്നാല്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് അറസ്റ്റിനെ അനുകൂലിക്കുകയാണ് ചെയ്തത്.


Click it and Unblock the Notifications