207.71 മീറ്റര്‍, യമുനയിലെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡില്‍; അമിത് ഷായ്ക്ക് കത്തെഴുതി കെജ്രിവാള്‍
ന്യൂഡല്‍ഹി: കനത്ത മഴ ഡല്‍ഹിയില്‍ തുടരുന്നതിനിടെ യമുനാ നദിയിലെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍. 207.71 മീറ്ററായിട്ടാണ് ബുധനാഴ്ച്ച ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നത്. 1978ല്‍ 207.49 മീറ്റര്‍ ആയി ജലനിരപ്പ് ഉയര്‍ന്നതായിരുന്നു നേരത്തെയുള്ള റെക്കോര്‍ഡ്. അപകടകരമായ നിലയിലേക്ക് ജലനിരപ്പ് ഉയര്‍ന്നതോടെ തലസ്ഥാന നഗരി പ്രളയഭീതിയിലാണ്. യമുനയിലെ ജലനിരപ്പ് ഇനിയും ഉയരുമെന്നാമ് മുന്നറിയിപ്പ്.
പ്രളയബാധിത മേഖലകളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹി പോലീസ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിരിക്കുകയാണ്. ഏത് നിമിഷം നഗരം വെള്ളത്തില്‍ മുങ്ങാമെന്ന് കത്തില്‍ അറിയിച്ചിരിക്കുന്നത്.ഹരിയാനയിലെ ഹാഥ്‌നികുണ്ഡ് ബരേജില്‍ നിന്ന് വലിയ അളവില്‍ വെള്ളം തുറന്നുവിട്ടതാണ് ഇത്രത്തോളം യമുന നദിയിലെ ജലനിരപ്പ് ഉയരാന്‍ കാരണമെന്ന് കെജ്രിവാള്‍ കത്തില്‍ പറയുന്നു.

കത്തിന്റെ പകര്‍പ്പ് കെജ്രിവാള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ബരേജില്‍ നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ അളവ് നിയന്ത്രിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. യുമനയിലെ ജലനിരപ്പ് സര്‍വകാല റെക്കോര്‍ഡിലെത്തിയതോടെ അടിയന്തര യോഗവും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തു. നദിയുടെ സമീപത്തുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അതേസമയം ഡല്‍ഹി നഗരത്തിലേക്ക് വെള്ളം കൂടുതലായി വന്നുകൊണ്ടിരിക്കുകയാണ്. പലയിടത്തും വെള്ളം കയറി ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. കശ്മീരി ഗേറ്റിനടുത്തുള്ള മൊണാസ്റ്ററി മാര്‍ക്കറ്റില്‍ വെള്ളം കയറിയിരിക്കുകയാണ്. ഇവിടെ നിന്ന് ആളുകളെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്. റിംഗ് റോഡിലേക്കും യമുനയില്‍ നിന്ന് വെള്ളം എത്തിയിരിക്കുകയാണ്. ഇവിടെ മണല്‍ ബാഗുകള്‍ സ്ഥാപിച്ചാണ് വെള്ളം കയറുന്നത് തടയാന്‍ അധികൃതര്‍ ശ്രമിച്ചിരിക്കുന്നത്.
ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ അധികൃതര്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. സാഹചര്യങ്ങളെ നേരിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ സജ്ജമാണെന്ന് ജലവകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു.കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നു. സാധ്യമായ എല്ലാ നടപടികള്‍ എടുത്തിട്ടുണ്ടെന്നും ഭരദ്വാജ് പറയുന്നു. യമുന നദിക്ക് സമീപത്തുള്ളവരെ മാറ്റി കൊണ്ടിരിക്കുകയാണ്. വെള്ളത്തിന്റെ അളവ് ഉയര്‍ന്ന് നഗരത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് മന്ത്രി അതീഷി അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ഓള്‍ഡ് റെയില്‍വേ ബ്രിഡ്ജിലെ ജലനിരപ്പ് 207 മീറ്റര്‍ പിന്നിട്ടുവെന്ന് കേന്ദ്ര ജലകമ്മീഷന്‍ അറിയിച്ചു. 2013ന് ശേഷം ഇത് ആദ്യമാണ്. രാവിലെ എട്ട് മണിയോടെ 207.25 മീറ്ററായിരുന്നു ഇവിടെ ജലനിരപ്പ്. കനത്ത മഴ തുടരുന്നതിനാലും, ഹരിയാനയില്‍ നിന്നുള്ള വെള്ളം എത്തുന്നതിനാലും ഡല്‍ഹിയിലെ ജലനിരപ്പ് കുറയാത്തതാണ് ആശങ്കയായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.












Click it and Unblock the Notifications