സ്റ്റാലിനെ കണ്ട് കെജ്രിവാള്‍, കേന്ദ്ര ഓര്‍ഡിനന്‍സില്‍ പിന്തുണയറിയിച്ച് ഡിഎംകെ
ചെന്നൈ: കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഓര്‍ഡിനന്‍സിനെതിരെയുള്ള പോരാട്ടത്തില്‍ ഡിഎംകെ എഎപിക്കൊപ്പം നില്‍ക്കുമെന്ന് സ്റ്റാലിന്‍ ഉറപ്പ് നല്‍കി. ഡല്‍ഹി സര്‍ക്കാരിനെതിരെയുള്ള കേന്ദ്ര ഓര്‍ഡിനന്‍സിനെ പരസ്പരം സംസാരിച്ചുവെന്ന് സ്റ്റാലിന്‍ പറഞ്ഞു.
തീര്‍ത്തും ജനാധിപത്യവിരുദ്ധവും, ഭരണഘടനാവിരുദ്ധവുമാണ് ഈ ഓര്‍ഡിനന്‍സ്. ഡിഎംകെ ഈ വിഷയത്തില്‍ ആംആദ്മി പാര്‍ട്ടിക്കും, ഡല്‍ഹിയിലെ ജനങ്ങള്‍ക്കുമൊപ്പം നില്‍ക്കുമെന്നും ഇരുവരും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ബിജെപി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ ഡിഎംകെ ശക്തമായി എതിര്‍ക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. അരവിന്ദ് കെജ്രിവാള്‍ തന്റെ നല്ല സുഹൃത്താണ്. ഡല്‍ഹിയെയും, എഎപിയെയും ബിജെപി സര്‍ക്കാര്‍ സമ്മര്‍ദത്തിലാക്കുകയാണ്. ലെഫ്. ഗവര്‍ണറെയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതിനെ ശക്തമായി എതിര്‍ക്കും.
മറ്റ് നേതാക്കളുടെ നിലപാടുകള്‍ എന്താണെന്ന് അന്വേഷിച്ചിട്ടുണ്ട്. എല്ലാ നേതാക്കളോടും അരവിന്ദ് കെജ്രിവാളിനെ ഈ വിഷയത്തില്‍ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുകയണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. നേരത്തെ ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടി വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ കെജ്രിവാള്‍ കണ്ടിരുന്നു.
നേരത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, എന്‍സിപി നേതാവ് ശരത് പവാര്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു എന്നിവരെ കെജ്രിവാള്‍ അതാത് സംസ്ഥാനങ്ങളിലെത്തി കണ്ടിരുന്നു. കെജ്രിവാളിനൊപ്പം തമിഴ്‌നാട്ടിലേക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, അതീഷി, രാഘവ് ചദ്ദ തുടങ്ങിയ പ്രമുഖരും ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും, രാഹുല്‍ ഗാന്ധിയെയും കാണാനുള്ള സമയം തേടിയിട്ടുണ്ട്. അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. കോണ്‍ഗ്രസ് ഞങ്ങളെ പിന്തുണയ്ക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.
പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടിരുന്നു. കേന്ദ്ര ഓര്‍ഡിന്‍സില്‍ എഎപിയെ കോണ്‍ഗ്രസ് പിന്തുണയ്ക്കരുതെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അരവിന്ദ് കെജ്രിവാളുമായി കോണ്‍ഗ്രസ് നേതൃത്വം ബന്ധം പുലര്‍ത്തരുതെന്നാണ് നിര്‍ദേശം.
ബിജെപിയുടെ ബിടീമാണ് അവരെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ഡല്‍ഹിയിലും, പഞ്ചാബിലും മാത്രമല്ല, പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന്റെ സാധ്യതകളെ ഇല്ലാതാക്കുന്നതില്‍ വലിയ പങ്ക് എഎപിക്ക് ഉണ്ടെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അതേസമയം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെയാണ് അടുത്തതായി കെജ്രിവാള്‍ കാണുക.












Click it and Unblock the Notifications