മദ്യനയക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ കെജ്രിവാൾ, മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കും
ഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് വേണ്ടി ആവശ്യപ്പെട്ടാണ് ഇഡി കെജ്രിവാളിന് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിന് ഹാജരായാല്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്ന് എഎപി പ്രതികരിച്ചിരുന്നു.
എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി കെജ്രിവാള്‍ ഇഡിക്ക് കത്ത് നല്‍കി. തനിക്ക് ഇഡി അയച്ച നോട്ടീസ് രാഷ്ട്രീയ പ്രേരിതമവും നിയമവിരുദ്ധവും ആണെന്നും അതിനാല്‍ നോട്ടീസ് പിന്‍വലിക്കണം എന്നും കത്തില്‍ കെജ്രിവാള്‍ ആവശ്യപ്പെട്ടു. കെജ്രിവാള്‍ ഹാജരാകാത്ത പശ്ചാത്തലത്തില്‍ ഇഡി വീണ്ടും നോട്ടീസ് അയച്ചേക്കും.

അതേസമയം കെജ്രിവാള്‍ ഇന്ന് മധ്യപ്രദേശില്‍ ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. സിംഗ്രോളിയില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം കെജ്രിവാള്‍ ആപ്പിന്റെ റോഡ് ഷോ നയിക്കും എന്നാണ് വിവരം. വിവാദമായ ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുളളവര്‍ പ്രതികളാണ്. സുപ്രീം കോടതി കഴിഞ്ഞ ദിവസം സിസോദിയയ്ക്ക് ജാമ്യം നിഷേധിച്ചിരുന്നു.
2021-22ലെ ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയ രൂപീകരണത്തില്‍ അഴിമതി നടന്നുവെന്നാണ് ആരോപണം. ചില മദ്യക്കച്ചവടക്കാര്‍ക്ക് വേണ്ടി എഎപി സര്‍ക്കാര്‍ ക്രമക്കേട് നടത്തിയെന്നും അതിലൂടെ ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി രൂപ ലഭിച്ചുവെന്നും ഇഡി പറയുന്നു. ഏപ്രിലില്‍ ഈ കേസില്‍ കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. 9 മണിക്കൂറോളമാണ് കെജ്രിവാള്‍ അന്ന് ചോദ്യം ചെയ്യലിന് വിധേയമായത്. ഇഡി ആദ്യമായാണ് കെജ്രിവാളിനെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത്.












Click it and Unblock the Notifications